വി.ജി. മുകുന്ദൻ✍️
കാൽവഴുതി വീണ ചിന്തകളിൽ
മുങ്ങി താഴുമ്പോഴാണ്
വഴിതെറ്റിപ്പോയ ജീവിതത്തെ
വീണ്ടും കണ്ടുമുട്ടുന്നത്.
ഒഴുകിയെത്തുന്ന ഓർമകളിലേറി
തിരിച്ചെത്തുമ്പോഴായിരിക്കും
കൊഴിഞ്ഞുപോയ കാലത്തിന്റെ നിഴലുകൾ
മങ്ങിയ കാഴ്ച്ചകളായ് വീണ്ടും മുന്നിൽ തെളിയുന്നത്.
നടന്നകന്ന വഴികളെ
അടയാളപ്പെടുത്തികൊണ്ട്
തന്നെയായിരിരുന്നു
ഓർമകൾ ഒഴുകിയിരുന്നത്.
എന്നിട്ടും,
വഴിതെറ്റിയ യാത്രകളിൽ
കൂർത്ത കല്ലുകൾ കോർത്ത്
ചോരപൊടിഞ്ഞപ്പോൾ
ജീവിതത്തിന്റെ അരികുകളിൽ
നിന്നും മാറി നടന്നു തുടങ്ങിയ
മനസ്സിലേയ്ക്ക്
ഒരുപിടി ചോദ്യശരങ്ങൾ
പാഞ്ഞുവരുകയായിരുന്നു !.
കത്തിപ്പടരുന്ന കാട്ടിലകപ്പെട്ട
ചിന്തകളപ്പോൾ ഓടിത്തളർന്നു
പുറത്തുകടക്കാനാവാതെ!.
ചിറകിട്ടടിച്ചുതളർന്ന കിളി
വലയ്ക്കകത്ത്
കുഴഞ്ഞു വീഴുകയായിരുന്നു!.
ഇനിയും ബാക്കിയുള്ള യാത്രയോർത്ത്
മോങ്ങുന്ന മനസ്സിനെ
നിർത്താതെ പായുന്ന സമയത്തിനൊപ്പം
പിടിച്ചുകെട്ടി യാത്ര തുടരണം വഴി തെറ്റാതെ…