ബഷീർ വാണിയക്കാട്.*
ഇതുപോലൊരു ദുരവസ്ഥ ഇനി ഒരു പ്രവാസിക്കും ഉണ്ടാകരുത്.. കുടുംബം സംരക്ഷിക്കാനായി പ്രവാസഭൂമിയിൽ എത്തി കിട്ടുന്ന ശമ്പളം മുഴുവൻ സ്വന്തം ആരോഗ്യം പോലും നോക്കാതെ കുടുംബത്തിലേക്കു അയച്ചു കൊടുക്കുന്ന എല്ലാവർക്കും ഇദ്ദേഹത്തിന്റെ ജീവിതവും മരണവും ഒരു പാഠമാകേണ്ടതാണ്..
ഒരു പാട് സ്വപ്നങ്ങളുമായി ഭാര്യയെയും കുടുംബത്തെയും പോറ്റാൻ ബഹറൈനിൽ വന്നിറങ്ങിയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇത്. ജോലി ചെയ്യുന്നതിനിടെ 2020 ജൂലൈയിൽ ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതാണ് ഇദ്ദേഹം. അന്ന് അദ്ദേഹത്തിന്റെ സഹോദരനും ഇവിടെ ഉണ്ടായിരുന്നു. പക്ഷെ അടുത്ത ദിവസം തന്നെ അയാൾ ഹോസ്പിറ്റലിൽ ആയ സഹോദരനെ നോക്കാതെ നാട്ടിലേക്ക് പോകുകയായിരുന്നു.. തുടർന്ന് വേണ്ടപ്പെട്ടവർ ആരും അന്വേഷിക്കാനില്ലാതെ അനാഥനെപ്പോലെ പതിനാറ് മാസം ഹോസ്പിറ്റലിൽ നരകയാതന അനുഭവിച്ച് തന്റെ പ്രിയപ്പെട്ടവരുടെ ആഗ്രഹം പോലെ ഇന്നലെ (20.11.21) അദ്ദേഹം ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി വിട പറഞ്ഞു..
ഹോസ്പിറ്റലിൽ ആയത് മുതൽ ബഹറൈനിലെ സാമൂഹിക പ്രവർത്തകർ പലരും അദ്ദേഹത്തെ പോയി കാണുകയും തുടർ ചികിത്സക്കു നാട്ടിലേക്കു കൊണ്ടുപോകുന്നതാണ് ഉത്തമമെന്ന് മനസ്സിലാക്കുകയും, എംബസിയുടെ സഹകരണത്തോടെ നാട്ടിൽ കൊണ്ടുപോകുവാനും ഫ്രീ ആയി ചികിത്സക്കും വേണ്ട എല്ലാ ഏർപ്പാടും ചെയ്തെങ്കിയും അദ്ദേത്തിന്റെ ഈ അവസ്ഥയിൽ സ്വീകരിക്കാൻ വീട്ടുകാരോ സഹോദരനോ ഭാര്യയോ തയ്യാറല്ല എന്ന മറുപടിയാണ് അവരിൽ നിന്ന് ലഭിച്ചത്.
ബഹ്‌റൈൻ നിന്നും നാട്ടിൽ നിന്നും പല സംഘടനകളും വ്യക്തികളും അവരുടെ ഇടവകയിലെ അച്ഛനും ഭാരവാഹികളും ഇടപെട്ട് വീട്ടുകാരോട് സംസാരിച്ചു.. പക്ഷെ ഒരു കാരണവശാലും ഈ അവസ്ഥയിൽ അയാളെ ഏറ്റെടുക്കാൻ അവർ തയാറായില്ലെന്ന് മാത്രമല്ല അദ്ദേഹം ജീവനോടെ നാട്ടിൽ എത്തരുതെന്ന് വാശി പിടിച്ചത് അയാളുടെ ഭാര്യയാണെന്നതാണ് ഏറെ ദുഃഖകരം.
തന്നെയുമല്ല ഭർത്താവിനെ നാട്ടിലെത്തിക്കാൻ വേണ്ടി ശ്രമിച്ചവർക്കെതിരെ ആ സ്ത്രീ പരാതി കൊടുക്കുകയും ചെയ്തത്രെ. യഥാസമയം നാട്ടിൽ കൊണ്ടു പോയി ചികിത്സിച്ചെങ്കിൽ രക്ഷിച്ചെടുക്കാമായിരുന്ന ഒരു ജീവനാണ് ഭാര്യയുടെയും കൂടപ്പിറപ്പിന്റെയും വാശിക്ക് മുന്നിൽ ഇവിടെ പൊലിഞ്ഞത്. അവരുടെ ഉദ്ദേശം അദ്ദേഹം ഇവിടെ കിടന്ന് മരിച്ചാൽ ലഭിക്കുന്ന ഇൻഷൂറൻസ് തുകയിലായിരുന്നു. മരിക്കുന്നതിന് മുന്നെ ആ തുക കിട്ടിയാൽ വീതിച്ചെടുക്കേണ്ട തർക്കത്തിലാണത്രെ ഭാര്യയും സഹോദരനും.
ഇങ്ങിനെയും മനുഷ്യരുണ്ടോ എന്ന് നാം ചിന്തിച്ചേക്കാം. പക്ഷെ പ്രവാസികളുടെ പണം മാത്രം മതി എന്ന് ചിന്തിക്കുന്ന ഭാര്യയുടെയും കൂടപ്പിറപ്പിറപ്പിന്റെയും നേർചിത്രമാണ് ഈ സംഭവം. വരുമാനം നിലക്കുമ്പോൾ അറവ് ശാലക്ക് കൈമാറുന്ന കാലിയുടെ വില പോലും കൽപിക്കാത്ത കണ്ണിൽ ചോരയില്ലാത്ത ആർത്തിപ്പണ്ടാരങ്ങൾ.
മുപ്പതും നാൽപതും വർഷം ജീവിതം മാറ്റി വെച്ച് കുടുംബത്തിന് വേണ്ടി രാപ്പകലില്ലാതെ രക്തം വിയർപ്പാക്കിയ പ്രവാസി ഒരു പിടി രോഗങ്ങളുമായി അവസാനം നാട്ടിൽ ചെന്നാലുള്ള അവസ്ഥയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. കൺമുന്നിൽ കാണുന്ന ഇത്തരം സംഭവങ്ങൾ നമ്മൾ പ്രവാസികൾക്ക് ഒരു പാഠവും മുന്നറിയിപ്പുമാണ്.