ഹാരിസ് ഖാൻ*
പണ്ട് ഗായകൻ ആവുക എന്നുള്ളതിനുള്ള മിനിമം യോഗ്യത യേശുദാസിനെ പോലെ പാടുക എന്നതായിരുന്നു. രൂപവും അങ്ങിനെയായാൽ ഏറെ നന്ന്…
യേശുദാസുള്ളപ്പോൾ അതു പോലെ പാടുന്ന മറ്റൊരു ശബ്ദം വേറെയെന്തിന് എന്ന് ആരും ചോദിച്ചതുമില്ല…
പാരഗണിലെ പോലൊരു ബിരിയാണി കൊടുക്കാൻ മറ്റൊരു കട തൊട്ടടുത്ത് തുറക്കേണ്ട ആവശ്യമില്ലല്ലോ? പാരഗൺ തന്നെ മതിയല്ലോ …
മാർക്കോസ്, ഉണ്ണിമേനോൻ സതീഷ് ബാബു, കാഞ്ഞങ്ങാട് രാമചന്ദൻ തൊട്ട് ഇങ്ങ് മധു ബാലകൃഷ്ണൻ വരെയുള്ളവരുടെ ബിരിയാണി കടകൾ പൂട്ടിപ്പോയത് അങ്ങിനെയാണ്…
നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും
പി ജയചന്ദ്രനിൽ വരെ ചെറിയ യേശുദാസുണ്ട്.
ഇടക്ക് അൽപം വിത്യസ്തമായ ശബ്ദവുമായി ബ്രഹ്മാനന്ദൻ “താരക രൂപിണിയുമായി” വന്നെങ്കിലും താടിയും വെള്ള ജുബ്ബയും ഇല്ലാഞ്ഞിട്ടോ എന്തോ, ക്ലച്ച് പിടിച്ചില്ല.ജലദോഷ പനി പിടിച്ച പോലെ വേറിട്ട ശബ്ദമുള്ള വേണുഗോപാലിനും പ്രതിഭക്കൊത്ത അവസരം കിട്ടിയില്ല.
പണ്ടേ വ്യത്യസ്തമായി പാടിയിരുന്ന
എ എം രാജ, കമുകറ പുരുഷോത്തമൻ,
കെ പി ഉദയഭാനു, ആൻറോ, കോഴിക്കോട് അബ്ദുൾ ഖാദർ തുടങ്ങിയവർ ഉണ്ടായിരുന്നു. അവർ വിത്യസ്തങ്ങളായ വേറിട്ട് തിരിച്ചറിയാവുന്ന വ്യക്തിത്വമുള്ള ശബ്ദങ്ങളുടെ ഉടമകളായിരുന്നു.
അവരുടെ പോരായ്മ ശബ്ദത്തിലെ വാർദ്ധക്യമായിരുന്നു.ഇഴച്ചിലായിരുന്നു ശബ്ദത്തിൽ യൗവ്വനത്തിൻെറ ആ തുടിപ്പ് മിസ്സിങ്ങായിരുന്നു ആ ഗ്യാപ്പിലേക്കാണ് യൗവ്വനയുക്തനായ പൗരുഷമുള്ള ശബ്ദവുമായി യേശുദാസ് വരുന്നത്. അരങ്ങ് വാഴുന്നത്…
ദേവരാജൻ തൊട്ട് എം ജയചന്ദ്രൻ വരെ നീണ്ട ആറ് പതിറ്റാണ്ട് കാലം ഒരു പരീക്ഷണങ്ങൾക്കും മുതിരാതെ
ആ ഒരേ ശബ്ദം മാത്രം നമ്മിൽ അടിച്ചേൽപ്പിച്ചു.സത്യനും, നസീറിനും, മധുവിനും, ഉമ്മറിനും, വിൻസൻറിനും, രാഘവനും, ജയനും, സോമനും, സുകുമാരനും ,രതീഷിനും, നെടുമുടിക്കും, മമ്മൂട്ടിക്കും, മോഹൻ ലാലിനും, കുഞ്ചാക്കോ ഗോപനും എല്ലാം ഒരേ ശബ്ദം…
ദിനവും ചോറും സാമ്പാറും തിന്ന് മടുത്ത മലയാളി സാമ്പാറിനെ തള്ളി പറയാതെ അടുത്ത വീട്ടിലെ തമിഴൻെറ കിണ്ണത്തിലേക്ക് എത്തി നോക്കി വെള്ളമിറക്കി. അവിടെ എസ് പി ബാലസുബ്രമഹ്ണ്യമായിരുന്നു കറി.
പ്രിയദർശനും ജോഷിയും യേശുദാസുമായി ഉടക്കിയപ്പോൾ എം ജി ശ്രീകുമാർ ഉയർന്ന് വന്നു. അദ്ദേഹത്തിൻെറ ശബ്ദം മോഹൻലാലുമായി ചേർന്ന് നിൽക്കുന്നതാണ് എന്നൊരു ധാരണ പരന്നത്. ആ ഒരൊറ്റ കാര്യം ആവറേജ് ഗായകനായ എം ജിക്ക് ഗുണകരമായി.
മലയാളിക്ക് സാമ്പാറിനൊപ്പം ചമ്മന്തി കൂടിയായി..
നീണ്ട ആറ് പതിറ്റാണ്ട് വേണ്ടിവന്നു ഗാനരംഗത്ത് തലമുറ മാറ്റം വരാൻ….
ഒരു കാലത്ത് യേശുദാസ് ഇല്ലാതായി പോയാൽ എന്താവും മലയാള ചലചിത്ര ഗാനരംഗം എന്നൊക്കെ നിങ്ങളെ പോലെ എനിക്കും ആകുലതകൾ ഉണ്ടായിരുന്നു.
നമ്മെ അങ്ങിനെ ചിന്തിപ്പിച്ചത് നമ്മുടെ മനസ്സിൻെറ ശീലങ്ങളോടുള്ള അടിമത്വമാണ്..
രാവിലെ കട്ടൻ ചായയും മാതൃഭൂമിയും കിട്ടിയില്ലേൽ ടോയിലറ്റിൽ പോവാൻ കഴിയാത്തവരില്ലേ? അതിനെയാണ് ശീലങ്ങളുടെ അടിമത്വം എന്ന് പറയുന്നത്.
കുറച്ച് ദിവസം കഴിഞ്ഞാൽ ചായയും മാറൂമിയും കിട്ടിയില്ലേലും ടോയിലറ്റിൽ പോവാം എന്ന അവസ്ഥയിലേക്ക് ശരീരം
പാകപ്പെടും റീ കണ്ടീഷൻ ചെയ്യപ്പെടും..
അങ്ങിനെയാണ് ഇന്ന് യേശുദാസില്ലേലും ഒരു കുഴപ്പവുമില്ല എന്ന കണ്ടീഷനിലേക്ക് നാമെത്തി ചേർന്നത്…
നീലത്താമര എന്ന സിനിമയിലെ
വി. ശ്രീകുമാർ പാടിയ “അനുരാഗവിലോച നനായി.. “ഉയരെ സിനിമയിലെ വിജയ് യേശുദാസിൻെറ “നീ മുകിലോ… ” ജോസഫിലെ “പൂമുത്തോളേ..” വിനീത് ശ്രീനിവാസൻെറ “മാമ്പുള്ളിക്കാവിൽ..” എന്നീ ഗാനങ്ങൾ കേട്ടിരിക്കുമ്പോൾ തോന്നും
ആ കാലത്തെ ഇതു പോലുള്ള എത്രയെത്ര വേറിട്ട നവ,യുവ ശബ്ദങ്ങളെയാണ് യേശുദാസ് എന്ന ശീലത്തിൻെറ പേരിൽ നാം അവഗണിച്ചു കളഞ്ഞത്.