രാജശേഖരൻ ഗോപാലകൃഷ്ണൻ*
ഹലാൽ ഇറച്ചി മാത്രം കഴിക്കുന്ന റഹീമിനും,
വേവിച്ചു കിട്ടിയാൽ ഏതുതരം ഇറച്ചിയും മൂക്കറ്റം കഴിക്കുന്ന കൊന്തയണിഞ്ഞ എബ്രഹാമിനും, നെറ്റിയിൽ ഭസ്മക്കുറിയും, കൈത്തണ്ടയിൽ ഹിന്ദു ചരടും കെട്ടിയ നാരായണനും, ഇന്നലെ ഉറക്കത്തിൽ വെളിപാടുണ്ടായി…..
മൂന്നു പേർക്കും അടുത്ത ജന്മം ….
“ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളായി പിറക്കാം!”
“അയ്യോ “
ഞെട്ടി, അവർ നിലവിളിച്ചു.
അവർ ഇറച്ചി തീറ്റി നിർത്തി.
കരഞ്ഞു കൊണ്ടവർ അപേക്ഷിച്ചു.
“ദൈവമേ, ഞങ്ങളെ കൊന്നു തിന്നരുതേ, കൊല്ലുമ്പോൾ വല്ലാതെ വേദനിക്കും.”
“അതെങ്ങനാ മക്കളെ, മനുഷ്യനു കൊന്നു തിന്നുന്നതിനാണ്, ഈ കണ്ട ജീവികളെ മുഴുവൻ ഞാൻ സൃഷ്ടിച്ചതെന്നല്ലെ, നിങ്ങൾ മനുഷ്യർ, എൻ്റെ പേരിൽ ആണയിട്ടു പറയുന്നത്..
നിങ്ങളും അങ്ങനെയല്ലെ വിശ്വസിക്കുന്നത്?”
ദൈവം ചോദിച്ചു.
“ദൈവമെ, എങ്കിലും ഞങ്ങളെ കൊന്നു തിന്നാൻ അനുവദിക്കരുതേ… കൊല്ലുന്ന നിമിഷം, ഓർക്കാൻ കൂടി കഴിയുന്നില്ല … അയ്യോ… “
മൂവരും കരഞ്ഞുപറഞ്ഞു.
“മക്കളെ, നിങ്ങളിങ്ങനെ പറഞ്ഞാൽ, മനുഷ്യരെങ്ങനെ ഹലാൽ ഇറച്ചി രുചിക്കും?”
ദൈവം ചോദിച്ചു.
“ഞങ്ങൾ മരിച്ചതിനുശേഷം ഹലാൽ ഇറച്ചിയായി അവർ കഴിച്ചാൽ പോരെ, ദൈവമേ “
മൂവരും ചോദിച്ചു.
ദൈവത്തിനു ചിരി പൊട്ടി.
“എങ്കിൽ ഇന്നു തൊട്ട് അങ്ങനെ ആകട്ടെ, ചത്തതിനെ തിന്നാൽ മതി..
ഒന്നിനേയും കൊല്ലരുത് ..ok. “
ദൈവം സമ്മതിച്ചു…
ശവംതീനികൾ ( ഹലാലും, ജഡ്ക്കയും )
ഒരു തീരുമാനത്തിലെത്താൻ നന്നേ വിഷമിക്കുന്നുണ്ട്!
മറ്റുള്ളവരെ കൊന്നു തിന്നുന്ന ആ രുചി
“മനുഷ്യമൃഗത്തിനു ” വേണ്ടെന്നു വെക്കാൻ എങ്ങന് കഴിയും!