ശോഭ വിജയൻ ആറ്റൂർ ✍️
പാതിമിഴിയടഞ്ഞ
തൃസന്ധ്യതൻ നെറ്റിയിൽ സിന്ദൂരതിലകമണിയാനെത്തിടും
ചെങ്കതിരോന്റെ കിരണങ്ങൾ മെല്ലെമാഞ്ഞീടവേ
മൺചിരാതിന്റെ ദീപനാളത്തിൽ മനസ്സിന്റെപൂമരച്ചില്ലയിൽ
പൂവിട്ടസ്വപ്നങ്ങളിൽ പിന്നിട്ടവഴികളിലൂടെ
നിഴലായ് വെള്ളികൊലുസ്സിന്റെ മണികിലുക്കത്തിൽ
കൊഴിഞ്ഞൊരാനല്ലോർമ്മകളിലിപ്പോഴും തേടിയലയുന്നു നിന്നെഞാൻ.
പാദസരംകിലുക്കിയൊഴുകുമാ പുഴയിലും
കിലുക്കാംപെട്ടിപോലെ ചിവിടിന്റെ ആരവങ്ങൾക്കിടയിലും
തേടുന്നുനിൻ ചിലമ്പൊലിനാദം.
ആത്മാവിനെ തൊട്ടുണർത്തുമാ
ധനുമാസരാവിൽ കുളിർകാറ്റായിവന്നു
നിറംമങ്ങാതെസൂക്ഷിച്ചഓർമ്മകളിലിപ്പോഴും
കേട്ടുനിൻ കാലൊച്ചതൻ മണിക്കിലുക്കം.
ആരാരുമറിയാതെ പൂത്തപൂമരകൊമ്പിൽ ചെറുകിളിയായ് കൂടുകൂട്ടി.
മഴവില്ലായ് വന്നുവർണ്ണങ്ങൾ വാരിവിതറി അകലെയെങ്ങോ മാഞ്ഞുപോയ്.
കാലമറിയാതെ പൂത്തപൂക്കളിൽ നിൻ മന്ദഹാസത്തിനായ് കൊതിച്ചു.
ചന്ദ്രികതൻപൂനിലാവിൽ പൊന്നാമ്പലായ് വിരിഞ്ഞൊരീമുഖം
വാടാതെ കനവിന്റ തീരങ്ങളിൽ
വെൺശംഖ്നുള്ളിലെ മൗനമായ് കടലറിയാതെ
ഹൃദയത്തിന്റെ മുത്തുചിപ്പികളിൽ സൂക്ഷിച്ചനിൻ
ഓർമ്മകളിലൂടെ മകരമഞ്ഞിന്റെ കുളിരു പെയ്യുന്നസന്ധ്യകളിൽ
നിൻവെള്ളികൊലുസ്സിന്റ നിസ്വനത്തിനായ് കാതോർത്തിരിക്കുന്നു ഞാൻ.