ഡോളി തോമസ് കണ്ണൂർ✍️
തൂലികത്തുമ്പിലേയ്ക്കാവാഹിക്കാൻ കരുതിയ വാക്കുകൾ
മൗനത്തിന്റെ മടിശീലയിൽ കനം തൂങ്ങുന്നു.
മൂല്യച്യുതിയിലമർന്ന
സമൂഹത്തിന്റെ മുഖത്തേയ്ക്ക്
വാരിയെറിയാൻ കാത്തുവെച്ചവ.
വിറയ്ക്കുന്ന വിരലാൽ
ഞാൻ തൂലിക യെടുക്കുന്നു.
ചാട്ടുളി പോലൊന്നു സ്വന്തം മുഖത്തേയ്ക്കും വീഴാം എന്നുള്ള ഭീതിയിൽ
ഓരോ വാക്കും സൂക്ഷ്മതയോടെ എടുത്തു
മാറ്റുരച്ചു ഭംഗിയായി ചേർത്തു വയ്ക്കുന്നു.
മനസ്സിലെ കപട്യത്തെ പൊതിഞ്ഞു
പുറമേ മോടി കൂട്ടുന്നു.
എന്റെയുള്ളിലുമുണ്ട് ചുരമാന്തുന്ന വന്യമൃഗങ്ങൾ.
ആസക്തമായ ചിന്തകൾ.
സൂത്രത്തിൽ രക്ഷപ്പെടുന്ന
കൊലപാതകി.
വഞ്ചനയുടെ ദുർഗ്രാഹ്യതയുള്ള മനസ്സ്.
അസൂയ കനത്ത ചിന്തകൾ.
കാമത്തിന്റെ കനൽ.
എല്ലാം എന്റെ ഉള്ളിൽ ഭദ്രമാണ്.
മനസ്സിന്റെ തടവറയിൽ ഒരു വന്യ മൃഗത്തിന്റെ മുരൾച്ച എനിക്ക് മാത്രം കേൾക്കാം.