രചന : ശ്രീകുമാർ എം പി*

ചന്ദ്രഗിരിപ്പുഴ കടന്ന്
ചന്ദനപ്പൂഞ്ചോല താണ്ടി
ചെന്താമരപ്പൊയ്കനീന്തി
ഇന്ദ്രനീലരാവു വന്നു !
താരകൾ തിളങ്ങും സ്വേദ
വദനകാന്തി ചിന്നിയവൾ
ഇന്ദുലേഖ ചൊടികളിൽ
ഈറനണിഞ്ഞു നില്ക്കയായ് !
ആയില്യം നാഗക്കാവിൽ
ആരതിവിളക്കു പോലെ
ആരു കണ്ണിൽ വാരിയിട്ടു
ആയിരം പൊൻകിനാക്കളെ !
പാരിജാതപ്പൂവിടർന്നു
പാലപ്പൂമണം പരന്നു
പനിനീർമതി വിളങ്ങി
പാൽത്തിര നുരഞ്ഞുയർന്നു !
പൂങ്കുലകളേന്തി മെല്ലെ
യിളകിടുന്ന നാഗമായ്
പൂത്തിരികൾ കത്തും പോലെ
വിളങ്ങിടുന്ന നാഗമായ്
പൂഞ്ചോലയൊഴുകും പോലെ
യൊഴുകിവരും നാഗമായ്
ഫണം വിടർന്നുയർന്നാടി
പലഭാവം പകർന്നാടി
ഇരുൾ മുടിയഴിഞ്ഞാടി
ഇമരണ്ടുമടഞ്ഞാടി
നിറകളമഴിഞ്ഞുപോയ്
നിറമെല്ലാം മാഞ്ഞുപോയി
നിറധൂളിയുയർന്നിടുന്നു
നിറഞ്ഞു കാന്തിവിസ്മയം !
ചന്ദ്രചൂഡതാണ്ഡവം പോൽ
ചന്ദ്രഹാസദീപ്തി ചിന്നി
ചാരുനാഗമോഹിനിയായ്
ചടുലനൃത്തമാടിയവൾ !

By ivayana