ഗദ്യ കവിത : വിദ്യാ രാജീവ്✍️
സ്ത്രീധനം അന്യമായ ഗേഹത്തിൽ വസിപ്പാനായൊരു സുദിനത്തിനായ് കാത്തിരിക്കും പെൺപ്പൂക്കളെ.
ആത്മഹത്യ നിൻ രക്ഷാകവചമായ് മാറിയയീ കാലാന്തരത്തിൽ.
മാധ്യമങ്ങളിലൊരു നേരംപോക്കായ് തീർന്നിരിക്കുന്നുവോയിന്നുനീ..
കണ്മുന്നിൽ ജീവത്യാഗം ചെയ്യും തൻ കുഞ്ഞുങ്ങളെ രക്ഷിപ്പാനാകാതെ കേഴുന്ന മാതാപിതാക്കളുടെ ദീന രോദനം മുഴങ്ങുന്നു നിത്യവും.
സ്ത്രീയെ നിൻ മൂല്യത്തേക്കാൾ ധനത്തിൻ മൂല്യമേറിടുമീ പാരിതിൽ.
ഭ്രാന്തമായ് തീർന്നീടുന്നു മാനുഷിക ചിന്തകൾ.
എന്തിനീ ദുഷ്പ്രവർത്തിയെന്ന് പലവുരു ചോദ്യമുന്നയിച്ചീടിലും,
നെെരന്തര്യമായിന്നും ആവർത്തിക്കുന്നതിൽ ജീവിതം ഹോമിക്കുന്ന നാരിതൻ അവസ്ഥ കഷ്ടമല്ലോ.
ധനാഢ്യനായ് തീരുന്നതിൽ അഭിമാനം കൊള്ളണമോ അതോ,
നല്ല മനുഷ്യനായി തീരണമോയെന്നത് ആശയകുഴപ്പമായ് തീരുന്നത്,
മനുഷത്വം മരവിച്ചു പോയതിനാലാകുമോ.
ഇനി വരും നാളുകളിൽ ചാരുതയാർന്ന കെടാവിളക്കായ് ഐശ്വര്യ ദേവിയായി തെളിമയാർന്നെന്നും വിളങ്ങീടുവാൻ ജഗൽപതി ആശീർവാദം നൽകീടട്ടെയെന്ന് വൃഥാ ആശിച്ചീടുന്നു!…