കവിത: അശോകൻ.സി.ജി.
മാധ്യമക്കണ്ണീർ നിലച്ചു…
ചാനൽ ചർച്ചകൾ ഒഴിഞ്ഞു…
ക്യാമറക്കണ്ണുകൾ പുത്തൻ വാർത്താക്കാഴ്ചകൾ തേടുന്നു ..
ആത്മഹത്യയാഘോഷ
ങ്ങളാർത്തിയിരമ്പിയ വേദികൾ …
ചർച്ചകൾക്കും വിചാരണ കൾക്കുമിടയിലായി
ഫ്ലാഷായി മിന്നിമറയുന്ന കാഞ്ചനക്കടകളുടെ പരസ്യങ്ങൾ ..
കുറ്റസമ്മതങ്ങളും കുമ്പസാരങ്ങളും നിറംകെടുത്തുന്ന ന്യായാധിപക്കൂടുകൾ ..
മരണം വില്പനച്ചരക്കാക്കുന്ന നവ മാധ്യമക്കാഴ്ചകൾ …
വിവാഹമാമാങ്കങ്ങൾ പെൺവാണിഭങ്ങളാക്കിയ ഇടങ്ങളിൽ.,
സ്വർണ്ണക്കവചങ്ങളാൽ പൊതിഞ്ഞു കെട്ടി താലിച്ചെരടിനാൽ ബന്ധിതയാക്കിയ വധുക്കളുടെ പെണ്ണുടലകളാണിന്നു ജീവനറ്റു തൂങ്ങിയാടുന്നത് ..
(ഉടൽ മുറിവുകളാൽ ആലംഭഹീനയായ് ഉള്ളുരുകി കേഴുമ്പോഴും
താലിചാർത്തിയൊരാ കൈ സാന്ത്വനസ്പർശമായെത്തുമെന്ന് വെറുതെ നിനച്ചവൾ )
ചോദ്യങ്ങൾ നിലയ്ക്കാത്ത ശരങ്ങളായി വന്നു കൊണ്ടിരിക്കയാണ് ..
ആരാണ് ഈ കശാപ്പി നവസരം ഒരുക്കിയ നായാട്ടുകാർ?
നോവുകളുള്ളിലെരിയുമ്പോഴും വിതുമ്പരുതെന്ന്
ഓതി പഠിപ്പിച്ച അമ്മയോ?
ആണധികാരത്തിന്നെതിരെ സഹനമുറ ശീലിക്കാൻ പറഞ്ഞ അച്ഛനൊ?
ഉടൽ ചതവുകളും കരൾ
മുറിവുകളും എടുത്ത യച്ചിട്ടും നീ അവസ്ഥകളോടൊത്തുചേരാൻ കല്പിക്കുന്ന സോദരനോ? ഇത്രയുമൊക്കെയായിട്ടും ദുരന്തകഥകളിലെ കണ്ണീർ കഥാപാത്രമാകാൻ മാത്രം പഠിപ്പിക്കുന്ന സമൂഹമൊ?
ആരാണ് ഉത്തരവാദികൾ ..?
ഈ ഊരുവധത്തിലെ പ്രതികൾ നമ്മളാണ്..
ഉയിരുനല്കിയൊരമ്മയും നട്ടുവളർത്തിയ അച്ഛനും
തണലേകണ്ടിയിരുന്ന സോദരനും …
കൊലയ്ക്ക് കൊടുത്തത് അവരും കൂടിയാണ് ..
ഇന്നിപ്പോൾ മൗനത്തിലാണെല്ലാവരും.
പൊടി തട്ടിയെടുത്ത പഴയ നിയമ പുസ്തകയുയർത്തി
ഭരണാധികാരികൾ പറയുന്നു.
നിങ്ങൾ അബലകളല്ല
നിങ്ങൾക്ക് ഞങ്ങൾ കാവലുണ്ട്.
ന്യായഗ്രന്ഥത്തിലെ അക്ഷരങ്ങളിലേക്കിനിയും കറുത്തശ്ശീലയിൽ നയനങ്ങൾ ബന്ധിച്ച
നീതി ദേവതയുടെ ദൃഷ്ടി
പതിഞ്ഞിട്ടില്ല.