മൻസൂർ നൈന*
കൊച്ചി – മട്ടാഞ്ചേരിയിൽ ചക്കാമാടം എന്ന സ്ഥലത്തിനുമുണ്ട് ഒരു കഥ പറയാൻ . ചരിത്രത്തിൽ പോലും ഇടമില്ലാതെ പോകുന്ന കറുത്തവരുടെ അവഗണിക്കപ്പെട്ട കഥ .
വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് കുടിയേറപ്പെട്ടവരായ യഹൂദന്മാരിൽ എന്നും അവഗണിക്കപ്പെട്ടവരായിരുന്നു കറുത്ത ജൂതന്മാർ .
ഇവർ മരണപ്പെട്ടാൽ മറമാടുന്നത് പോലും
പ്രത്തേകം വേറെ സ്ഥലത്താണ് അത്തരം സ്ഥലങ്ങൾക്കാണ്
ചക്കാമാടം എന്ന് പറയുക .
ഇവിടെ കറുത്ത ജൂതന്മാരെ മറമാടപ്പെട്ട ഒരു സ്ഥലമുണ്ട് . ഭൂപരിഷ്ക്കരണ നിയമം വന്നതിന് ശേഷം അതെല്ലാം കുറെയേറെ പൊളിച്ചു മാറ്റപ്പെട്ടു അവിടെയൊക്കെ ഇപ്പോ വീടുകളാണ് .
ഒരു ചെറു സ്മാരകം പോലെ എന്തൊ ഒന്ന് നിലനിർത്തിയിട്ടുണ്ട് അത് നെഹെമിയ ബെൻ എബ്രഹാം മോത്തയുടെ ശവകുടീരമാണ് .
കൊച്ചിയിലെ മലബാറി ജൂതന്മാരുടെ നേതാവായിരുന്നു ഇദ്ദേഹം . കറുത്ത ജൂത സമൂഹം വെളുത്ത ജൂതന്മാരാൽ അപമാനിക്കപ്പെട്ടിരുന്നതിന്റെ , അവഗണിക്കപ്പെട്ടിരുന്നതിന്റെ കഥ കൊച്ചിക്ക് പറയാനാവും . യമൻ , ഇറാഖ് , തുർക്കി .. പോലെയുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇവർ കൊച്ചിയിൽ എത്തിച്ചേർന്നത് .
നെഹ്മിയ മോത്തയുടെ ഈ ശവകുടീരത്തിൽ ഇപ്പോൾ പരിസരവാസികൾ മെഴുകുതിരി കത്തിച്ച് വെക്കാറുണ്ടത്രെ , പണ്ടെപ്പോഴൊ അവിടെ രാത്രി കാലങ്ങളിൽ ചില രൂപങ്ങളെ കണ്ടിരുന്നുവെന്നും അതിനാലാണ് ആരാധനയോടെ മെഴുകുതിരി കത്തിച്ച് വെക്കുന്നതെന്നും അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് . ഏതായാലും കറുത്ത ജൂതന്മാരെ അടക്കം ചെയ്തിരുന്ന ആ സ്ഥലമുണ്ടായിരുന്നതിനാലാണ് കൊച്ചിയിലെ ഈ ചക്കാമാടത്തിന് ഇങ്ങനെയൊരു പേര് ലഭിച്ചത് . എറണാകുളം പുല്ലേപ്പടി – കതൃക്കടവ് റോഡിൽ മറ്റൊരു
ചക്കാമാടമുണ്ട് .
ഇവിടെ നിന്ന് കുറച്ച് മാറി വെളുത്ത യഹൂദരെ മറമാടുന്ന സ്ഥലമുണ്ട് അവിടം ചെടികളും മറ്റും വെച്ച് മനോഹരമാക്കിയിരിക്കുന്നു
മറ്റൊരു കാര്യം കൂടി ഇവിടെ എഴുതി ചേർക്കുകയാണ് കൊച്ചി മരക്കടവിൽ നിന്ന് ജ്യൂടൗൺ റോഡിലേക്ക് പ്രവേശിക്കുമ്പോൾ കറുത്ത ജൂതന്മാരുടെതായിരുന്ന പള്ളി ( സിനഗോഗ് ) കാണാം ഇപ്പോൾ അത് തകർന്ന് വീഴാറായിരിക്കുന്നു സ്വകാര്യ വ്യക്തികളുടേതായി അത് മാറിയിരുന്നു ഇപ്പോൾ അത് കേസിലാണെന്നും അറിയുന്നു .
വാസ്ഗോഡ ഗാമ താമസിച്ചിരുന്ന ഫോർട്ട് കൊച്ചിയിലെ രണ്ട് കെട്ടിടങ്ങൾ ഇന്ന് സ്വകാര്യ വ്യക്തികളുടെ കൈയ്യിലാണ് .
ഇവിടെ പുരാവസ്തു വകുപ്പൊ മറ്റ് അധികാരികളൊ എന്തെ ഇത് സംരക്ഷിക്കാതെ പോകുന്നു എന്നത് ചോദ്യചിഹ്നമായി നിൽക്കുന്നു
കൊച്ചിയുടെ വിലമതിക്കാനാവാത്ത നൂറ്റാണ്ടുകളുടെ ചരിത്ര അടയാളങ്ങളാണ് മാഞ്ഞ് പോകുന്നത് .