കമ്മലൂരി മാറ്റിവെച്ചു ,
സ്വർണമാലയുമൂരിയെടുത്തിട്ട് ,
മുഖം മിനുക്കി , പൊട്ടുകുത്തി ,
ഒരുക്കിക്കിടത്തല്ലേ ..എന്നെ
പാവയാക്കല്ലേ…..
കോടി തേടിയ ആശയെല്ലാം
ബാക്കിവെച്ച ഉടലിൻ മേലെ ,
മുണ്ടിൻ കോന്തല നീക്കിയിട്ട് കേമരാവല്ലേ… നിങ്ങൾ
കോടിയിട്ടു കോടിയിട്ടു
കോമാളിയാക്കരുതേ….
തട്ടകത്തിരുന്ന് ‘വിധി’യെന്നൊറ്റവാക്കിൽ
തീർപ്പു നൽകി ,
വിശന്ന മനസിനെ അവഗണിച്ചോർ
വായ്ക്കരിയിടേണ്ടയിനി
ഒട്ടും സഹതപിക്കേണ്ട….
അന്തരംഗത്തിൽ ചെണ്ടമേളം മുറുകിക്കൊട്ടിയ നേരത്തെല്ലാം
ധൃതി നടിച്ചകന്നോരെന്തിനു
സമയം കളയുന്നു…
നോക്കുകുത്തികളേപ്പോലിങ്ങനെ
മൗനം തിന്നുന്നൂ…
പടം വെച്ചു , പേരെഴുതി ,വയസ്സെഴുതി ,
ആദരാഞ്ജലികളെന്നു കുറിച്ചു ,
വഴിയോരത്തെങ്ങുമെന്നെ
പതിച്ചുവെയ്ക്കരുതേ…
അങ്ങനെ ചവറാക്കരുതേ…
മിഴി തിരുമ്മിയടച്ചോളൂ…
വിരൽ കൂട്ടിക്കെട്ടിക്കോളൂ…
മരവിച്ച ദേഹത്തെ കുളിപ്പിക്കരുതേ…
ചടങ്ങുകളാൽ വികൃതമാക്കാതെ
ചിതയ്ക്കു നൽകേണേ…..
വായിക്കാത്ത ആത്മകഥ…,
പരേതർ തൻ സുവിശേഷം ,
നൂറിൽ നൂറു മാർക്കു നൽകി
കൂടെക്കരുതേണ്ട…
ഇന്നാ സഞ്ചിയോടെ
ചിതയിലേക്കു വലിച്ചെറിഞ്ഞോളൂ.
വീണ്ടും വീണ്ടും ‘കഷ്ട’മെന്ന
പേരു തട്ടിക്കളിക്കാതെ ,
ഭംഗിയായി ചിരിച്ചു തന്നെ
പിരിഞ്ഞു പൊയ്ക്കൊള്ളൂ….
നിങ്ങൾ ഞാനറിയാത്തോർ…
ഇന്നോളമെന്നെയറിയാത്തോർ

By ivayana