കുറുങ്ങാട്ട് വിജയൻ ✍️

1990ല്‍, ആദ്യമായി ഗള്‍ഫില്‍ വരുമ്പോള്‍ എന്റെ ജോലി, ദുബായിലെ അവീര്‍ എന്ന സ്ഥലത്തായിരുന്നു. അന്നവിടം തുറസ്സായ മരുഭൂമിയായിരുന്നു. ചെടികളോ പച്ചപ്പോ ഇല്ലാത്ത വരണ്ട മരുഭൂമി. അങ്ങിങ്ങ് ഒറ്റപ്പെട്ട് ഖഫ് മരങ്ങള്‍ (ചിത്രം # 1) ജരാനരബാധിച്ച ചില്ലകളും കുഷ്ടം പറ്റിയ വേരുകളുമായി ഇല നിറഞ്ഞ ചില്ലകളുയര്‍ത്തി മരുഭൂമിയുടെ വിജനതയും ചീവൂടുകളുടെ സംഗീതവും ആസ്വദിച്ച്, കാലത്തെ അതിജീവിച്ച ചരിത്രശേഷിപ്പുകള്‍പോലെ നില്‍പ്പുണ്ടായിരുന്നു.

ഒട്ടകക്കൂട്ടം അവയുടെ തലയെത്തുമുയരത്തില്‍ ആ മരങ്ങളുടെ അടിച്ചില്ലകള്‍ തിന്നുതീര്‍ത്തിരുന്നു. ആ മരങ്ങള്‍ക്കുതാഴെ തലയുയര്‍ത്തിപ്പിടിച്ച് നിന്നും കിടന്നും ചീവൂടുകളുടെ സംഗീതമാസ്വദിച്ച് വിശ്രമിക്കുന്ന ചെറുതും വലുതുമായ ഒട്ടകക്കൂട്ടങ്ങള്‍. ചുട്ടുപൊള്ളിക്കിടക്കുന്ന പഞ്ചാരമണലിലേക്ക് തലപൂഴ്ത്തി മണ്ണിനുള്ളിലൂടെ അതിവേഗം ഇഴഞ്ഞുപോകുന്ന മണ്ണിന്റെ നിറമുള്ള വിഷപ്പാമ്പുകള്‍ തലങ്ങും വിലങ്ങുമുള്ള മരുഭൂമി. ഒാന്തിന്റെയും പല്ലിയുടെയും സങ്കരയിനമെന്നു തോന്നിക്കുന്ന, എന്നാല്‍, ഓന്തിന്റെയത്ര വലുപ്പമില്ലാത്ത, വാലിന് പല്ലിയുടെതിനേക്കാള്‍ നീളമുള്ള, മരുഭൂമിയിലെ മണലിന്റെ നിറമുള്ള, മനുഷ്യന്റെ കാല്‍പ്പെരുമാറ്റം കേട്ടാല്‍ തിരിഞ്ഞുനിന്നു തലയുയര്‍ത്തിപ്പിടിച്ച് ശത്രുസാന്നിധ്യം മനസ്സിലാക്കി ശീഘ്രം മണ്ണിലേക്ക് പൂണ്ടൊളിക്കുന്ന ഒരിനം ചെറുവുരകജീവികളുള്ള ഊഷരഭൂമി. പല്ലിക്കും പാറ്റയ്ക്കും എറുമ്പിനും കീടങ്ങള്‍ക്കും വീരവിഷമുള്ള അപകടഭൂമിക. ഗതിമാറിയ കടലിന്റെ, വഴിതെറ്റിയ കാറ്റിന്റെ, കാലത്തിന്റെ, അറബുചരിത്രത്തിന്റെ സ്ഥലികളായ മണലാരണ്യം! ഒട്ടകക്കൂട്ടക്കപ്പല്‍ചേതങ്ങളുടെ മണലാഴി! കടലുവറ്റിയ കരയില്‍ കാറ്റ് മണലായി നിപതിച്ച ഭൗമപരിണാമസ്ഥലി! (ചിത്രം # 2)

ദുബായ് ഏര്‍പ്പോര്‍ട്ടിലേക്ക് പറന്നിറങ്ങാന്‍ തയ്യാറെടുക്കുന്ന, ദുബായ് ഏര്‍പ്പോര്‍ട്ടില്‍നിന്നു പറന്നുപൊങ്ങുന്ന, വിമാനങ്ങള്‍ ആ മരുഭൂമിയുടെ മുകളിലൂടെ പറക്കുമ്പോള്‍ താഴെ മണലിലൂടെ ഓടിപ്പോകുന്ന വിമാനനിഴലിന്റെ നിമിഷനേരത്തെ തണലും തണുപ്പും. അങ്ങനെയുള്ള മരുഭൂമിയില്‍ ഒറ്റപ്പെട്ടൊരു വര്‍ക്ക് സൈറ്റ്. ഒരു പാലസ്സിന്റെ നിര്‍മ്മാണം. ആ വര്‍ക്ക് സൈറ്റില്‍, ചിത്രത്തില്‍ കാണുന്നപോലെ (ചിത്രം # 3) ഒരു ഹോട്ടല്‍-കം-ഗ്രോസറി, കാസര്‍ഗോഡുകാരന്‍ ഒരു ഖാദറിന്റെ താല്‍ക്കാലിക കട. ഈറിയ പാഴ്മരവും വിലകുറഞ്ഞ പ്ലൈവുഡും കോറിഗേറ്റഡ് അലുമിനിയം ഷീറ്റും കൊണ്ടുണ്ടാക്കിയ പെട്ടിക്കടകളുടെ ഗള്‍ഫ് പതിപ്പ്. ഞങ്ങളതിനെ ‘ഖാദര്‍ വിലാസം സൂപ്പര്‍സ്റ്റോര്‍’ എന്ന് ഓമനപ്പേരിട്ടു വിളിച്ചു. വര്‍ക്ക് സൈറ്റിലെ നൂറോളംവരുന്ന ലേബേര്‍സിനെ ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണ് ഈ ചെറിയ കട. നൂറോളംവരുന്ന ലേബേര്‍സ് വര്‍ക്ക് സൈറ്റില്‍ത്തന്നെയുള്ള താല്‍ക്കാലിക ലേബര്‍ ക്യാമ്പിലാണ് താമസം. ഞങ്ങള്‍ എഞ്ചിനിയേര്‍സും സൂപ്പര്‍വൈസറി സ്റ്റാഫും വര്‍ക്ക് സൈറ്റില്‍നിന്നു മുപ്പതോളം കിലോമീറ്റര്‍ ദൂരെയുള്ള സോണാപ്പൂര്‍ എന്ന സ്ഥലത്തുള്ള ലേബര്‍ ക്യാമ്പിലും.

എന്നും രാവിലെയും വൈകിട്ടും കമ്പനിവക വാഹനത്തില്‍ ഞങ്ങളെ വര്‍ക്ക് സൈറ്റിലേക്ക് എത്തിക്കുകയും തിരിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു. ഞങ്ങള്‍ക്കുള്ള ഭക്ഷണം സോണാപ്പൂര്‍ ലേബര്‍ ക്യാമ്പിലുള്ള കമ്പിനിവക മെസ്സില്‍. കമ്പിനിവക മെസ്സില്‍ ഒരു ബംഗ്ലാദേശിയായിരുന്നു കുക്ക്. ഞങ്ങളുടെ ക്യാമ്പില്‍ വരുംമുമ്പ് അയാള്‍ ഏതോ അറബിവീട്ടിലെ കുക്കായിരുന്നു. അതുകൊണ്ട്, അയാള്‍ ഞങ്ങള്‍ക്കുണ്ടാക്കുന്ന ഭാഷണവും അറബിസ്റ്റൈലില്‍ തുടര്‍ന്നു. പലതും നമ്മള്‍ മലയാളികള്‍ക്ക് അത്ര രുചിക്കാത്തവയും. ഞാന്‍ രാവിലത്തെയും വൈകിട്ടത്തെയും ഭക്ഷണം സോണാപ്പൂര്‍ ക്യാമ്പില്‍നിന്നും ഉച്ചഭക്ഷണം ഡ്യൂട്ടിദിവസങ്ങളില്‍ വര്‍ക്ക് സൈറ്റിലെ ഖാദറിന്റെ കടയിലും അവധി ദിവസങ്ങളില്‍ വെളിയില്‍നിന്നും!
മുപ്പത്തിയൊന്നു വര്‍ഷം മുമ്പത്തെ ഓര്‍മ്മയിലേക്ക് ഈ ചിത്രം (ചിത്രം # 3)

എന്നെ തിരിച്ചുനടത്തുന്നപോലെ. കൊതിപ്പിക്കുന്ന മണമുള്ള ബസ്മതിയരിയുടെ ചോറും കാസര്‍ഗോഡന്‍ രീതിയില്‍വെച്ച അയലക്കറിയും കുപ്പിയച്ചാറും ബീന്‍സ്സോ ക്യാബേജോ ക്യാരറ്റോ കൊണ്ടുള്ള തോരനും പപ്പടവും ഒരു പായ്ക്കറ്റ് ലേസിയും കൂടെ ചെറിയൊരു പളുങ്കുപാത്രത്തില്‍ കിസ്മിസ്സും അണ്ടിപ്പരിപ്പും ഏറെയുള്ള സേമിയപ്പയസവും കുടിക്കാന്‍ മിനറല്‍ വാട്ടറും. വിലതുച്ചും ഗുണം മെച്ചുമുള്ള ഉച്ചഭക്ഷണം! മേശകസേരകളെല്ലാം മണലില്‍ ഉറപ്പിച്ച മരക്കമ്പില്‍ പ്ലൈവുഡ് അടിച്ചത്. വെള്ളം ടാങ്കര്‍ ലോറിക്കാരോട് വാങ്ങി വലിയ പ്ലാസ്റ്റിക്ക് കന്നാസുകളില്‍ നിറച്ചുവയ്ക്കും. വൈദ്യുതി കണക്ഷന്‍ ഇല്ലായിരുന്നു. ഞങ്ങളുടെ വര്‍ക്ക് സൈറ്റിലുള്ള ജനറേറ്ററില്‍നിന്നുള്ള താല്‍ക്കാലിക കണക്ഷന്‍ ഉണ്ടായിരുന്നു. ഖാദര്‍ അവിടെത്തന്നെയാണ് കിടപ്പും. സഹായികള്‍ ആരുമില്ല.

ഒരു ദിവസം, ഒരു വ്യാഴാഴ്ച രാത്രിയില്‍ ഓട്ടകങ്ങള്‍ ആ വഴിവന്ന് ആ കട കുത്തിമറിച്ചിട്ട് എല്ലാം നശിപ്പിച്ചു. കടയ്ക്കിള്ളില്‍ കിടന്നുറങ്ങിയിരുന്ന ഖാദറിനെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ എത്തിക്കേണ്ടിവന്നു.

ഒട്ടകങ്ങള്‍ക്കുള്ള വെള്ളം അവയുടെ ഉടമയായ അറബിയോ അറബിയുടെ സഹായിയോ ആണ് എത്തിച്ചുകൊടുക്കുന്നത്. മരുഭൂമിയിലൂടെ ഓടുന്ന പിക്കപ്പുവാനില്‍ ചെറിയ ടാങ്കറുകളില്‍ കൊണ്ടുവന്ന് മരുഭൂമിയില്‍ വച്ചിരിക്കുന്ന വലിയ മരത്തോണികളില്‍ ഒഴിച്ചുവയ്ക്കുകയാണ് പതിവ്. ഇത്, ആഴ്ചയില്‍ ഒന്നോരണ്ടോ തവണ ഉണ്ടാവും. ഞങ്ങളുടെ വര്‍ക്ക് സൈറ്റിനടുത്തുള്ള ഒട്ടകക്കൂട്ടങ്ങളുടെ തോണിയിലെ വെള്ളത്തിന്റെ ശേഖരം തീര്‍ന്നപ്പോള്‍ അവറ്റകള്‍ രാത്രിയുടെ മറവില്‍, ഇരുട്ടിന്റെ മറപറ്റി, വര്‍ക്ക് സൈറ്റിന്റെ താല്‍ക്കാലിക വേലി ചാടിക്കടന്ന് ഖാദറിന്റെ കടയില്‍ വന്ന് അവിടെ കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന വെള്ളം കുടിക്കുകയും കടയിലെ ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ കൊള്ളയടിക്കുകയുമായിരുന്നു. കൊള്ളയടിയുടെ ഇടയിലാണ് കട തകര്‍ന്നത്. ഉറങ്ങിക്കിടന്ന ഖാദറിന്റെ മുകളിലേക്ക് കടയുടെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.

രാവിലെ നേരത്തെയുണര്‍ന്ന ലേബേര്‍സ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി ക്യാമ്പിന് അല്പം അകലെയുള്ള റ്റോയിലെറ്റ് സൗകര്യത്തിലേക്ക് പോകുമ്പോഴാണ് ‘ഖാദര്‍ വിലാസം സൂപ്പര്‍സ്റ്റോര്‍’ വീണുകിടക്കുന്നത് കാണുന്നത്. ഓടിക്കൂടിയവര്‍ കാണുന്നതു ഖാദര്‍ മേല്‍ക്കൂരയ്ക്കാടിയില്‍ മുറിവുപറ്റി, ചോരയൊലിപ്പിച്ച്, അവശനായി കിടക്കുന്നതും. അപ്പോഴും ഖാദറിന്റെ ഓട്ടോമാറ്റിക് റീവൈന്റിഗ് സിസ്റ്റമുള്ള റ്റേപ്പുറിക്കോഡര്‍ പാടിക്കൊണ്ടിരുന്നു. “ഒരു കൊട്ട പൊന്നുണ്ടല്ലോ, മിന്നുണ്ടല്ലോ മേനി നിറയെ”. മേനി നിറയെ മുറിവും ചോരപ്പടുമുള്ള ഖാദറിനെ താങ്ങിയെടുത്ത് ഒരു കിലോമീറ്റര്‍ ദൂരെയുള്ള അവീര്‍-ഒമാന്‍ ഹൈവയിലേക്ക് മരുഭൂമിയിലൂടെ നടന്നെത്തിച്ചു. അവിടെനിന്ന് ഒരു റ്റാക്സിയില്‍ ഖാദറെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നെ, ഖാദറിന് എന്തുപറ്റിയെന്ന് ആര്‍ക്കും ഒരു വിവരവുമില്ല.

വര്‍ക്ക് സൈറ്റിലെ എല്ലാവരും കരുതിയത്‌, ഖാദര്‍, സുഖംപ്രാപിച്ച് ആശുപത്രിവാസം കഴിഞ്ഞശേഷം മടങ്ങിവന്നു കട പൂര്‍വ്വാധികം ഭംഗിയായി നടത്തുമെന്നാ. കാരണം, നല്ലനിലയില്‍ പൊയ്ക്കൊണ്ടിരുന്ന ഒരു കടയായിരുന്നത്. പലരും പറ്റുകാശ് കൊടുക്കാനുണ്ടായിരുന്നു. ഞാനും മുപ്പത് ദിര്‍ഹം കൊടുക്കനുണ്ടായിരുന്നു. കുറേക്കാലത്തേക്ക് ഞാന്‍ മുപ്പത് ദിര്‍ഹം (അക്കാലത്ത് 430 രൂപയ്ക്ക് തുല്യം) എപ്പോഴും എന്റെ പേഴ്സില്‍ കരുതിയിരുന്നു. വീക്കെന്റില്‍ ദുബായ് പട്ടണത്തില്‍ വരുമ്പോള്‍, ജനക്കൂട്ടത്തിനിടയില്‍, റ്റാക്സിസ്റ്റാന്റില്‍, അബ്രയില്‍(ബോട്ടടുക്കുന്ന സ്ഥലം) ഷോപ്പിഗ് സെന്റെറുകളില്‍, ഷോപ്പിഗ് ഉത്സവമൈതാനങ്ങളില്‍, ബസ് സ്റ്റോപ്പുകളില്‍, മറ്റ് വര്‍ക്ക് സൈറ്റുകളില്‍, ഏര്‍പ്പോര്‍ട്ടിന്റെ ലോഞ്ചില്‍ എവിടെയെല്ലാം എത്തിപ്പെടുന്നോ അവിടെയെല്ലാം ആ സൗമ്യമുഖം തിരയുമായിരുന്നു. ഇന്നും ആ അന്വേഷണം തുടരുന്നു.

ദുബായ് എന്ന മഹാനഗരത്തിലോ ദുബായുടെ പ്രാന്തപ്രദേശങ്ങളിലോ ഏതെങ്കിലുമൊരു ഗ്രോസറിയുടെയോ കാഫിറ്റേരിയുടെയോ മുമ്പിലൂടെ നടന്നുപോയാല്‍, ഞാന്‍ ആറിയാതെ എന്റെ കണ്ണുകള്‍ ആ സ്ഥാപനങ്ങളിലേക്ക് കടന്നുചെല്ലും. കൌണ്ടറിലിരിക്കുന്നവരിലോ സാധനങ്ങള്‍ എടുത്തുകൊടുക്കുന്നവരിലോ ഖാദറുണ്ടോ എന്നു പരതം. ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആ കാസര്‍ഗോഡുകാരനെ കാലമെത്രകഴിഞ്ഞാലും എനിക്ക് തിരിച്ചറിയാനാവും. കാരണം, എട്ടുമാസക്കാലം ആ മനുഷ്യന്‍, ഒരുനേരമായാലും എന്നെ വയറുനിറച്ചൂട്ടിയവനാ!
ഞാന്‍ ഗള്‍ഫില്‍ വരുമ്പോള്‍, ഇത്തരം ചെറുകിടസ്ഥാപനങ്ങള്‍ അധികവും നടത്തിയിരുന്നത് മലയാളി(അറബികള്‍ മലബാറി എന്നുപറയും)കളാണ്!

അതുകൊണ്ട്, ഇത്തരം സ്ഥാപനങ്ങളുടെ ബോര്‍ഡില്‍ അറബി, ഇംഗ്ലീഷ് ഭാഷകളോടൊപ്പം മലയാളവും ഉണ്ടായിരുന്നു! ഇന്ന്, മലയാളികളുടെയല്ലാത്ത സ്ഥാപനത്തില്‍പ്പോലും പലയിടത്തും മലയാളികളെ ആകര്‍ഷിക്കാനായി മലയാളം ഭാഷയിലെ ബോര്‍ഡ് കാണാം,. എന്തിനേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍പ്പോലും മലയാളഭാഷയിലുള്ള ചില അറിയിപ്പുകളും റോഡുകളില്‍ കാണുന്ന ദിശാസൂചികയിലും ശ്രേഷ്ഠഭാഷയായ മലയാളം വായിക്കാം!

ഇത്തരം ചെറിയ സ്ഥാപനങ്ങളുടെ മിക്കതിന്റെയും അന്നത്തെ പേര് ആരംഭിച്ചിരുനത്‌ ‘ബിസ്മില്ലാ’ എന്ന അറബി വാക്കോടെയാണ്. ഈ വാക്കിന്റെ അര്‍ത്ഥം ‘ദൈവനാമത്തില്‍’ എന്നാകുന്നു. അന്ന്, ‘ദൈവനാമത്തില്‍’ ചെറിയ കടകള്‍ തുടങ്ങിയ പലരും ഇന്ന്, ‘ദൈവാനുഗ്രഹത്താല്‍’ വലിയവലിയ സുപ്പര്‍ മാര്‍ക്കറ്റുകളുടെയും സുപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളുടെയും അറബാവു(മുതലാളി)മാരാണ്! അവര്‍ക്കൊക്കെ ഗന്ധകത്തിന്റെ മണവും ഉപ്പുകാറ്റിന്റെ രുചിയും ജീവിതത്തിന്റെ ഗന്ധവും രുചിയും!!

[ചിത്രങ്ങള്‍ ഈ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നവയല്ല, പക്ഷേ, സാദൃശ്യസമാനതകളെറെ. ഒന്നാം ചിത്രത്തിനു എഫിയോടും രണ്ടാം ചിത്രത്തിനു ശ്രീകണ്ഠന്‍ കരിക്കകത്തോടും മൂന്നാം ചത്രത്തിനു ഷെരീഫ് ഇബ്രാഹിമിനോടും കടപ്പാട്. ഈ ഓര്‍മ്മക്കുറിപ്പിനു വഴിമരുന്നായത് ഷെരീഫ് ഇബ്രാഹിമിന്റെ ഒരു എഫ്ബി പോസ്റ്റ്‌]

By ivayana