രചന : ജയശങ്കരൻ ഒ ടി*

പഴയവീടു പുതുക്കിപ്പണിയണം
തറയിലാകെ നിറക്കല്ലു പാകണം
ചുമരു നാലു വർണങ്ങളിൽ , ജീർണിച്ച
കതകിലോ മണിച്ചിത്രത്തുടലുകൾ
വലിയ ഗോപുരം മേലേക്കുയരണം
തലയെടുപ്പുള്ള സിംഹമലറണം
വഴികളിൽ നടപ്പാതയിൽ മോടിയിൽ
ശിലകൾ പാകി മിനുക്കിയെടുക്കണം
വടിയിലൂന്നിയോടുന്ന മുത്തശ്ശന്റെ
ചിരിയുമീറനാം കണ്ണടക്കുള്ളിലെ
നനവുമെന്തിനാണപ്പുറത്തായതാ
ധ്വരകണക്കു കുപ്പായവും പൂവുമായ്
വലിയ മാമൻ ,അവരെയും മാറ്റണം
പടിയിറക്കിപ്പറമ്പിലെറിയണം.
മൂക്കു നീണ്ട വലിയമ്മയോടൊപ്പം
പാറ്റ തിന്ന പ്രകൃതി ദൃശ്യങ്ങളും .
ആൽമരത്തിന്റെ ധ്യാന ശീലത്തിലും
പാഴ് മുനമ്പിലെ പാറത്തുരുത്തിലും
പോയതെല്ലാം മറയ്ക്കണം ഭംഗി തൻ
മേനി തീർക്കണം പുതിയ രംഗങ്ങളാൽ
പടികൾ താണ പടിപ്പുര പോകണം
പതിവുപട്ടിണിക്കാരെയോടിക്കണം
പകൽ മുഴുവൻ കലപില പാടുന്ന
തെരുവുപിള്ളേരെയാട്ടിയോടിക്കണം
അരികു തേഞ്ഞിട്ടുപയോഗശൂന്യമാം
ഉഴവു യന്ത്രമുരുക്കിക്കളയണം
അതിനരികിലെ യസ്ഥിമാടങ്ങൾ തൻ
അപശകുനങ്ങൾ നീക്കി കളയണം
പടവു പൊട്ടിപ്പൊളിഞ്ഞ കുളങ്ങളെ
ചവറു മൂടിപ്പുതച്ച കിണറിനെ
ചളിയിൽ മുങ്ങിക്കുതിർന്നവയലിനെ
ഉറവെടുക്കും മണലിന്റെ ചാലിനെ
വെറുതെയാക്കാതെ മണ്ണിട്ടുയർത്തിയി
ട്ടൊടുവിലോഹരിക്കാശിന്നു വില്ക്കണം
പുതു പ്രതിമയൊന്നേറ്റം വലിയതായ്
പണിതുയർത്തണം കാലം നമിക്കുവാൻ
പെരുമ കാട്ടുമെൻ വീര ചരിതങ്ങൾ
ചുവരിലങ്ങോളമിങ്ങോളമാവണം
അതിനു വേണ്ട ചിലവു വഹിക്കുവാൻ
സ്വയമൊരുങ്ങി വരുന്നവർക്കിപ്പൊഴേ
പതിവു നൽകണം ആകാശവും പു റം
കടലുമാർഭാട രമ്യഹർമ്യങ്ങളും .
ഇനിയുദിക്കുംദിവസങ്ങളൊക്കെയെൻ
വിജയഗാനം മുഴങ്ങുന്നതാവണം
വഴിയിലെ ചില്ലുകൂട്ടിലെല്ലായ്പൊഴും
ചലന ചിത്രമായ് ഞാൻ ചിരിച്ചെത്തണം


(വര: നാരായണൻ തിരുമംഗലം)

By ivayana