കഥ : സുനു വിജയൻ*
ശോശപ്പുഴയുടെ തീരത്തായിരുന്നു തയ്യൽക്കാരിയുടെ വീട്. ഞാൻ തയ്യൽക്കാരിയെ ആദ്യമായി കാണുമ്പോൾ അവർക്ക് ഏകദേശം നാൽപ്പതിനു മുകളിൽ പ്രായമുണ്ടായിരുന്നു. സരോജിനി എന്നായിരുന്നു തയ്യൽക്കാരിയുടെ പേര്.തയ്യൽക്കാരിയുടെ വീട്ടുമുറ്റത്ത് എപ്പോഴും തീമഞ്ഞ നിറമുള്ള ചെറിയ സൂര്യകാന്തിപൂക്കൾ വിടർന്നു നിന്നിരുന്നു.
വെളുത്ത മുണ്ടും പുറകിൽ ഹുക്കുള്ള ചെറിയ ബ്ലൗസും ആണ് തയ്യൽക്കാരി എപ്പോഴും അണിഞ്ഞിരുന്നത്. എന്റെ ഓർമ്മയിൽ പുറകിൽ ഹുക്കുള്ള ബ്ലൗസ് ധരിക്കുന്ന മറ്റാരും ഉണ്ടായിരുന്നില്ല!
തയ്യൽക്കാരിയുടെ തോളിൽ എപ്പോഴും ഒരു ടേപ്പ് തുങ്ങിക്കിടന്നിരുന്നു. തയ്യൽ മിഷ്യനിൽ തയ്യിക്കുമ്പോഴും, മുറ്റത്തു വെറുതെ നിൽക്കുമ്പോഴും മാല പോലെ ആ തുണി അളക്കുന്ന ടേപ്പ് എപ്പോഴും അവരുടെ സന്തത സഹചാരിയായി ഒരാഭരണം പോലെ കാണപ്പെട്ടു.
ഞാൻ അമ്മയോടൊപ്പം സ്കൂളിൽ പഠിക്കുന്ന കാലത്തു രണ്ടുമൂന്നു തവണ തയ്യൽക്കാരിയുടെ വീട്ടിൽ പോയിട്ടുണ്ട്. വീടിന്റെ തെക്കു വശത്ത് ശോശപ്പുഴയുടെ അരികിലായി നീളത്തിൽ ഉള്ള ഒരു ചായ്‌പ്പിൽ ഇരുന്നാണ് അവർ തുണികൾ തയ്യിച്ചിരുന്നത്. ആ ചായ്‌പ്പിൽ പുഴയിലേക്ക് തുറക്കുന്ന ചെറിയ വാതിലുള്ള രണ്ടു ജനാലകളും ഒരു നാലുപാളി കതകും ഉണ്ടായിരുന്നു.
ആ ചായ്‌പ്പിൽ നീളത്തിൽ ഭിത്തിയോട് ചേർന്നു കെട്ടിയിരുന്ന അഴയിൽ ഗ്രാമത്തിൽ ഉള്ളവർ തയ്ക്കാൻ കൊടുക്കുന്ന തുണികൾ തുക്കിയിട്ടിരുന്നു. ആ ചായ്‌പ്പിന്റെ ഒരു മൂലയിൽ ധാരാളം വെട്ടുതുണികൾ കൂട്ടി ഇട്ടിരുന്നു. ഒത്തിരി നിറങ്ങൾ കാണാൻ സാധിക്കുന്ന ഒരു സ്ഥലമായി ഞാൻ ചെറുപ്പത്തിൽ ആ തയ്യൽക്കാരിയുടെ മുറിയെ വിലയിരുത്തിയിരുന്നു.
കാഞ്ഞിരപ്പള്ളി പട്ടണത്തിന്റെ മാറിലൂടെ ഒഴുകുന്ന ചിറ്റാറിന്റെ ഒരു കൈവഴി ആയിരുന്നു ഇന്നു ചെറുതെങ്കിലും അന്നു സാമാന്യം വലുപ്പമുള്ള ശോശപ്പുഴ. ആനക്കല്ലിൽ നിന്നും തിരിഞ്ഞ് പുളിമാവ് ഗ്രാമത്തിൽ കൂടി മാണ്ടുകുഴിയിലേക്ക് ഒഴുകിയിരുന്ന ശോശപ്പുഴയുടെ ഇരു കരകളിലും വലിയ റബ്ബർ തോട്ടങ്ങളായിരുന്നു.എന്നാൽ തയ്യൽക്കാരിയുടെ വീടിനടുത്ത് ശോശപ്പുഴയുടെ കരയിൽ നിറയെ മഞ്ഞ മുളകളായിരുന്നു വളർന്നു നിന്നിരുന്നത്.
മഞ്ഞ മുളംതണ്ടുകൾ തയ്യൽക്കാരിയുടെ വീടിനു മുകളിലേക്ക് എപ്പോഴും ചാഞ്ഞു കിടന്നിരുന്നു. ഉണങ്ങിയ മുളയിലകൾ വീണ് ആ വീടിന്റെ ഓടുകൾക്ക് എപ്പോഴും വെളുത്ത നിറമായിരുന്നു.
ശോശപ്പുഴയിൽ എത്ര വെള്ളം പൊങ്ങിയാലും തയ്യൽക്കാരിയുടെ വീട്ടിൽ വെള്ളം കയറില്ല എന്ന് അമ്മപറഞ്ഞു കേട്ടിട്ടുണ്ട്. പുഴവക്കിൽ വരിവരിയായി നിൽക്കുന്ന മഞ്ഞ മുളംതണ്ടുകൾ ഒരു കോട്ടപോലെ തയ്യൽക്കാരിയുടെ ആ വീടിനെ സംരക്ഷിച്ചിരുന്നുവത്രെ.
സരോജിനി വിവാഹം കഴിഞ്ഞ് പതിമൂന്നാം വയസ്സിൽ പാണൻ മാധവൻ എന്ന ഭർത്താവിന്റെ വീട്ടിൽ, ഈ ശോശപ്പുഴയുടെ തീരത്തു എത്തിയതാണ്. ഒരു തയ്യൽക്കാരൻ ആയിരുന്നു ഭർത്താവ് പാണൻ മാധവൻ. അയ്യാൾ തയ്യൽ ജോലി ചെയ്യുമ്പോൾ സരോജിനി ഹെമ്മിങ് ചെയ്യാനും, ഹുക്കുകൾ വക്കാനും, ബട്ടൻ ഹോൾ തുന്നാനും പഠിച്ചു. പിന്നെ മെല്ലെമെല്ലെ തയ്യൽ ജോലിയും സരോജിനി പഠിച്ചെടുത്തു.
സരോജിനിയുടെ തയ്യൽക്കാരനായ ഭർത്താവ് ഒരു സഞ്ചാരിയായിരുന്നു. ഉത്സവങ്ങൾ അയാൾക്ക് എന്നും ഒരു ഹരമായിരുന്നു അയാളുടെ ഈ ഉത്സവത്തോടുള്ള ഭ്രമം തീർക്കാനാണ് ഇരുപത്തി അഞ്ചുകാരനായ അയാളെ അയാൾക്ക് ആകെ തുണയായി ഉണ്ടായിരുന്ന അമ്മ ചിറക്കടവിലെ ഒരു പാണക്കുടിയിലെ പതിമൂന്നു തികഞ്ഞ സരോജിനിയെ കണ്ടെത്തി അയാൾക്ക് കല്യാണം കഴിച്ചു കൊടുത്തത്.
കല്യാണം കഴിഞ്ഞിട്ടും സരോജിനിയുടെ ഭർത്താവിന്റെ ഉത്സവക്കമ്പം മാറിയില്ല. അയാൾ അമ്മയെയും, പെണ്ണിനേയും തനിച്ചാക്കി ദൂരെ ദൂരെ അമ്പലപ്പറമ്പുകൾ തേടിനടന്നു.
നാട്ടുകാരുടെ തുണികൾ വാങ്ങി വീട്ടിൽ വച്ചിട്ട്, അതു തയ്യിക്കാൻ ശ്രമിക്കാതെ ഭർത്താവ് അമ്പല പറമ്പുകളിൽ ചുറ്റിനടന്നപ്പോൾ സരോജിനി സ്വയം ഒരു നല്ല തയ്യൽക്കാരിയായി മാറുകയായിരുന്നു. ആ കഴിവ് അവർ സ്വയം ആർജ്ജിച്ചെടുക്കുകയായിരുന്നു.
ഇതിനിടയിൽ ശോശപ്പുഴയിൽ അലക്കുന്നതിനിടെ കാലുതെറ്റി, തല പുഴയിലെ വലിയ കല്ലിൽ ഇടിച്ചു വീണ് പാണൻ മാധവന്റെ അമ്മ, സരോജിനിയുടെ അമ്മായി അമ്മ അകാലത്തിൽ മരിച്ചു. അപ്പോൾ സരോജിനി ഗർഭിണിയായിരുന്നു.അന്ന് സരോജിനി എന്ന പാണൻ മാധവന്റെ ഭാര്യയായ തയ്യൽക്കാരിക്ക് പ്രായം പതിനെട്ടു മാത്രം.
അമ്മ മരിച്ച് നാലു മാസം കഴിഞില്ല. ഏറ്റുമാനൂർ അമ്പലത്തിൽ ഉത്സവം കൊടിയേറി. പാണൻ മാധവൻ നാലര മാസം ഗർഭിണിയായിരുന്ന സരോജിനിയെ വീട്ടിൽ തനിച്ചാക്കി രാത്രി ഉത്സവം കൂടാൻ പോയി.
സമയവും, സന്ദർഭവും തക്കം പാർത്തിരുന്ന മാണ്ടു കുഴിയിലെ ഒരാഭാസനായ മദ്യപാനി തന്റെ ഒരു സ്നേഹിതനുമായി മദ്യലഹരിയിൽ ശോശപ്പുഴയുടെ തീരത്തെ ആ വീട്ടിൽ തനിച്ചു ഉറങ്ങിക്കിടന്നിരുന്ന സരോജിനിയുടെ അടുത്തെത്തി. ഭർത്താവ് ഇല്ലാതിരുന്ന സമയത്ത് തക്കം പാർത്ത് ഇരുവരുംകൂടി സരോജിനിയെ മാനഭംഗപ്പെടുത്താനായി തുനിഞ്ഞു വന്നതായിരുന്നു.
പ്രാണരക്ഷാർത്ഥം ഗർഭിണിയായ സരോജിനി കയ്യിൽ കിട്ടിയ കത്രിക കൊണ്ട് അവരെ രണ്ടുപേരെയും കുത്തി വീഴ്ത്തി. ഒരാൾ തല്ക്ഷണം മരിച്ചു. ഒരാൾ മൃതപ്രാണനായി ആശുപത്രിയിൽ എത്തിയ ശേഷവും മരിച്ചു .ആ നാരാധമൻമാരിൽ നിന്നും രക്ഷ നേടാനുള്ള പിടിവലിയിലും താത്രപ്പാടിലും സരോജിനിക്ക് വയറ്റിൽ വളരുന്ന തന്റെ കുഞ്ഞിനെ നഷ്ടമായി.
ചോരയിൽകുളിച്ച് അലറിക്കരഞ്ഞ സരോജിനിയെ ആരൊക്കയോ ചേർന്നു ആശുപത്രിയിൽ എത്തിച്ചു. പിന്നെ, കേസ് കോടതി.. പ്രാണരക്ഷാർത്ഥം ആണെങ്കിലും രണ്ടുപേരെ കൊലപ്പെടുത്തിയ സരോജിനിയെ കോടതി ശിക്ഷിച്ചു. പതിനാല് വർഷം.
ഉത്സവക്കമ്പം തന്റെ ജീവിതം തകർത്തു കളഞ്ഞ മനോ വ്യസനത്തിൽ പാണൻ മാധവൻ നാടുവിട്ടു പോയി. അയാൾ എവിടെ, എങ്ങോട്ട് പോയെന്നോ, മരിച്ചു പോയോ, അതോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും ആർക്കും അറിയില്ലായിരുന്നു ശോശപ്പുഴയുടെ .തീരത്തെ ആ കൊച്ചുവീട് വര്ഷങ്ങളോളം അനാഥമായി കിടന്നു. മുളയിലകൾ കുമിഞ്ഞു കൂടിയ ആ മുറ്റത്തെ തീമഞ്ഞ സൂര്യകാന്തി പൂവുകൾ വിടരുന്ന ചെടികളൊക്കെ കരിഞ്ഞുനങ്ങിപ്പോയി.
ജയിൽ ശിക്ഷ കഴിഞ്ഞു മടങ്ങിയെത്തിയ സരോജിനി ഞങ്ങളുടെ ഗ്രാമത്തിലെ തയ്യൽക്കാരിയായി മാറി. ആമുറ്റത്ത് വീണ്ടും സൂര്യകാന്തി ചെടികൾ വളർന്നു വന്നു. പക്ഷേ അവ മുൻപത്തെ പോലെ നിറയെ പൂത്തിരുന്നില്ല.
ശോശപ്പുഴയുടെ തീരത്ത് തയ്യൽക്കാരി തനിച്ചു ജീവിച്ചു. എല്ലാ വൈകുംനേരങ്ങളിലും പുഴയിലേക്ക് നിലവിളക്കു കൊളുത്തി വച്ച് എന്നെങ്കിലും നാടുവിട്ടു പോയ തന്റെ ഭർത്താവ് മടങ്ങിയെത്തും എന്നു പ്രതീക്ഷിച്ച് അവർ കാത്തിരുന്നു.
തന്റെ എല്ലാ സങ്കടങ്ങളും ശോശപ്പുഴയുടെ തീരത്തെ മുളംതണ്ടുകളിൽ തട്ടി ഒഴുകി വരുന്ന തണുത്തകാറ്റേറ്റ് ആ തയ്യൽ മെഷിയനിൽ ചവുട്ടി അവർ തീർത്തു കളഞ്ഞു. അവർ തുന്നുന്ന ഓരോ തുണിയിലും അവരുടെ സങ്കടങ്ങളെ അവർ മനോഹരമായി തയ്യിച്ചു ചേർത്തു.
കാലം കടന്നു പോയി. ചിറ്റാറിന്റെ കൈവഴിയായ ശോശപ്പുഴ മെലിഞ്ഞുണങ്ങി.
തയ്യൽക്കാരിയുടെ വീടിനോട് ചേർന്നുമാത്രം മഞ്ഞ മുളന്തണ്ടുകളുടെ ഭംഗിയിൽ പുഴ ജീവനോടെ നിലനിന്നു.. പുഴയതിരുകൾ കയ്യേറി പുഴയെ കൊല്ലാൻ ഒരിക്കലും തയ്യൽക്കാരി മാത്രം ശ്രമിച്ചില്ല.
ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്നും എനിക്ക് ഫോൺ വന്നിരുന്നു. സംസാരമദ്ധ്യേ അമ്മ പറഞ്ഞു.
“നമ്മുടെ തയ്യൽക്കാരി മരിച്ചു പോയി. അത്ഭുതം അതല്ല നാടുവിട്ടുപോയ പാണൻ മാധവൻ അവർ മരിച്ച അന്നു കാലത്തു വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തി. പാവം ജീവനോടെ അവരെ ഒന്നു കാണാൻ അയാൾക്ക് പറ്റിയില്ല. ഏതോ അമ്പലത്തിൽ നിന്നും ഒരു വെളിപാട് കിട്ടിയതു പോലെ മാധവൻ മടങ്ങി വന്നതാണ്”.
“പക്ഷേ……….”