മഴപ്പാട്തീര്‍ക്കും കാര്‍മേഘസഞ്ചയഗഗനം
മദപ്പാടുപേറും മദഗജംകണക്കെ ഗര്‍ജ്ജിതം
ഇളംകാറ്റിന്‍ സാന്ദ്രഭാവമല്ല നിന്‍ അക്ഷികള്‍
ഇന്നിന്‍റെ സൈരന്ദ്രീ രൗദ്രഭാവം തീക്ഷ്ണം .

കരഞ്ഞുനീര്‍വറ്റി ദാഹംപേറും ആഴിയല്ല
കരഞ്ഞു നീര്‍യാചിക്കും ശൈലസുധയുമല്ല.
കാന്തന്‍റെ പണയപണ്ടമായോളല്ല നീ
കാരിരുമ്പിന്‍ കരുത്തുള്ള തീയ്യപ്പെണ്‍കൊടി.

കുഞ്ഞിരാമന്റെ വിറകരങ്ങള്‍ക്ക് തുണയേകി
കടത്തനാടിന്‍ ക്ഷാത്രവീര്യ നാരീകുലജാത .
ജോനകന്റെ വീര്യംതകര്‍ത്ത പുത്തൂരംപുത്രി
ജയിച്ചവീഥികള്‍ നാദാപുര ചരിത്രസ്മൃതികള്‍ .

മനമറിഞ്ഞ് ഉടയാടയുരിഞ്ഞില്ല നീ
മദിച്ചെത്തും ആര്യരേതസ്സ് നുകരാനും
ചന്തുവിന്‍ ചൂടില്‍ രമിക്കാനും
ചമഞ്ഞൊരുങ്ങി രാവുകാത്തില്ല നീ .

ഗൗരീഗാത്ര മാലേയവര്‍ണ്ണാംഗി
ഗഗനസൗരഭ്യ സൗന്ദര്യപങ്കജെ
ഉണ്ണിയാര്‍ച്ചേ നീ ചന്തുവിന്‍ മോഹാഗ്നി
ഉണ്ണിയാര്‍ച്ച ചന്തുവിന്‍ കിട്ടാനിധി .
കളരിയില്‍ ചന്തുവിനെ വെറ്റിയോള്‍
കരളുറച്ച ആരോമലിന്‍ പ്രിയസോദരി .

പലവുരു ചില മൂഢമഹാരഥ പുംഗവര്‍
പറഞ്ഞു താലിമഹിമയില്ലാത്തോള്‍ ആര്‍ച്ച
ചന്തുവിന്‍ നിശാരതിഗേഹം ചമച്ചവള്‍ .
ചോവമഹിമ സഹിക്കാപരിക്ഷകള്‍.
ആര്യജാതപൃഷ്ഠം താങ്ങികള്‍
ആര്യജാതനാകിലും കാരസ്ക്കര സംസ്കാരികള്‍
ചരിത്രസത്യം തമസ്കരിക്കും കുലപതി
നിളാ തീരവിഹാരിയാം പുംഗവന്‍
പ്രിയമാതേ ആര്‍ച്ചേ കടത്തനാടിന്‍ വീരജനനി നീ .
പ്രിയമായി ജ്വലിക്കുക ഒരു
സൗരതേജസായി .

ഇന്നും നാരീകുലജാതകള്‍
ഈര്‍ച്ചവാളിന്‍ കരുത്തുമായി
പാഞ്ഞടുക്കും കാമനരഭോജികള്‍തന്‍
പുണ്യബീജവാഹീമകുടം വാളിനാല്‍ വെട്ടുന്നു .

ആര്‍ഷസൈന്ധവ നാരികള്‍
മദയാനക്കരുത്തോടെ തച്ചുടയ്ക്കുന്നു
ഉഷ്ണ കാമകുംഭങ്ങളെ
സധൈര്യം പറിച്ചെടുക്കുക
ഉഷ്ണ കാമകുംഭങ്ങളെ

അനില്‍ പി ശിവശക്തി

By ivayana