സുധക്കുട്ടി കെ.എസ്✍️
ഗ്രേസിചേച്ചിയെ ഓർക്കുന്നു.
ആലപ്പുഴയിലെ വീടിന് തൊട്ടയലത്തെ പറമ്പിൽ കുടിയവകാശം കിട്ടിയ മൂന്ന് സെൻ്റിലെ കുഞ്ഞോലപ്പുരയിൽ പൊറുത്തിരുന്ന ഗ്രേസിചേച്ചി.
അവരുടെ പേരിന് മുന്നിൽ “സർക്കാർ” എന്ന് ബഹുമാന പുര:സ്സരം ചേർത്തു വിളിച്ചു ഉത്പതിഷ്ണുക്കളായ നാട്ടുകാർ.
ദേവസ്വം വക എന്നാണ് പരാവർത്തനമെന്ന് മുതിർന്നപ്പോൾ മനസ്സിലായി.
നേരം പുലരുമ്പോൾ തന്നെ ഗ്രേസിചേച്ചി പുലയാട്ട് തുടങ്ങും.
മക്കളോട്, പേരക്കുട്ടികളോട് അയൽപക്കത്തോട് അങ്ങനെ ഇര ആരുമാകാം.
നിത്യവഴുതന പടർന്ന് ഇത്തിരി മുറ്റത്ത് ; വാലിട്ടുടുത്ത മുണ്ടും മുഷിഞ്ഞ ചട്ടയും ധരിച്ച് ഗ്രേസിചേച്ചി നിന്ന്
തെറി വിളിക്കുന്നത് കാണുന്നതും കേൾക്കുന്നതും ഒരരങ്ങ് തന്നെയാണ്.
വെറ്റിലക്കറ പിടിച്ച പല്ലുകൾ. പാറി പറന്ന നരച്ച മുടി, വോളിയം സദാ ഹൈ പിച്ചിൽ.
തെറികൾക്ക് സ്വന്തമായി സംഗീതം നൽകിയാണ് ഗ്രേസിചേച്ചീടെ അവതരണം. (ലിജോ ജോസ് പെലിശ്ശേരിയൊക്കെ കുമ്പിട്ട് തൊഴണം) .
ചെറിയ കുട്ടികളായതിനാലും പരിഭാഷകരില്ലാത്തതിനാലും പലതും അന്ന് മനസ്സിലായിരുന്നില്ല.
വാക്ക് കൊണ്ട് പിടിച്ച് നിൽക്കാനാവാതെ വന്നാൽ അറ്റകൈയ്ക്ക് ഗ്രേസിചേച്ചി മുണ്ടഴിക്കുന്നതും കൊഞ്ഞനം കുത്തുന്നതും കാണാം.
ചോര തൊട്ടെടുക്കാവുന്ന നിറപ്പകിട്ടുള്ള മിണ്ടാട്ടമേയില്ലാത്ത ഒരു പട്ടരായിരുന്നു അന്നാളുകളിൽ അവരുടെ അന്തിക്കൂട്ട്. ആ ബന്ധത്തിലും മക്കളുണ്ടായിരുന്നു.
മുള്ളുവേലി കെട്ടി അതിര് കാത്ത പടിഞ്ഞാറേ പറമ്പിലെ തത്തച്ചുണ്ടൻ മാവിൻ ചോടാണ് ഞങ്ങടെ കളിയിടം.
കഞ്ഞീം കൂട്ടാനും വച്ച് കളിക്കുമ്പോഴും സഹജവാസനയാൽ എൻ്റെ കണ്ണുകൾ ഗ്രേസിചേച്ചിയുടെ വീട്ടിലേയ്ക്ക് നടന്ന് ചെല്ലും. വഴക്കും തെറിപ്പാട്ടും തുടങ്ങുമ്പോൾ കാതുകൾ അവിടേയ്ക്ക് ചായും.
ഒരു നാൾ അയൽപക്കത്തെ വാടകക്കാരായ ആംഗ്ലോ ഇന്ത്യൻ കുടുംബവുമായി എന്തിനോ ഗ്രേസി ചേച്ചി ഏറ്റുമുട്ടി.
തന്തയ്ക്ക് പിറന്ന മലയാളത്തിലുള്ള (പ്രച്ച മലയാളമെന്ന് വേണേൽ വിളിച്ചോളൂ ) ചേച്ചീടെ തെറിക്കുത്തരം മുറിപ്പത്തലായി എതിർപക്ഷം നൽകിയതാകട്ടെ നല്ലത് പോലെ വറുത്തു കോരിയ ഇംഗ്ലീഷിലും. ഗ്രേസി ചേച്ചിയോടുള്ള വൻ ചതിയായിരുന്നു അത്.
പരാജയഭീതിയാൽ ഗ്രേസിചേച്ചി വെളിച്ചപ്പാടായി മാറി.
കലഹം മൂർഛിച്ച ഘട്ടത്തിൽ ചട്ടക്കാരി പെൺകുട്ടി ഹിൽഡയെ ” ഡോണ്ട് ടോക്ക് ” എന്ന് ചുണ്ടത്ത് വിരൽ വച്ച്
മമ്മ വിലക്കി.
ഗ്രേസി ചേച്ചിക്കത് ഏതോ മുഴുത്ത തെറിയായാണ് ഫീൽ ചെയ്തത്.
” എന്തെടീ, എന്തെടീ ഉണ്ടക്കെന്നോ? അതേടീ ഞാൻ ഒണ്ടാക്കീട്ടൊണ്ടേൽ…. “
പിന്നെ പറഞ്ഞതൊന്നും എനിക്കോർമയില്ല ,സത്യമായിട്ടും ഓർമയില്ല.
എൻ്റെ വീട്ടിലെ അടുക്കള സഹായി ശാരദ രംഗത്ത് നിന്ന് പെട്ടെന്ന് നിഷ്ക്രമിക്കുകയും അനന്തരം പ്രത്യക്ഷപ്പെട്ട അമ്മയുടെ കണ്ണുരുട്ടലിൽ ഞങ്ങൾ വിരണ്ടോടിയതും നല്ല ഓർമയുണ്ട് താനും.
അമ്മ ഒരു അരസികയാണെന്ന് ആ നിമിഷം എനിക്ക് ബോധ്യപ്പെട്ടു.
ഒരു ശബ്ദതാരാവലിയിലും കാണാത്തത്ര ചുരുളികളുടെയും മലരികളുടെയും പേമാരിയിൽ ഉറഞ്ഞാടുന്ന ഗ്രേസി ചേച്ചിയോട് കൗതുകം കലർന്ന ഒരാരാധന അന്നേ തോന്നി.
ഗ്രേസിചേച്ചീടെ തെറികൾ പാളയംകോടൻ പഴം പോലെയാണ്. .
കാറ്റും മഴയും വെയിലും മഞ്ഞും കൊണ്ട് വിളഞ്ഞ് പഴുത്ത് പുളിപ്പ് കലർന്ന മധുരാലസ്യത്തോടെ
നാവിൽ പടരുന്നവ.
ഷേക്സ്പിയറെയും കീറ്റ്സിനെയും പഠിക്കാൻ തുടങ്ങിയ കോളേജ് പഠനത്തെ , വിപ്രലംഭ ശൃംഗാരത്തിൻ്റെ കുറ്റിയിലേക്ക് മാറ്റി കെട്ടാൻ എനിക്ക് ഉൾപ്രേരണയായത്
ഒരു പക്ഷേ ഗ്രേസി ചേച്ചിയുടെ പദസമ്പത്തിനോടുള്ള കമ്പം കൊണ്ടായിരുന്നോ എന്ന് സംശയമുണ്ട്. .
അറിയാവുന്ന തെറി പറയാതിരിക്കുന്നതാണ് സംസ്ക്കാരം എന്ന് തിരിച്ചറിഞ്ഞ നാൾ മുതൽ
തെറി പറയാതിരിക്കാനും കേൾക്കാതിരിക്കാനും ഞാൻ മുൻകരുതലെടുക്കാറുണ്ട്. രഹസ്യമായി ആരെങ്കിലും നമ്മളെ തെറി വിളിച്ചാൽ നമുക്കെന്ത്..
തെറിയാണേലും രതിയാണേലും അവയുടെ രസാനുഭൂതി ഒളിഞ്ഞിരിക്കുന്നത്
നേർത്ത തിരശ്ശീലയ്ക്ക് പിന്നിലെ ലാവണ്യാത്മകതയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. എങ്കിലും സെൻസർ ബോർഡ് അംഗമായിരിക്കെ കലാകാരൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് മേൽ അനാവശ്യമായി കട്ട് പറയുന്നതിനോട് വിയോജിച്ചിട്ടുമുണ്ട്. വ്യത്യസ്ത ആസ്വാദന നിലവാരമുള്ളവരെ നോക്കി പല്ലുറുമ്മിയിട്ടെന്ത് കാര്യം?
ക്രാഫ്ടിൻ്റെയും ടെക്നോളജിയുടെയും മിശ്രിതമാണ് സിനിമ. അനുപാതം സർഗാത്മകമായി ഇഴചേർന്നിരിക്കണം. കാവ്യാത്മകങ്ങളായ നല്ല വരികളെ സംഗീതവാദ്യോപകരണങ്ങളുടെ കസർത്ത് വിഴുങ്ങുന്നത് പോലെ ചില അപശ്രുതികൾ എവിടെയുമുണ്ടാകാം.
അത് ആസ്വദിക്കുന്നവരുണ്ടാകാം. നമുക്ക് യോജിക്കാനാവാത്തതെല്ലാം മോശമാവണമെന്നില്ല. പരിമിതി ചിലപ്പോൾ നമ്മുടേതാണെങ്കിലോ. .
തൊട്ടുകൂടായ്മ കല്പിച്ച് തെല്ലകലെ മാറ്റി നിർത്തിയ ഭാഷാ പദങ്ങളാണ് തെറികൾ എന്നാൽ തെറി പറഞ്ഞ് ഞെട്ടിക്കാൻ തെറി ഉപയോഗിക്കരുതെന്ന് മാത്രം.
ഗ്രേസിചേച്ചി എൻ്റെ മനസ്സിൻ്റെ മുൻ വരിയിൽ തന്നെ ഇരുന്നോട്ടെ.
അവരെ തോല്പിക്കാനുള്ള തെറി മുന്നണിയിലേയ്ക്ക് ഞാനില്ല.
വിളവെത്താതെ , ചുണ്ണാമ്പ് തേച്ച് പഴുപ്പിച്ച പഴക്കുലകളോട് പഥ്യം തെല്ലുമില്ല.
ചുരുളി കണ്ടോ എന്ന് ഇൻബോക്സിൽ വന്ന് ചോദിച്ച സ്നേഹിതർ ഇത് മറുപടിയായി കരുതണേ 🙏
(പീറ്റർ പാറക്കൽ)