കുര്യൻ വൈദ്യൻ*
ഒരു പുലരി:
പള്ളിമുറ്റത്തെത്തിയപ്പോൾ
ആകാശം തൊടുന്നൊരു കൊടിമരം.
താഴെ
ഒരുവൻ അനുഭവിച്ച
തീരാവേദനയുടെ സാക്ഷ്യപ്പെടുത്തലെന്നോണം
ലോകനന്മയ്ക്കായ് വിധിച്ചതും
ഇന്നിൻ്റെ പ്രതീക്ഷ എന്നടയാളപ്പെടുത്തുന്നതുമായ
വലിയൊര് കുരിശ്.
മൂന്നുവട്ടം പ്രദക്ഷിണം വച്ച്
ഉരുകിത്തീർന്ന സ്‌നേഹത്തിൻ്റെ
സ്മരണയെന്നോണം
ഒരു മെഴുക് തിരി.
സ്തോത്രക്കാഴ്ചയായ്
കുറച്ച് നാണയങ്ങൾ.
മനസിനൽപം
ശാന്തത കൈവന്ന പോലെ!
മദ്ധ്യാഹ്നം:
നന്മയുടെ മുഖവുമായി ഒരുവൻ,
നേരിൻ്റെ നിറമുള്ള വസ്ത്രമണിഞ്ഞ് ചെറുപുഞ്ചിരിയോടെ
എന്നെ നോക്കുന്നു.
നിസ്കാരപായയിൽ ഞങ്ങൾ
തോളോട് തോൾ ചേർന്ന്…
പ്രാർത്ഥനയുടെ
നിശബ്ദമായ നിമിഷങ്ങൾ,
സ്നാന ജലത്തിൻ്റെ തണുപ്പ്
പാദങ്ങളിൽ നിന്ന്
മനസിലേക്കെത്തുന്നത് പോലെ.
നേർച്ചയായ് കുറച്ച് നാണയസമർപ്പണം.
സായാഹ്നം:
ചെമ്മാനം തുടുത്ത നേരം
അമ്പലമുറ്റത്തെ ആൽമരച്ചുവട്ടിൽ. ആലിലത്തൊട്ടിലിൽ
കണ്ണനെ ആട്ടിയുറക്കുകയാണ്
ഇളം കാറ്റ്.
തൃസന്ധ്യ നേരത്ത്
ശ്രീകോവിലിനുള്ളിൽ നിന്നൊരു
മണിനാദം.
മുറ്റത്തെ കൽവിളക്കിൽ
പ്രാർത്ഥനയോടെ ഒരു നെയ്ത്തിരി.
ദക്ഷിണയായി ഒരു നാണയം.
ദൂരെ നിന്നൊഴുകിവന്ന വേണുനാദം സന്ധ്യാവന്ദനമരുളും പോലെ…
മനസ് ശാന്തം
യാത്ര:
ആദിശങ്കരനും ബുദ്ധനും സഞ്ചരിച്ച പാതയിൽ എൻ്റെ പുഷ്പാർച്ചന.
ഗാന്ധിജിയിലേക്കെത്താൻ ഒരു ഗാന്ധീയനെ തേടിയുള്ള എൻ്റെ പ്രവാസം തുടരുകയാണ് …