(കവിത) : ടി.എം. നവാസ് വളാഞ്ചേരി*

മനസ്സെന്ന അത്ഭുത പ്രഹേളികക്ക് മുന്നിൽ ഇന്നും പകച്ച് നിൽക്കുകയാണ് വൈദ്യ ശാസ്ത്ര ലോകം. മനസ്സമാധാനം കിട്ടക്കനിയായി മാറിയിരിക്കുയാണിന്ന്.

അസ്വസ്ഥമാകുമീ മനസിന്റെ നൊമ്പരം എങ്ങിനെ കോറി വരച്ചിടും ഞാൻ
മനസ്സെന്ന മാന്ത്രിക ചെപ്പതിന്നുള്ളിലെ അതിശയമോരോന്നതോർത്ത് ഞാനെ
സ്നേഹം നിറക്കാത്ത മനസ്സതിന്നുള്ളിലെ ചേറൊന്നു കണ്ടു ഞാനമ്പരന്നെ
പുഞ്ചിരി തൂകാൻ കഴിയാത്ത പൂമുഖമെന്തിനെൻ കൂട്ടിനെന്നോർത്ത് ഞാനെ
മനസ്സകം കേറി വിലസുമഹന്തയും ഞാനെന്ന ഭാവത്തിൻ വ്യർത്ഥതയും
കൊടും വിഷമാകു മസൂയയും കോപവും കത്തും കനലാം പ്രതികാരചിന്തയും
ഖൽബതിൽ ബാധിച്ച ചിതലെന്നറിഞ്ഞിടു ചിത വെക്കും മുമ്പ് നീ ദൂരെക്കെറിഞ്ഞിടു
കയറത് പൊട്ടിച്ച് പായും മനസ്സിനെ നേരറിവാലെ നാം നേർവഴിക്കാക്കിടാം.
ഏറ്റം കൊതിക്കും സമാധാനം നേടിടാൻ ചേർത്ത് പിടിച്ചിടാം സ്നേഹത്തെ ഹൃത്തിലായ്
സ്നേഹത്താൽ ലോകർക്കായ് നറുമണം വീശിടാം തണലേകും നൻമ മരമായി മാറിടാം
ഏകനാം നാഥനെ നിത്യം സ്മരിച്ചിടാം ഖൽബകമെന്നും കഴുകിക്കളഞ്ഞിടാം
വെറുപ്പിന്റെ വിത്തുകൾ കളകൾ പറിച്ചിടാം സ്നേഹ മരമൊന്ന് നട്ടു വളർത്തിടാം.


By ivayana