വാസുദേവൻ കെ വി*
കോൺക്രീറ്റ് പതിച്ചതിനപ്പുറം ഇത്തിരി പറമ്പിൽ കുഞ്ഞുരഗ സാന്നിധ്യം. അമ്മയും മക്കളും അങ്കലാപ്പിൽ. “നോക്കൂ അച്‌ഛാ അത് അവിടെ ഉണ്ടാവും.”
മക്കളാവശ്യപ്പെട്ടപ്പോൾ അച്ഛൻ തെരയാനിറങ്ങി. പാമ്പിന്റെ ഗതിവേഗം അറിയുന്ന അച്ഛന്റെ ഓർമ്മകൾ അതിവേഗം പറന്നു.
വാഴയും, തെങ്ങോലയും കൊണ്ടൊരുക്കിയ തൂണുകളും തോരണങ്ങളും. മഞ്ഞളും, അരിയും, കരിയും, ചെറുനാരങ്ങയും കൊണ്ടു വർണ്ണ ധൂളികൾ. ഉരഗരൂപങ്ങളിൽ തീർത്ത നാഗയക്ഷിക്കളം.
…. പുള്ളുവ വായ്ത്താരി ഈണങ്ങൾക്ക് മാസ്മരികത ഏറുന്നു. പുള്ളോർക്കുടങ്ങൾക്ക് ചടുലതാളം.നന്തുണിശ്രുതിയ്ക്ക് ലഹരി ഭാവം. കളത്തിനരികിലിരുന്ന് ഏടത്തി ഈറൻമുടി അഴിച്ചിട്ടുപരത്തി ബാധ കേറിയപോൽ മെയ്യനക്കുന്നു നാഗനൃത്ത സമാനമായി. എഴുന്നേറ്റ് നിലത്തു വിരലുകൾ ഊന്നി കുത്തി തുള്ളിത്തുള്ളി ചുവട് മാറ്റം. കുരവയും ആർപ്പുവിളികളും മുഴങ്ങി, പാട്ടിന്റെ താളം മുറുകി, കാലുകൾ നിലത്തുറക്കുന്നില്ല ,കൈയിലിരുന്ന കവുങ്ങിൻ പൂക്കുല തുള്ളി വിറക്കുന്നു . കാലുകൾ തെന്നിതെന്നി കളത്തിലൂടെ നീങ്ങാൻ തുടങ്ങി, നിലത്തു റക്കാത്ത കാലുകൾ കളം മായ്ച്ചു തുടങ്ങി കളത്തിൽ വീണിഴഞ്ഞ് തുടച്ചു മാറ്റുന്നു വർണ്ണ ദൂളികളാൽ തീർത്ത കോലങ്ങളൊക്കെയും. .
‘ഇളനീർ വെട്ടി കുടിക്കാനും അതിൽ മഞ്ഞൾ പൊടിചേർത്ത് തലയിൽ ഒഴിച്ചു കൊടുക്കാനും ” – നിർദേശങ്ങൾ. സ്വപ്നത്തിൽ നിന്നുണർന്ന പോലെ ഏടത്തി ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നു. “തൃപ്തിയായി.” പുള്ളുവർ പാട്ടു പാടി നിർത്തുന്നു വിജയോന്മാദത്തോടെ അവർ മൗനഭാഷയിൽ ചോദിക്കുന്നു “ഞങ്ങൾ തുള്ളിച്ചില്ലേ?”.
പിന്നീടും കളമെഴുത്തുപാട്ടുകൾ പലവട്ടം നടന്നു.പലരും തുള്ളി കളവും മായ്ച്ചു. പക്ഷേ അന്നത്തെ ആ വെല്ലുവിളികൾ പോലെ ഒന്നു പുള്ളോർക്ക് പിന്നീട് നേരിടേണ്ടി വന്നിട്ടില്ല. സൽ സന്താനഭാഗ്യത്തിനും, സന്തതി സൗഭാഗ്യങ്ങൾക്കുമായുള്ള കൂട്ടായ ആരാധനകൾ.
വളർത്തു മൃഗങ്ങൾക്കും പറവകളും, ഉരഗങ്ങളും വരെ അന്ന് നമ്മുടെ കുടുംബാംഗംഗങ്ങൾ. സഹജീവി ബഹുമാനത്തോടെ ആരാധന.
കളം പാട്ടു നടത്തിയിട്ട് ഇപ്പോൾ വർഷങ്ങളായി.തറവാട്ട് നാഗങ്ങൾക്ക് ആയില്യം നാളിൽ ഒരു മാസപ്പൂജ, തെക്കിനിയിൽ കുടികൊള്ളും ഭുവനേശ്വരി ക്കായി പാതിരാവരെ നീളുന്ന ശാക്തേയപൂജ, കന്നിമാസത്തിലെ ആയില്യത്തിന് ഒരു വിശേഷാൽ പൂജ, ഗുരുതിയും, സർപ്പങ്ങൾക്ക് നൂറും പാലിലും ഒതുങ്ങിയിരിക്കുന്നു ആഘോഷങ്ങൾ –
അനേകരുടെ അദ്ധ്വാനവും അർപ്പണബോധവും ആയിരുന്നു അന്നത്തെ കളമെഴുത്തു പാട്ടുകൾ, സമയക്കുറവും, സാമ്പത്തിക ചിലവും, പുള്ളുവകലാകാരുടെ കുറവും ബാധിച്ചിരിക്കുന്നു ഇതിന്റെ നടത്തിപ്പിന് .
നഷ്ടപ്രതാപത്തിന്റെ ഓർമ്മകൾ പേറി കാവും കുലദൈവപ്രതിഷ്ഠകളും അവിടെ തന്നെ ഇപ്പോഴും നിലകൊള്ളുന്നു. വിശ്വാസങ്ങൾക്ക് പ്രൗഢി മങ്ങുന്നുവോ?!
പൊയ്‌പ്പോയ തനത് ആചാരാനുഷ്ഠനങ്ങൾ തിരിച്ചറിയാൻ വരും തലമുറകൾക്ക് കഴിയേണ്ടതുണ്ട്. കാവുകൾ വെട്ടിഒഴിവാക്കാതിരിക്കുക.
നമുക്കീ മണ്ണിലും വിണ്ണിലും നാം എഴുതിയുണ്ടാക്കിയ കൈവശാവകാശം മാത്രം എന്ന തിരിച്ചറിവോടെ…