(കഥ ) : സുനു വിജയൻ*

കൊല്ലപണിക്കത്തിക്കു രണ്ടു മക്കൾ. മൂത്തവൻ അപ്പു. ഇളയവൻ അനിരുദ്ധ്. അപ്പുവിന് കാഞ്ഞിരപ്പള്ളി ചന്തയിൽ ചുമടെടുക്കുകയാണ് പണി. അപ്പു അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടും ഉണ്ട്.
ഇളയവൻ അനിരുദ്ധ് വീട്ടിൽ ഉള്ള ആലയിൽ അച്ഛനെ സഹായിക്കുന്നു. പണിക്കന്റെ കൂടെ ആലയിൽ എപ്പോഴും ഇളയമകൻ അനിരുദ്ധ് ഉണ്ടാകും. മിതഭാഷി ആയ അയാൾ മിക്കവാറും ആലയിൽ ഉല ഊതുകയോ,പഴുത്ത ഇരുമ്പ് അടിച്ചു പരത്തുകയോ ചെയ്തുകൊണ്ട് എപ്പോഴും അച്ഛനെ സഹായിച്ചു ആലയിൽതന്നെ ഉണ്ടാകും.

അപ്പു എപ്പോഴും വാചാലനായിരുന്നു. ചന്തയിലെ ചുമട്ടു ജോലി കഴിഞ്ഞാൽ കാഞ്ഞിരപ്പള്ളി ബേബി തീയറ്ററിന് ഇടതുവശം ചിറ്റാറിന്റെ കരയിലെ കള്ളുഷാപ്പിൽ കയറി പള്ള നിറയെ അന്തികള്ളു കുടിച്ചു മദോന്മത്തനായി വലിയ ശബ്ദത്തിൽ പാട്ടുകൾ പാടി, ഇടയ്ക്കു ആരെയൊക്കയോ തെറിയും പറഞ്ഞു അപ്പു വീടെത്തുമ്പോൾ. ആ കൊല്ലക്കുടിയിലെ മറ്റുള്ളവരൊക്ക ഒരുറക്കം കഴിഞ്ഞിട്ടുണ്ടാകും
ഗ്രാമത്തിൽ പാതിരാവിൽ മിക്കവാറും അപ്പുവിന്റെ പാട്ട് ഉയർന്നു കേട്ടിരുന്നു. പ്രത്യേക ഈണമോ, താളമോ ഇല്ലാത്ത ആ പാട്ടുകൾ കരിമ്പാറക്കൂട്ടങ്ങളും, കാപ്പിചെടികളും നിറഞ്ഞ ഗ്രാമത്തിലെ സാവിത്രി കുന്നിൽതട്ടി പ്രതിധ്വനിച്ചിരുന്നു.

രാത്രി വൈകി പാട്ടും പാടി വീടണയുന്ന അപ്പു പക്ഷേ അതിരാവിലെ തന്നെ ഉണരുമായിരുന്നു. സാവിത്രിക്കുന്നിലെ കരിമ്പാറക്കൂട്ടങ്ങളുടെ ഇടയിൽ കാപ്പിച്ചെടികളുടെ മറവിൽ വെളിക്കിരുന്നിട്ട്, നാക്കുവടിക്കാൻ ചെവിയിൽ ഒരു പച്ച ഈർക്കിലിയും തിരുകി,ഉമിക്കരിയാൽ പല്ലുതേച്ചുകൊണ്ട് ശോശപ്പുഴയുലെ കടവിലേക്ക് അപ്പു കുളിക്കാൻ മൂളിപ്പാട്ടും പാടി നടന്നുപോകുന്നത് ആണ്ടുമഠത്തിൽ പാലു വാങ്ങാൻ പോകും വഴി ഞാൻ കാണാറുണ്ടായിരുന്നു.
വെളുത്തു മെലിഞ്ഞ, ചുരുണ്ട മുടിയുള്ള അപ്പു കൈലിമുണ്ടും ഉടുത്ത് , തലയിൽ തോർത്തുകൊണ്ടുള്ള വട്ടകെട്ടുംകെട്ടി, ഷർട്ടിടാതെ, ഷർട്ട് തനിക്കുണ്ട് എന്നു കാണിക്കാൻ പഴയ ഒരു ഷർട്ട്‌ തോളത്തിട്ടുകൊണ്ട് വഴിയിൽ കാണുന്നവരോടൊക്കെ ഉറക്കെ വർത്തമാനം പറഞ്ഞു കാഞ്ഞിരപ്പള്ളി ചന്തയിലേക്ക് നടക്കുന്നത് എന്റെ ഗ്രാമത്തിലെ പതിവു കാഴ്ചകളിൽ ഒന്നായിരുന്നു.

അപൂർവ്വം ചില ദിവസങ്ങളിൽ മാത്രം കള്ളിന്റെ പൂസ് കുറവുള്ള സമയത്ത് പണിക്കത്തി അപ്പുവിനെ ഗുണദോഷിക്കാറുണ്ടായിരുന്നു. ആലയിൽ ആ സമയം ഉല ഊതിക്കൊണ്ടിരിക്കുന്ന അനിരുദ്ധനോ, ചുണ്ടിൽ ബീഡിയും പുകച്ചു ഇരുമ്പ് അടിച്ചു പരത്തുന്ന പണിക്കനോ അപ്പുവിനോട് ഒന്നും പറയുകയോ അപ്പുവിനെ ശ്രദ്ധിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല.
അപ്പുവിന്റെ വീടിന്റെ ചാണകം മെഴുകിയ തറയിൽ മുറുക്കാൻ ചവച്ചുകൊണ്ട് വീടിനോട് ചേർന്നുള്ള പനയോല മേഞ്ഞ ആലയിൽ പണിയുന്ന പണിക്കനോടും മകൻ അനിരുദ്ധനോടും പണിക്കത്തി വർത്തമാനം പറഞ്ഞിരിക്കുന്നതും, ഉലയിലെ തീയിൽ പഴുപ്പിച്ച് അടിച്ചു പരത്തിയ ഇരുമ്പുകഷണങ്ങൾ വെള്ളത്തിൽ മുക്കുമ്പോൾ ഇടയ്ക്കിടെ കേൾക്കുന്ന ശൂ.. ശൂ.. ശബ്ദവും ഞാൻ ആ കൊല്ലക്കുടിയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ കാണുകയും, കേൾക്കുകയും ചെയ്യുമായിരുന്നു. ആ കൊല്ലക്കുടിയിൽ പക്ഷേ എന്നെ ഏറെ ആകർഷിച്ചിരുന്നത് ആലയുടെ ഇടതുവശത്ത്‌ നിരനിരയായി വൈകുന്നേരങ്ങളിൽ പൂത്തു നിന്നിരുന്ന മഞ്ഞയും, വയലറ്റും നിറമുള്ള നാലുമണി പൂക്കളായിരുന്നു.

ഒരു ദിവസം ഉച്ചക്ക് കൊല്ലക്കുടിയിൽ പണിക്കത്തി വലിയ വായിൽ അപ്പുവിനോട് വഴക്കുണ്ടാക്കുന്നത് കേട്ടു. സാധാരണ ഒരിക്കലും ഉച്ച സമയത്ത് അപ്പു വീട്ടിൽ ഉണ്ടാകാറുള്ളതല്ല. വഴക്കിന്റെ കാരണം വൈകുംനേരത്തോടെ ഗ്രാമത്തിൽ പാട്ടായി. അപ്പു എവിടെ നിന്നോ ഒരു പെണ്ണിനെ വിളിച്ചുകൊണ്ടു വന്നത്രെ.. അതും ഊമയും ബാധിരയുമായ ഒരു പെണ്ണിനെ!
ഉഷ എന്നായിരുന്നു ആ പെണ്ണിന്റെ പേര്. അമ്മ വീട്ടിൽ പറഞ്ഞപ്പോഴാണ് ഉഷയുടെ കഥ ഞാൻ അറിഞ്ഞത്. അപ്പനും അമ്മയും മരിച്ച ഉഷ കള്ളു കുടിയനായ അമ്മാവന്റെ ഒപ്പമാണ് താമസിച്ചിരുന്നത്. ചേനപ്പാടിയിലുള്ള ഉഷയുടെ അമ്മാവന്റെ വീട്ടിൽ ഇടക്കൊക്കെ അപ്പു കള്ളുകുടിക്കാൻ പോകാറുണ്ടായിരുന്നത്രെ. അങ്ങനെ അപ്പുവിന് ഉഷയെ അറിയാമായിരുന്നു. മിണ്ടാപ്രാണിയായ ഉഷയെ തമിഴ് നാട്ടിലെ കമ്പത്തുള്ള പ്രായമായ ഒരണ്ണാച്ചിക്ക് അയാളിൽ നിന്നും പണം വാങ്ങി കെട്ടിച്ചു കൊടുക്കാൻ അമ്മാവൻ തുനിഞ്ഞപ്പോൾ അപ്പു ആ കെണിയിൽ നിന്നും ഉഷയെ രക്ഷിച്ചു വീട്ടിലേക്കു തന്റെ ഭാര്യയായി കൂട്ടിക്കൊണ്ട് വരികയായിരുന്നു.

“അവനെത്ര കുടിയനായാലും മനസ്സലിവുള്ളവനാ. മിണ്ടാത്ത, ചെവി കേൾക്കാത്ത ഒരു പാവം പെണ്ണിന് ഒരു ജീവിതം അവൻ കൊടുത്തല്ലോ. ആരു ചെയ്യും അങ്ങനെ ഒരു നല്ല കാര്യം.”
അമ്മ വീട്ടിൽ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അപ്പുവിനോട് സ്നേഹവും ബഹുമാനവും തോന്നി.
വീട്ടിലുള്ളവരുടെയെല്ലാം ഒരുകെട്ടു തുണിയുമായി ശോശപ്പുഴയിലെ സരസുവിന്റെ കടവിൽ രാവിലെ തുണി അലക്കാൻ ഉഷ പോകുമ്പോൾ ഞാൻ അവരെ കാണാറുണ്ടായിരുന്നു. വെളുത്ത്, പൊക്കം കുറഞ്ഞു അൽപ്പം വണ്ണമുള്ള ഉഷക്ക് ഒത്തിരി മുടിയുണ്ടായിരുന്നു വലിയ വിടർന്ന കണ്ണുകളുള്ള അവർ അതി സുന്ദരി ആയിരുന്നില്ലെങ്കിലും കുലീനയായ ഒരു സ്ത്രീയായിരുന്നു. ചെവി കേൾക്കാനും സംസാരിക്കാനും കഴിയാത്ത ഉഷ തന്റെ കുറവുകൾ മനസിലാക്കി വളരെ വിനയത്തോടെ പെരുമാറുന്ന ആളായിരുന്നു.

പണിക്കത്തിക്ക് ഉഷയെ കാണുന്നതേ വെറുപ്പായിരുന്നു. പൊട്ടിയായ മരുമകളുടെ കുറ്റം അവർ ഗ്രാമത്തിൽ ആരെക്കണ്ടാലും പറഞ്ഞിരുന്നു. വീട്ടിൽ ഉഷയെ ഒരു നികൃഷ്ട ജീവിയെപ്പോലെയാണ് പണിക്കത്തിയും, പണിക്കനും അനിരുദ്ധനും കണ്ടിരുന്നത്. അവരാരും ഉഷയെ അംഗീകരിക്കുകയോ സ്നേഹിക്കുകയോ ചെയ്തിരുന്നില്ല. അങ്ങനെ ഒരാൾ ആ വീട്ടിൽ താമസിക്കുന്നു എന്നുള്ള ഭാവം പോലും അവർക്കുണ്ടായിരുന്നില്ല.

എന്റെ അമ്മയോട് പലപ്പോഴും ആംഗ്യ ഭാഷയിൽ ഉഷ സംവദിക്കുന്നത്, തന്റെ സങ്കടങ്ങൾ നിറകണ്ണുകളോടെ വിവരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ മിണ്ടാപ്രാണിയുടെ ഗദ്ഗദങ്ങൾ നിറകണ്ണുകളോടെ അമ്മ അരകല്ലിൻ തറയിലിരുന്നു മനസ്സിലാക്കാൻ ശ്രമിക്കാറുണ്ടായിരുന്നു.
കല്യാണം കഴിഞ്ഞെങ്കിലും അപ്പുവിന്റെ കള്ളുകുടിക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. കല്യാണ ശേഷം അയാൾ ഇടക്കിടക്ക് ഷാപ്പിൽ അടിയും ഉണ്ടാക്കാൻ തുടങ്ങി.അടി ഉണ്ടാക്കുന്ന പ്രധാന കാരണക്കാരൻ ഉഷയുടെ അമ്മാവനാണ്. അയാൾക്ക് അപ്പുവിനോട് തീരാത്ത പകയാണ്. അണ്ണാച്ചി പോത്തുകച്ചവടത്തിനു കാഞ്ഞിരപ്പള്ളിയിൽ വരുമ്പോഴൊക്കെ ഷാപ്പിൽ അപ്പുവുമായി അയാൾ കശപിശയും തല്ലും ഉണ്ടാക്കും . അപ്പുവും വിട്ടുകൊടുക്കാറില്ല. പരസ്പരം കൊല്ലും എന്ന ഭീഷണി മുഴക്കി തല്ലുകൂടുന്ന അണ്ണാച്ചിയെയും, അമ്മാവനെയും അപ്പുവിനെയും ഷാപ്പിൽ നിന്നും ഷാപ്പുടമ പുറത്താക്കുമെങ്കിലും പുത്തനങ്ങാടി കവലയിൽ വച്ച് ഉഷയുടെ പേരുപറഞ്ഞു അടിപിടി ഉണ്ടാക്കുക അവരുടെ സ്ഥിരം പരിപാടിയായിരുന്നു.

ഉഷ എത്ര സ്നേഹിക്കാൻ ശ്രമിച്ചിട്ടും പണിക്കത്തിയും പണിക്കനും അനിരുദ്ധനും അവരെ അംഗീകരിക്കുകയോ ഉൾക്കൊള്ളുകയോ ചെയ്തില്ല. അവർക്ക് ഒരധികപ്പറ്റായി, പാതിരാത്രിയിൽ കള്ളുകുടിച്ചു പാട്ടുപാടി വരുന്ന അപ്പുവിനെ കാത്ത് എന്നും കണ്ണിൽ എണ്ണയൊഴിച്ച് ഉഷ ഉറങ്ങാതെ കാത്തിരുന്നു.

കാഞ്ഞിരപ്പളിയിൽ മാതാവിന്റെ പള്ളിയിലെ പെരുന്നാളും, മീനാക്ഷി കോവിലിലെ ഉത്സവവും,, തോട്ടുമുഖം മസ്ജിദിലെ ഇറച്ചിപ്പെരുന്നാളും കഴിഞ്ഞു.സാവിത്രിക്കുന്നിലെ കാപ്പി ചെടികൾ മാസ്മര ഗന്ധം പരത്തി പൂത്തു വിടർന്നു.
ഉഷ ഗർഭിണിയായി. തന്നെ പരിചരിക്കാനോ, ആശുപത്രിയിൽ കൊണ്ടുപോകാനോ, തന്റെ ഗർഭകാലത്തെ അസ്വസ്ഥതകൾ മനസ്സിലാക്കാനോ ആരുമില്ലെന്നു ഉഷക്കറിയാമായിരുന്നു. ആരും തുണയില്ലാതെ, ആരോടും ഒന്നും പറയാൻ കഴിയാത്ത, ആരിൽ നിന്നും ഒന്നും കേൾക്കാൻ കഴിയാത്ത ഉഷ തനിച്ചു കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ ഇടക്കൊക്കെ പോയി. നിസ്സഹായതയോടെ അവൾ ഡോക്ടറുടെ മുന്നിൽ കണ്ണീരൊഴുക്കി. തന്റെ ശാരീരിക അവസ്ഥകൾ വിവരിക്കാൻ പാടുപെടുമ്പോൾ ഉഷയെ നോക്കി ചിലർ പരിതപിച്ചു, ചിലർ പരിഹസിച്ചു, ചിലർ സഹതാപം പ്രകടിപ്പിച്ചു.

“പൊട്ടിക്ക് ഇനി ഒരു പൊട്ട സന്തതിയെക്കൂടി പെറ്റിടാത്ത കുറവും കൂടിയേ ബാക്കിയുള്ളൂ ” പണിക്കത്തി എപ്പോഴും ഗർഭിണിയായ ഉഷയെ നോക്കി തുള്ളിവിറച്ചു പറഞ്ഞുകൊണ്ടിരുന്നു.
അപ്പു കള്ളും, തല്ലുമായി മുന്നോട്ടു പോകുന്നതിനിടയിൽ ഉഷയെന്ന ഗർഭിണിയെ ശ്രദ്ധിച്ചതേയില്ല. ഒരു ഭർത്താവ് എന്തായിരിക്കണം എന്നയാൾക്ക് അറിയില്ലായിരുന്നു. അപ്പുവിനോട് തന്റെ കണ്ണുകളിൽ കൂടിയല്ലാതെ, തന്റെ നിശ്വാസങ്ങളിൽ കൂടിയല്ലാതെ ഒന്നും പറയാൻ ഉഷക്കാവുമായിരുന്നില്ല. നിറവയറുമായി ശോശപ്പുഴയിൽ ഓരോ കെട്ട് തുണികളുമായി ഉഷ എന്നും അലക്കാൻ എത്തി. ആ കൊല്ലക്കുടിയുടെ പിന്നാമ്പുറത്തെ ചായ്‌പ്പിൽ രാത്രി ഉറങ്ങാതെ കിടക്കുമ്പോൾ നിറവയറിൽ തലോടി ഉഷ ഒന്നു മാത്രം എപ്പോഴും പ്രാർത്ഥിക്കും.
“ദൈവമേ എന്റെ കുഞ്ഞിന് മിണ്ടാനും കേൾക്കാനും കഴിയണേ “.

അന്ന് സന്ധ്യ മുതൽ ഉഷക്ക് വല്ലാത്ത അസ്വസ്ഥതഅനുഭവപ്പെട്ടു അവൾക്ക്‌ ആദ്യമായി ചായ്‌പ്പിൽ തനിച്ചു കിടക്കാൻ പേടി തോന്നി. അവൾ ദയനീയമായി പണിക്കത്തിയുടെ മുന്നിലെത്തി
“ബ്ബേ ബ്ബേ ” എന്നു പറഞ്ഞു തന്റെ സ്ഥിതി അറിയിക്കാൻ ശ്രമിച്ചു. ഉഷയെ ഒന്നു നോക്കുക പോലും ചെയ്യാതെ പണിക്കത്തി ഉഷക്കു മുന്നിൽ മുറിയുടെ വാതിലടച്ചു കുറ്റിയിട്ടു.
പുറത്തു നേരിയ തോതിൽ മഴ പെയ്യുന്നുണ്ടായിരുന്നു. എന്തോ ആ കറുത്ത വാവ് ദിവസം ഉഷ ആകെ ആസ്വസ്ഥയായി. മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത വേദന. അത് അടിവയറ്റിലേക്ക് പടരുന്നു. നാഭിയിൽ എവിടെയൊക്കയോ കൊളുത്തി വലിക്കുന്നു. നട്ടെല്ലിൽ മുള്ളുകൾ തറഞ്ഞു കയറുന്നതു പോലെ…

അപ്പോൾ കാഞ്ഞിരപ്പള്ളിയിൽ ഷാപ്പിൽ നിന്നുംവയറു നിറയെ കള്ളു കുടിച്ചിട്ട് അപ്പു ഇറങ്ങി നടന്നിരുന്നു. അണ്ണാച്ചിയും അമ്മാവനുമായി ഇന്നും വഴക്കുണ്ടാക്കി. ആ വാശിക്ക് ഒരു കുപ്പി കൂടുതൽ കഴിച്ചു. കാലുകൾ നിലത്തുറക്കുന്നില്ല.. മഴക്ക് ശക്തി കൂടി. ഇരുട്ടിൽ അപ്പു വേച്ചു വേച്ചു നടന്നു. നിരത്തു വിജനമാണ്. മഴയിൽ ഉറക്കെ പാട്ടു പാടിക്കൊണ്ട് നടന്ന അപ്പുവിന്റെ തലയിൽ പിന്നിൽ നിന്നും ആരോ കമ്പികൊണ്ട് ശക്തമായി അടിച്ചു. അടിയുടെ ശക്തിയിൽ അപ്പു റോഡിലേക്ക് ആ മഴവെള്ളത്തിലേക്കു വീണു..

ബോധം മറയുന്നു അപ്പു അവ്യക്തമായി വിളിച്ചു
“ഉഷേ “
കൊല്ലക്കുടിയിലെ ചായ്‌പ്പിൽ ഉഷ വേദനകൊണ്ട് പുളഞ്ഞു. തൊണ്ടക്കുഴി മുതൽ കാലിലെ പെരുവിരൽ വരെയുള്ള ഞരമ്പുകൾ വലിഞ്ഞു മുറുകുന്നു. അടിവയറ്റിൽ തീക്കനാൽ കോരിയിട്ടത് പോലെ, ഗർഭപാത്രത്തിനു ചുറ്റുമുള്ള നേർത്ത ഭിത്തിയിൽ ആയിരം സൂചികൾ തറഞ്ഞിറങ്ങുന്നു. തുടയിടക്കുകൾ വേദനകൊണ്ട് പുളഞ്ഞു വിറക്കുന്നു, കണ്ണുനീരൊഴുകി കാഴ്ച മറയുന്നു.ഉഷ വേദനയോടെ അപ്പു ഒന്നെത്തിയിരുന്നെങ്കിൽ എന്നു കൊതിച്ചു.. ചോരയും, കൊഴുത്ത വെള്ളവും തുടയിൽ കൂടി ഒഴുകുന്നത് ഉഷ അറിഞ്ഞു.
മഴയുടെ ശക്തി കൂടി. കാഞ്ഞിരപ്പള്ളിയിലെ ആ റോഡുവക്കിൽ അപ്പു മരണത്തെ മണത്തു. ചോരവാർന്നു മരിക്കും മുൻപ് അയാൾ ഒരു കുഞ്ഞിനെ തന്റെ നേരെ നീട്ടി നിൽക്കുന്ന ഉഷയെ കണ്ടു. അവസാനമായി വീണ്ടും ഒരിക്കൽക്കൂടി ആ ശരീരത്തിൽ നിന്നും ഒരു ശബ്ദം നേർത്തു കേട്ടു

“ഉഷേ “..
ആ ജീവൻ മഴയിൽ ആ റോഡുവക്കിൽ പൊലിഞ്ഞു.
മഴ ശക്തമായി പെയ്യുകയാണ്. ഉഷ വേദന കൊണ്ട് അലറിക്കരഞ്ഞു. അമ്മേ എന്നല്ല അവൾ വിളിച്ചത് അപ്പുവേട്ടാ എന്നായിരുന്നു.. പക്ഷേ ആ ശബ്ദം തൊണ്ടക്കുഴിയിൽ കുരുങ്ങി. അവളുടെ നിലവിളി തൊണ്ടയിൽ നിന്നും പുറത്തു വന്നില്ല വീണ്ടും ഉഷ നിലവിളിച്ചു.. ഇല്ല ശബ്ദം പൊന്തുന്നില്ല.. വേദന സഹിക്കുന്നില്ല.
തൊണ്ട പൊട്ടിക്കീറുംവിധം ഉഷ അലറിക്കരഞ്ഞു
“അപ്പുവേട്ടാ…….”
ആശബ്ദം കണ്ഠനാളത്തിൽ നിന്നും പുറത്തു വന്നു!!!

ആ മഴയിൽ ഉഷ തന്റെ ഭർത്താവായ അപ്പുവിന്റെ പേരെടുത്തുവിളിച്ച് അലറിയത് ആ ഗ്രാമം മുഴുവൻ മറ്റൊലി കൊണ്ടു. ഉഷയുടെ അപ്പുവേട്ടാ എന്നുള്ള അലറിക്കൊണ്ടുള്ള വിളി കേട്ട പണിക്കത്തിയും, പണിക്കനും, അനിരുദ്ധനും ഞെട്ടിയുണർന്നു.. അവർക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

മണ്ണെണ്ണ വിളക്കു കത്തിച്ചു പണിക്കത്തി ചായ്‌പ്പിലേക്ക് ഓടി. അവിടെ അവർകണ്ടു ചോരയും വെള്ളവും തളം കെട്ടിയ ഉഷയുടെ കാലിടയിൽ ആ കുഞ്ഞിനെ.മകന്റെ പ്രതിരൂപത്തെ.
വേദന തിന്ന്, ചോരവാർന്നു ജീവൻ വെടിയാൻ കിടക്കുന്ന ഉഷയുടെ കാൽക്കീഴിൽ നിന്നും പണിക്കത്തി ആ കുഞ്ഞിനെ വാരിയെടുത്തു. അപ്പോൾ ആ കുഞ്ഞു കരഞ്ഞു. നിർത്താതെ.
അതീവ സന്തോഷത്തോടെ കുഞ്ഞിന്റെ ഒച്ച കേട്ട് അതിനെ മാറോടു ചേർത്ത് പണിക്കത്തി ആ വിളക്കിന്റെ പ്രഭ ഉഷയുടെ മുഖത്തേക്ക് അടുപ്പിച്ച് ഉഷയെ നോക്കി.

ഉഷയുടെ ചുണ്ടിൽ അവൾ മരിച്ചിട്ടും ഒരു പുഞ്ചിരി ബാക്കി നിന്നിരുന്നു. മരണത്തിനു തൊട്ടു മുൻപ് കേൾവിയും ശബ്ദവും തിരിച്ചു കിട്ടിയ ഉഷ തന്റെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് നിർവൃതിയോടെ ചിരിച്ചതാകാം!

അപ്പോൾ പുറത്തു മഴ പെയ്തു തോർന്നിരുന്നു.സാവിത്രിക്കുന്നിൽ നിന്നും ഒഴുകി വന്ന കാപ്പിപൂവിന്റെ സുഗന്ധം ശോശപ്പുഴകടന്ന് ആ കൊല്ലക്കുടിയുടെ മുറ്റത്തെ നാലുമണിചെടികളിൽ തഴുകി നിന്നു. അപ്പോൾ മഴ പെയ്തൊഴിഞ്ഞ മാനത്ത് നിലാവുദിച്ചു തുടങ്ങിയിരുന്നു.

By ivayana