സുദർശൻ കാർത്തികപ്പറമ്പിൽ*
ആരറിയുന്നീ മന്നിൽ മാമക-
ഹൃദയവിശാലതയെ,
നേരുതിരും തൂമിഴികൾ നീട്ടി,
നേരിലണഞ്ഞരികെ!
ഒരു ചെറു പുഞ്ചിരിയെങ്കിലുമച്ചൊടി-
യിണയിൽ വിടർത്തീടാൻ;
കഴിഞ്ഞിടാത്തോർക്കെങ്ങനെയായിടു-
മായതറിഞ്ഞീടാൻ!
ഒരമ്മതന്നുദരത്തിൽ ജനിച്ചോ-
രാണെങ്കിൽപോലും,
പരസ്പരം പടവെട്ടിമരിപ്പതു-
കാണുകയല്ലീനാം!
ചിടയും നീട്ടിവളർത്തി കുടുംബം;
പാടെയുപേഷിപ്പോർ,
പടുതയൊടെത്തുന്നൂ, തറവാട്ടിൻ
ഭാഗംവച്ചീടാൻ!
ജൻമം നൽകിയൊരച്ഛനെ,യമ്മയെ,
മറന്നിതെന്നെന്നും
കൻമഷമൊരു തെല്ലില്ലാതിന്നവർ
നേടുകയാണു ധനം!
ഭോഗികളല്ലോ,ധനമാർഗങ്ങൾ
തേടി നടക്കുന്നു!
യോഗികളായതറിഞ്ഞീടാനാ-
യെന്തിനമാന്തിപ്പൂ!
വേണം വിഡ്ഢികൾ ചുറ്റിനുമൊത്തിരി;
ഖ്യാതി പുലർന്നീടാൻ
നാണമവർക്കില്ലാരുടെ മുന്നിലു-
മൊരു ചെറുതരിപോലും!
കഴലിണ കുമ്പിട്ടീടാനാളുകൾ,
നിരവധിയുണ്ടാകാം
അതുകണ്ടൊട്ടു മദിച്ചീടുകിലോ;
നിജ ജന്മം വിഫലം!
സമസ്ത ജീവനുമൊരുപോലാത്മ-
ശാന്തി പൊഴിക്കേണ്ടോർ;
ഗുരുത്വദോഷം വരുത്തിടുന്നിഹ,
പര സൗഹൃദമെന്യേ!
ഒരു നൊടിയിടയിലൊടുങ്ങാം ജീവിത-
മെന്നതറിഞ്ഞിട്ടും;
ഇരുതല മൂരികളായിത്തന്നെ,
വാഴുന്നവർ പാരിൽ!
വെളിച്ചമേകും മനസ്സിനെയുൻമുഖ-
മടിച്ചമർത്തീടിൽ,
പടച്ച ദൈവമതെങ്ങനെ കണ്ണും
പൂട്ടിയിരുന്നീടും!
മനുഷ്യ ബന്ധങ്ങൾക്കിവിടല്ലേ-
ലെന്തുണ്ടൊരു മൂല്യം!
മനുഷ്യനാകാൻ വേണ്ടതു നേരിൽ,
വിശുദ്ധ ഹൃദയംതാൻ!
ഉടുതുണിയില്ലാതമ്മ നടന്നാ-
ലാർക്കുണ്ടൊരു ചേതം!
ഉടപ്പിറപ്പുകൾ പോലുമുപേക്ഷി-
ച്ചൊടുങ്ങുമാ,ജന്മം!
കപടത കളിയാടുന്ന മനസ്സുക-
ളിടതടവില്ലാതെ;
കോപം പൂണ്ടടിമുടിയപഹാസ്യ-
ശരങ്ങൾ തൊടുപ്പൂ,ഹാ!
കാഷായത്തിൻ മഹിമകൾ പാരം,
കളങ്കമാക്കിയവർ,
ഈശാവാസ്യം ചൊല്ലി,മനുഷ്യരെ;
ഹിംസിപ്പൂ,സതതം!
ആരറിയുന്നീ മന്നിൻ നിരുപമ-
കാവ്യ വിഭാവനയെ!
തരളിതമാമുൾ പ്രണയസരസ്സി-
ന്നരിയ വിശാരദയെ!