മാത്യുക്കുട്ടി ഈശോ.
ന്യൂയോർക്ക്: കാരുണ്യത്തിൻറെ കരസ്പർശവും ജീവകാരുണ്യ പ്രവർത്തന മുഖമുദ്രയും മനുഷ്യത്വത്തിന്റെ സാന്ത്വനവും സാമൂഹിക പ്രതിബദ്ധതയുടെ മാറ്റൊലിയുമായി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന “എക്കോ” യുടെ (ECHO – Enhance Community through Harmonious Outreach) 2021 -ലെ വാർഷിക ഡിന്നറും അവാർഡ് ദാന നിശയും ഡിസംബർ 4 ശനിയാഴ്ച നടത്തപ്പെടുന്നു. ജെറിക്കോയിലുള്ള കൊട്ടിലിയൻ ഹോട്ടലിൽ വച്ച് വൈകിട്ട് 6 മുതൽ നടത്തപ്പെടുന്ന വാർഷിക ആഘോഷത്തിൽ എക്കോ കുടുംബാംഗങ്ങളും സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളും പങ്കെടുക്കുന്നു.
സ്വന്തം മാതൃരാജ്യത്തും ലോകത്തിലെ വിവിധയിടങ്ങളിലും പ്രകൃതി ദുരന്തത്താലും ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങളാലും കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ജനങ്ങൾക്ക് തങ്ങളാലാകുന്ന സഹായഹസ്തം നീട്ടുന്നതിന് തല്പരരായ ഏതാനും വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ കൂട്ടായി ചേർന്ന് 2013- ൽ ന്യൂയോർക്കിൽ രൂപീകരിച്ച നോൺ പ്രോഫിറ്റ് സംഘടനയാണ് എക്കോ. 501 (സി) (3) നോൺ പ്രോഫിറ്റ് ചാരിറ്റി സംഘടനയായി രജിസ്റ്റർ ചെയ്യപ്പെട്ട എക്കോ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. സംഘടനാംഗങ്ങളിൽ നിന്നും എക്കോയുടെ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിച്ച നല്ലമനസ്കരായ സുഹൃത്തുക്കളിൽ നിന്നുമുള്ള സഹായത്താൽ ലോകത്തിലെ പലയിടങ്ങളിൽ താങ്ങും തണലുമായി നിന്ന് ഇതിനോടകം എക്കോ ചെയ്ത പ്രോജെക്ടുകളെല്ലാം പ്രശംസനീയമാണ്.
2015 ഏപ്രിൽ 25 ന് നേപ്പാളിലെ കാത്മണ്ഡുവിന് സമീപം നടന്ന ഭൂകമ്പത്തിൽ ഒമ്പതിനായിരം ജനങ്ങൾ മരണപ്പെടുകയും 22,000 പേർക്ക് പരിക്കേൽക്കുകയും ആറു ലക്ഷത്തിലധികം കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിക്കുകയും ചെയ്തപ്പോൾ, എക്കോ അവരുടെ സഹായത്തിനായി ഉടൻ എത്തി. നേപ്പാളി ഡോക്ടർമാരുടെ സഹായത്താൽ 30,000 ഡോളർ മുടക്കി ഒരു പ്രൈമറി കെയർ സെന്റർ പണിതു നൽകിയത് ആ ജനതയ്ക്ക് വളരെ സഹായകരമായിരുന്നു. 2018 ലെ കേരള പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി രണ്ടു ലക്ഷം ഡോളർ സമാഹരിച്ചു റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നിർമിച്ചു നൽകിയ വീടുകൾ കോട്ടയം കുമരകത്തുള്ള 30 ഭവനരഹിതർക്കു തണലായി.
ഡേവിസ് ചിറമ്മേലച്ചന്റെ നേതൃത്വത്തിലുള്ള കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യയിലൂടെ ഡയാലിസിസ് മെഷീനുകൾ നൽകിയതും ആവശ്യത്തിലിരുന്ന ചിലർക്ക് ആർട്ടിഫിഷ്യൽ അവയവങ്ങൾ നൽകിയതും, ചെന്നൈയിലെ സങ്കൽപ് ലേണിംഗ് & സ്പെഷ്യൽ നീഡ്‌സ് സ്കൂളിന് നൽകിയ സഹായങ്ങളും ഇന്ത്യയിലെ കോവിഡ് നിയന്ത്രണ ഘട്ടങ്ങളിൽ സഹായ ഹസ്തം നീട്ടിയതും എക്കോ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്. ആവശ്യക്കാർക്ക് സഹായങ്ങൾ അവരുടെ കരങ്ങളിലേക്ക് നേരിട്ട് ലഭിക്കുന്നതായി ഉറപ്പു വരുത്തുവാൻ എക്കോ അംഗങ്ങൾ എപ്പോഴും ശ്രദ്ധാലുക്കളാണ്. എക്കോ നേരിട്ടും മറ്റു പ്രാദേശിക സംഘടനകളുടെ സഹകരണത്തിലൂടെയും വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളും നടത്താറുണ്ട്. പ്രാദേശികമായി ന്യൂയോർക്കിലെ വിവിധ സിറ്റികളിലായി നടത്തപ്പെട്ട ഫ്രീ കാൻസർ അവെയർനെസ്സ് ക്യാമ്പ്, കോവിഡ് അവയേർനെസ്സ് ക്യാമ്പ്, ടാക്സ് പ്ലാനിംഗ് ആൻഡ് അസ്സെറ്റ് പ്രൊട്ടക്ഷൻ പ്ലാനിംഗ് പ്രോഗ്രാം, ഫ്രീ മെഡിക്കെയർ എൻറോൾമെൻറ് സെമിനാർ മുതലായ പരിപാടികൾ പ്രാദേശിക ജനങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രശംസ നേടിയിട്ടുള്ളതാണ്. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ സഹായം അർഹിക്കുന്ന സീനിയർ ജനങ്ങൾക്കായി ഒരു സംപൂർണ അഡൾട്ട് ഡേ കെയർ സെന്റർ സ്ഥാപിക്കുന്നതാണ് എക്കോയുടെ അടുത്ത സ്വപ്നപദ്ധതി.
ഇതുപോലുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കു ധന ശേഖരണത്തിനായി എക്കോ ഡിന്നർ മീറ്റിംഗുകളും മറ്റു പരിപാടികളും നടത്താറുണ്ട്. ഡിസംബർ 4 നു നടക്കുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ ലഭിക്കുന്ന തുകയും കാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനാണ് സംഘാടകർ ആഗ്രഹിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ ആദരിക്കുന്ന ചടങ്ങും ഡിസംബർ 4 -ലെ മീറ്റിംഗിൽ നടത്തപ്പെടുന്നതാണ്.
ന്യൂയോർക്കിലെ ഈസ്റ്റ് ഹില്ലിലുള്ള ബ്ലൂ ഓഷൻ വെൽത് സൊലൂഷൻസിലെ സി.ഈ.ഓ.- യും മാനേജിങ് പാർട്ണറുമായ ഫ്രാങ്ക് സ്‌കലേസ് ആണ് അന്നേ ദിവസത്തെ മുഖ്യാതിഥി. എക്കോയിലൂടെ നൽകുന്ന എല്ലാ സംഭവനകൾക്കും 501 (സി) (3) പ്രകാരമുള്ള ഇൻകം ടാക്സ് ഇളവ് ലഭ്യമാണ്. എക്കോയുടെ പ്രവർത്തനങ്ങളിൽ പങ്കു ചേരണം എന്നും സഹായ ഹസ്തങ്ങൾ നീട്ടണം എന്നും താല്പര്യമുള്ളവർ 516-855-0700 എന്ന നമ്പറുമായി ബന്ധപ്പെടുക. Email: info@echiforhelp.org , Web: www.echoforhelp.org