രചന – ഉണ്ണി അഷ്ടമിച്ചിറ.✍️

ഒരു നിരീക്ഷകൻ കൂടെയുണ്ടെന്ന് അദ്ദേഹം അറിയുന്നില്ല. ഇതിനുമുമ്പും ഞാൻ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്,നിഴലുപോലെ… നിശ്ശബ്ദനായ്….
തികച്ചും യാദൃശ്ചികമായിട്ടാണ് ഇന്ന് ഞാനദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടിയത്. അദ്ദേഹം മൂക വിഷാദരൂപനായിരുന്നു.

ഡോ. അരുൺ പ്രസാദ് എന്ന സൈക്കാട്രിസ്റ്റിൻ്റെ വീട്ടിനു മുന്നിലെ പരസ്യപലകയിലെ ഡിഗ്രികൾ ഒന്നൊന്നായി എണ്ണി തീർത്ത ശേഷം അരവിന്ദാക്ഷമേനോൻ ഗേറ്റ് തുറന്ന് കൺസൾട്ടിങ് റൂമിന് മുന്നിലേക്ക് നടന്നു. അവിടെ ഏതാനും പേർ മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ. ആരും പരസ്പരം നോക്കുകയോ പുഞ്ചിരിക്കയോ ചെയ്തില്ല. പരസ്പരം മുഖം മറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഊഴം കഴിയാനായി അരവിന്ദാക്ഷമേനോനും കാത്തിരുന്നു.

“നമസ്കാരം അങ്കിൾ…..
വരൂ….. ഇരിക്കൂ….. ” . അരവിന്ദാക്ഷമേനോൻ മുന്നോട്ട് വച്ച കാൽ പിന്നിലേക്ക് ഒന്ന് വലിച്ചു. ആ മുഖത്ത് ഒരു ജാള്യത പടർന്നു.
“എന്താ അങ്കിൾ മടിച്ചു നിൽക്കുന്നത്….. വരൂ ഇരിക്കൂ”. ഡോക്ടർ നിർബന്ധിച്ചപ്പോൾ മേനോൻ ഇരുന്നു.
” അല്ലാ….. ഒരു സംശയം…. ” ഇപ്പോൾ ഡോക്ടറുടെ മുഖത്തും സംശയം കാണുന്നുണ്ട്. മേനോൻ്റെ ജാള്യത മാറിയിട്ടുമില്ല.
“താങ്കളാണോ ഡോക്ടർ? “. രോഗിയുടെ കാറ്റഗറി നിശ്ചയിക്കാനുള്ള പ്രഥമ ചുവട് വച്ച് ഡോക്ടർ പുഞ്ചിരിച്ചു.

“അതേ ഞാൻ തന്നെയാണ് ഡോക്ടർ “
“സർ ബോർഡിലെ ബിരുദങ്ങളുടെ നീണ്ടനിര കണ്ടപ്പോൾ ഞാൻ ധരിച്ചു താങ്കളും പ്രായമുള്ളൊരു വ്യക്തിയായിരിക്കുമെന്ന്. ഇതിപ്പോൾ…..” മേനോൻ നിന്നു പരുങ്ങുന്നതു കണ്ടപ്പോൾ ഡോക്ടർ ഭാവവ്യത്യാസങ്ങളൊന്നും കാട്ടാതെ മേനോൻ്റെ ഫയൽ തുറന്നു.
” അങ്കിളിന് 58 ആയല്ലേ?. എൻ്റെ പ്രായവും അതുതന്നെയെന്ന് കരുതിക്കോളൂ.” അരവിന്ദാക്ഷ മേനോന് ആശ്വാസമായെന്ന് ബോധ്യമായപ്പോൾ ഡോക്ടർ മേശപ്പുറത്തേക്ക് അൽപ്പം ചാഞ്ഞിരുന്നു.
“ഇനി നമുക്ക് സംസാരിച്ചു കൂടേ “. ഡോക്ടർ പുഞ്ചിരിച്ചു. മേനോനും പതുക്കെ ചിരിയിലേക്കിറങ്ങി വന്നു. മടിച്ചു മടിച്ചാണെങ്കിലും അരവിന്ദാക്ഷമേനോൻ മനസ്സു തുറന്നു.

” ഡോക്ടറേ…. വസുന്ധരാദേവി ICUവിൽ തന്നെയാണിപ്പഴും .ഇനി അധികനാളില്ലെന്ന് ഡോക്ടർ പറഞ്ഞുകഴിഞ്ഞു. മകളും അവളുടെ ഭർത്താവുമെത്തുന്നതുവരെ ICU വിൻ്റെ മുന്നിലെ കസേരകളിലായിരുന്നു എൻ്റെ പകലും രാത്രികളും. “
” അത് ആൻ്റിയല്ലേ?.ആൻ്റിക്കെന്താ പറ്റിയത്.” മേനോൻ്റെ കാര്യത്തിൽ തൽപരനാണെന്ന് വരുത്തി തീർക്കുകയാണ് ആ ഇടപെടൽ കൊണ്ട് ഡോക്ടർ ഉദ്ദേശിച്ചത്.
” അവൾക്ക് കാൻസർ ആണ് ഡോക്ടർ. അറിഞ്ഞില്ല. മൂർദ്ധന്യാവസ്ഥയിലാണ് അറിഞ്ഞത്. ഇനി രക്ഷയില്ലെന്ന് ഡോക്ടർമാർ പറയുന്നു. മകളും ഭർത്താവും മിനിഞ്ഞാന്ന്‌ പാതിരാക്ക് എത്തി. അവർ നിർബ്ബന്ധിച്ചപ്പോഴാണ് ഞാൻ വീട്ടിൽ പോയത്. രണ്ടു മൂന്ന് ദിവസത്തെ അലച്ചിലല്ലേ?. ഞാൻ പെട്ടന്നുറങ്ങി”. മേനോൻ്റെ സംസാരം മുറിഞ്ഞു. ബാക്കി പറയുവാൻ അദ്ദേഹം വിമ്മിഷ്ടപെടുന്നതു കണ്ടു. അദ്ദേഹം താടിക്ക് കൈ കൊടുത്തിരുന്നു. പിന്നീട് കൈ നെറ്റിക്കു താങ്ങായി.

” പറയൂ അങ്കിൾ…. പിന്നീടെന്താ സംഭവിച്ചത്.” പക്ഷേ മേനോൻ ഒന്നും പറയാനാകാതെ വിവശനായി.
” അങ്കിൾ ടെൻഷനാകണ്ട…… സാവധാനം പറഞ്ഞാൽ മതി. സോക്ടറോട് തുറന്നു പറഞ്ഞാലേ ഒരു കൺസൾട്ടൻസി കൊണ്ട് കാര്യമുള്ളൂ.”
” ഞാൻ എന്നത്തേയും പോലെ പ്രാർത്ഥിച്ചിട്ടു തന്നെയാണ് കിടന്നത്. എന്നിട്ടും ആ വൃത്തികെട്ട സ്വപ്നം കണ്ടു.” മേനോൻ ഒന്നു നിർത്തി. ഒരു സ്വപ്നത്തിൻ്റെ പാപഭാരമാണ് മേനോനെ അസ്വസ്ഥനാക്കുന്നതെന്ന് ഡോക്ടർക്ക് ബോധ്യമായി, എനിക്കും. ഇനി ഇദ്ദേഹം ഭാര്യ മരിച്ചതായും ഉടൻ പുനർവിവാഹിതനായി എന്നുമാണോ സ്വപ്നം കണ്ടത്. എൻ്റെ ചിന്ത ആ വഴിക്കും പോയി.

” വസുന്ധരയുടേതല്ലാതെ മറ്റൊരു സ്ത്രീയുടെ മുഖത്തു പോലും നാളിതുവരെ ഞാൻ നോക്കിയിട്ടില്ല സർ. അന്യ സ്ത്രീകളെ നോക്കുന്നതോ മോഹിക്കുന്നതോ പാപമാണെന്ന് കാരണവൻമാർ പഠിപ്പിച്ചിട്ടുള്ളതല്ലേ?”. ഡോക്ടർക്ക് സഹതാപമാണ് തോന്നിയത്. പക്ഷേ അദ്ദേഹം മേനോനു നേരെ സാന്ത്വനത്തിൻ്റെ നോട്ടം പായിച്ചു കൊണ്ടിരുന്നു.
“അങ്കിൾ മടിക്കാതെ കാര്യം പറയൂ….. നമുക്ക് പരിഹാരമുണ്ടാക്കാം.”

“സർ എൻ്റെ കൗമാരത്തിലാണ് ഞാനാദ്യമായിട്ട് ആ സ്വപ്നം കണ്ടത്.പിന്നീട് കല്യാണം കഴിയുന്നതുവരെ ഇടക്കൊക്കെ ആ സ്വപ്നം എൻ്റെ സ്വസ്ഥത കളയാനെത്തിയിരുന്നു……..
ശിവക്ഷേത്രത്തിനു പുറത്തെ പുൽത്തകിടിയിൽ വെറുതേയിരിക്കുമ്പോഴാണ് രാമുവെന്ന കാളക്കൂറ്റൻ പ്രകോപനങ്ങളൊന്നും കൂടാതെ കൊമ്പുകുലുക്കി എൻ്റെ നേരെ പാഞ്ഞടുത്തത്. ആനയുടെ കരുത്താണവന് . ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവൻ പാഞ്ഞടുത്തപ്പോൾ സർവ്വശക്തിയുമെടുത്ത് ഞാനോടി. അമ്പലത്തിനു വടക്കുവശത്തുള്ള അമ്പലക്കുളത്തിലെ പൂജാരിമാരുടെ കുളിപുരയുടെ വാതിൽ സർവ്വശക്തിയുമെടുത്ത് തള്ളിത്തുറന്നു. അകത്തു കയറി കുറ്റിയിട്ടു. പൊതുവേ ഇരുളടഞ്ഞതാണേലും അപ്പോൾ കുളത്തിലെ സൂര്യൻ അതിനുള്ളിലേക്ക് വെളിച്ചമടിക്കുന്നുണ്ടായിരുന്നു. പൂജാരിമാരുടെ കുളിപുരയിൽ ഒരു പെണ്ണോ?.

അവളുടെ മുഖത്ത് ഞാൻ നോക്കിയില്ല. പക്ഷേ ആ ശരീരം മുഴുവൻ ഞാൻ കണ്ടു. മെലിഞ്ഞിട്ട് ഉയരത്തിലുള്ളതായിരുന്നു അത്. കറുമ്പിയായിരുന്നു അവൾ. നല്ലെണ്ണ കുളിർക്കേ തേച്ച ആ ശരീരം പൂർണ്ണമായും നഗ്നമായിരുന്നു. അവൾ എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുമ്പോൾ ഞാനും നഗ്നനായിരുന്നു. അപ്പോഴേക്കും ആരൊക്കെയോ എന്നെ ഉറക്കത്തീന്നു് വിളിച്ചുണർത്തും. നേർവഴികാട്ടിയ ദൈവങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് സ്ത്രോത്രങ്ങൾ ഉരുവിടുമ്പോൾ, അത് കേട്ടിട്ടാകാം പാതിരാക്കുപോലും അച്ഛനും അമ്മയും മുറിയിലേക്ക് കടന്നു വരും.

യാത്രാവേളകളിൽ അച്ഛൻ കൂടെ കരുതാറുള്ള ഭഗവദ് ഗീതയുടെ ചെറിയ പതിപ്പ് എൻ്റെ തലയിണയുടെ അടിയിൽ തിരുകിയിട്ട് അദ്ദേഹം പറയും ” ഇനി ധൈര്യമായുറങ്ങിക്കോളൂ…. ദുസ്വപ്നങ്ങൾ കാണില്ല”. പക്ഷേ എൻ്റെ ദുസ്വപ്നമെന്തായിരുന്നെന്ന് ഞാൻ അവരോട് പറഞ്ഞിട്ടില്ല.”
ഇത്രയും പറഞ്ഞിട്ട് മേനോൻ മുന്നിലെ മേശയിൽ നെറ്റിമുട്ടിച്ച് കുമ്പിട്ടിരുന്നു. അദ്ദേഹം കിതക്കുന്നുണ്ടായിരുന്നു. ഡോക്ടർ നീട്ടിയ ഗ്ലാസിലെ വെള്ളം ഒറ്റവലിക്ക് അകത്താക്കിയിട്ട് മേനോൻ വീണ്ടും മേശയിലേക്ക് ചരിഞ്ഞു.

” അപ്പോൾ അങ്കിൾ ഇന്നലെ ആ സ്വപ്നം വീണ്ടും കണ്ടുവെന്നല്ലേ?. അതിനിത്ര വറീഡാകണോ?”. ഇത്രേം കേട്ടപ്പോൾ മേനോൻ തലയുയർത്തി.
“സർ അവിടെയല്ല പ്രശ്നം. ഇന്നെലെ സ്വപ്നത്തിനിടക്ക് ആരും വന്നെന്നെ വിളിച്ചുണർത്തിയില്ല. ആ സ്വപ്നം മുഴുവൻ അനുഭവിക്കേണ്ടി വന്നു. ഇപ്പോൾ എൻ്റെ മനസ്സ് ആസ്വപ്ന സുന്ദരിയുടെ മുഖമന്വേഷിക്കുകയാണ് …….
ഇനി ഞാനെങ്ങിനെ വസുന്ധരയുടെ മുഖത്തു നോക്കും.” കുറ്റബോധം മേനോനെ കരയിപ്പിച്ചു. പെയ്തൊഴിയുന്നതുവരെ ഡോക്ടർ കാത്തിരുന്നു. ഒരു സൈകാട്രിസ്റ്റിൻ്റെ രീതികളാകാമത്.
“അങ്കിളേ…… അങ്കിളിന് വലിയ പ്രശ്നങ്ങളൊന്നുമില്ല. നാളെ ഞായറല്ലേ? ഞാൻ ഫ്രീയാണ്. വൈകിട്ട് വരിക. നമുക്ക് കുറച്ചു നേരം സംസാരിച്ചിരിക്കാം. ഇപ്പോൾ ആശുപത്രിയിൽ പോയി ആൻ്റിടെ കാര്യങ്ങളൊക്കെ തിരക്കി വീട്ടിൽ പോകുക”. ഡോക്ടർ ചിരിക്കുന്നു. മേനോൻ്റെ മുഖമപ്പഴും ശാന്തമല്ല.

” ഡോക്ടർ….. ഇതിന് ട്രീറ്റ്മെൻ്റ്…..?”.
“അതൊക്കെ നമുക്ക് നാളെ തീരുമാനിക്കാം”. ഡോക്ടർ എഴുന്നേറ്റ് ബുക്ക്ഷെൽഫിൽ നിന്നും ഒരുപുസ്തകവുമെടുത്ത് മേനോൻ്റെ അരികിലേക്ക് ചെന്നു.
” അങ്കിളേ ഇത് ചാൾസ് ഡിക്കൻസിൻ്റെ ഒളിവർ ട്വിസ്റ്റാണ്. എനിക്കറിയാം ഈ നോവൽ വായിക്കാത്തവരായി ആരുമുണ്ടാവില്ല. അങ്കിൾ ഇന്നു രാത്രി പ്രാർത്ഥനയൊക്കെ കഴിഞ്ഞ് കിടക്കാൻ നേരം ഈ പുസ്തകമെടുത്ത് മനസ്സിരുത്തി വായിക്കണം. അതിൻ്റെ സാഹിത്യഭംഗിയും 200 കൊല്ലം മുമ്പത്തെ ഭാഷാപ്രയോഗ ശൈലിയുമെല്ലാം നിരീക്ഷണ ബുദ്ധിയോടെ വായിക്കണം”. മേനോൻ എല്ലാം തല കുലുക്കി സമ്മതിച്ചു. പക്ഷേ ആ മുഖത്തുദിച്ച ആശ്ചര്യം ഡോക്ടർ ശ്രദ്ധിച്ചു.
” അങ്കിളേ ഞാൻ കളിയാക്കിയതല്ല. ഇതും ഒരു ടെസ്റ്റാണ്. അതു വായിച്ച് കിടക്കുമ്പോൾ ഉറക്കം വരും.

അപ്പോൾ പുസ്തകമടച്ചുവച്ച് വായിച്ചതെല്ലാം റീകാൾ ചെയ്യുക. നാളെ നാം അതിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ എനിക്ക് അങ്കിളിൻ്റെ മെമ്മറിപവറുൾപ്പെടെ പലതും മനസ്സിലാക്കാനാവും” .
കസേരയുപേക്ഷിച്ച് എഴുന്നേൽക്കുമ്പോൾ മേനോൻ ഡോക്ടറെ നോക്കി.
“വ്യത്യസ്തമായിരിക്കുന്നല്ലോ അങ്ങയുടെ ചികിത്സാ രീതി”. മേനോൻ ചിരിച്ചു.
” അങ്ങിനെയാകണ്ടേ?. വെറുതേ ഗുളിക എഴുതി കൊടുക്കുന്നവൻ മാത്രമാകണോ ഡോക്ടർ “. ഡോക്ടറും ചിരിച്ചു. മേനോനും സന്തോഷത്തോടെതന്നെ അവിടം വിട്ടത്.
” ഡോക്ടർ….. അങ്ങ് മേനോന് എന്ത് ചികിത്സയാണ് ഉദ്ദേശിക്കുന്നത്.” ഇതുവരെ മൂകസാക്ഷിയായിരുന്ന എൻ്റെ ഇടപെടൽ ഡോക്ടറെ അസ്വസ്ഥനാക്കി.

“ആരാത്? എവിടെയാ?”ഡോക്ടർ ചുറ്റിലും നോക്കുന്നു.
“സർ ഞാൻ അരൂപിയായൊരു നിരീക്ഷകനാണ്. ഞാൻ മേനോൻ്റെ നിഴൽ പറ്റിയാണ് ഇവിടെ എത്തിയത്. ഇപ്പോൾ ഞാൻ അങ്ങയോടൊപ്പമുണ്ട്”. എല്ലാം മനസ്സിലാക്കിയതു പോലെ ഡോക്ടർ ഒന്ന് മന്ദഹസിച്ചു. പിന്നെ തൻ്റെ കറങ്ങുന്ന കസേരയിൽ ചാരിയിരുന്നു.
” നിരീക്ഷകാ….. മേനോൻ്റെ ട്രീറ്റ്മെൻ്റ് വളരെ ഈസിയാണ്. അദ്ദേം പറഞ്ഞ കാര്യങ്ങളിൽ നിന്നുതന്നെ അദ്ദേഹത്തിൻ്റെ പ്രശ്നങ്ങൾക്ക് ഹേതു എന്താണെന്ന് മനസ്സിലായി കാണുമല്ലോ. അതിരുവിട്ട സദാചാരബോധവും അബദ്ധവിശ്വാസങ്ങളുമമാണ് അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം.”

“അപ്പോൾ ഇതിനുള്ള ട്രിറ്റ്മെൻറ് എന്താകും ഡോക്ടർ.”
” മേനോനോട് ഒത്തിരി സംസാരിക്കേണ്ടി വരും. അദ്ദേഹത്തിൻ്റെ തെറ്റിദ്ധാരണകളെ തിരുത്തേണ്ടി വരും, ശരികൾ പഠിപ്പിക്കേണ്ടി വരും. ഏതായാലും നാളെ അദ്ദേഹം വരുമല്ലോ. എനിക്ക് വിജയപ്രതീക്ഷയുണ്ട് “. ഡോക്ടർ എഴുന്നേറ്റു. അടുത്ത രോഗിക്കായി തയ്യാറാകുകയാണദ്ദേഹം.
” അപ്പോൾ ഒളിവർട്വിസ്റ്റ് എന്തിനായിരുന്നു.”
ഡോക്ടർ എനിക്കായി കുറച്ചു നേരം കൂടി അനുവദിക്കാമെന്ന മട്ടിൽ കസേരയിലേക്ക് വീണ്ടും ചാരി .

” അതോ….. അങ്കിൾ ഇന്ന് മറ്റേ സ്വപ്നം കാണാതിരിക്കാൻ വേണ്ടിയുള്ള ഒരു ഡോസാണ്. നാളെ എന്നോട് ചർച്ച ചെയ്യേണ്ടി വരുമെന്നതിനാൽ ഇന്നദ്ദേഹം ഒരു സ്കൂൾ കുട്ടിയെ പോലെ ആ പുസ്തകം പഠിക്കും. ഉറക്കത്തിലും ഒളിവർ ട്വിസ്റ്റായിരിക്കും കൂടെ.”
” ശരി ഡോക്ടർ….. ഞാനിറങ്ങട്ടെ. വിജയാശംസകൾ” . രംഗം ഒഴിയാനായി ഞാൻ ശ്രമിക്കുമ്പോൾ ഡോക്ടർ വീണ്ടും ഇടപെട്ടു.

“നിരീക്ഷകാ…… ഈ മേനോനങ്കിളിൻ്റെ മകൻ പ്രസാദ് എൻ്റെ സതീർത്ഥ്യനായിരുന്നു. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അത് അദ്ദേഹം അറിയണ്ട.അതാണ് നല്ലത് “.
അപ്പോഴേക്കും വാതിൽ തുറന്ന് അടുത്ത “മനോരോഗി” അകത്തേക്കു കടന്നു. ആ ചെറുപ്പക്കാരൻ വളരെ സന്തോഷവാനാണെന്ന് തോന്നി. പക്ഷേ കൂടെയുള്ളവർ വിഷണ്ണരായിരുന്നു. അവർ കടന്നു വന്ന പഴുതിലൂടെ ഞാൻ പുറത്തേക്കിറങ്ങി.

By ivayana