മൻസൂർ നൈന*

മലയാള സിനിമയ്ക്കായി കൊച്ചി എന്ന പ്രദേശം സംഭാവന ചെയ്ത അത്രയൊന്നും കേരളത്തിലെ ഒരു പ്രദേശവും സംഭാവന ചെയ്ത് കാണില്ല …….
പണ്ട് ….
കേരളത്തിൽ നിന്നും സിനിമാ മോഹവുമായി മദ്രാസിലേക്ക് തീവണ്ടി കയറുന്നവരുടെ തിരക്കായിരുന്നു . ഇടുങ്ങിയ മുറികൾ വാടകയ്ക്ക് എടുത്തും , ഒരു ചെറിയ മുറിയാണെങ്കിലും പരസ്പരം ഷെയർ ചെയ്തും നാളുകൾ കാത്തിരുന്നു ….
ഇന്ന് ….
സിനിമാ മോഹവുമായി ആളുകൾ കൊച്ചിയിലേക്കെത്തുന്നു . മോളീവുഡും , കോളീവുഡും, ബോളീവുഡും , ചിലപ്പോഴൊക്കെ ഹോളീവുഡുമെല്ലാം കൊച്ചിയെ തേടിയെത്തുന്നു ….

                 ദക്ഷിണേന്ത്യൻ  സിനിമാ  ചരിത്രത്തിൽ  തന്നെ  ആദ്യമായി  1965  -ൽ  മലയാള സിനിമ   ' ചെമ്മീൻ '  എന്ന  സിനിമയിലൂടെ  സുവർണ്ണ  കമലം  സ്വന്തമാക്കി . 1946  -ൽ  മട്ടാഞ്ചേരിയിൽ  ജനിച്ചു  വളർന്ന ,  ഇരുപത്  വയസ്  പോലും  തികഞ്ഞിട്ടില്ലാത്ത  പൊടിമീശക്കാരനായ    കൺമണി  ബാബു  എന്ന  ബാബു  ഇസ്മായിൽ  സേഠാണ്    ചെമ്മീൻ  സിനിമയുടെ  നിർമ്മാതാവായി   രാഷ്ട്രപതിയിൽ  നിന്നും  സ്വർണ്ണ മെഡൽ  സ്വന്തമാക്കുന്നത് .
           കേരളത്തിലെ  ആദ്യത്തെ  ഫിലിം  ഡിസ്ട്രിബ്യൂഷൻ   കമ്പിനി   ആരംഭിച്ചത്   മട്ടാഞ്ചേരിയിലുള്ള   ഗുജറാത്തിയായ  ദേവ്ജി  ജേത്താ ഭായിയാണ്  . ഇന്ന്  മക്കളായ  ഹിമ്മത്ത്  സിങ്ങും  സഹോദരങ്ങളും  അത്  ഏറ്റെടുത്ത്   നടത്തുന്നു . ഹിമ്മത്ത് ഭായിയുടെ  അമ്മാവന്റെതായിരുന്നു  കേരളത്തിലെ  ആദ്യ കാല  തിയറ്ററുകളിലൊന്നും , കൊച്ചിയിലെ  ആദ്യ  തിയറ്ററുമായ  പ്രഭാത്  തിയറ്റർ  . ദേവ്ജി ജേത്താ ഭായിയുടെ  ഭാര്യാ  സഹോദരൻ  ഹരിദാസ്  കേംജിയുടേതായിരുന്നു  ആ തിയേറ്റർ . ഇത്  മട്ടാഞ്ചേരിയിലെ  ജൈന ക്ഷേത്രത്തിന്  ( വിളക്ക്  കത്തിക്കാത്ത  അമ്പലം )  സമീപമായിരുന്നു  സ്ഥിതി ചെയ്തിരുന്നത് . 
                          ഗോവിന്ദൻ  കുട്ടി , മുത്തയ്യ , മണവാളൻ  ജോസഫ് , സൈനുദ്ദീൻ   തുടങ്ങിയ  കഴിഞ്ഞ  കാല  നടന്മാരെല്ലാം   കൊച്ചിയിൽ   ജനിച്ച്   വളർന്നവരായിരുന്നു .  ഫോർട്ടു കൊച്ചിയിലെ  ആരിഫ ഹസൻ , എന്ന  നിർമ്മാതാവിനെയും , കൊച്ചിയിലെ  ഹസൻ - റഷീദ്   നിർമ്മാണ  കൂട്ട്ക്കെട്ടും   എങ്ങനെ  കേരളത്തിന്   മറക്കാനാവും .  ഒട്ടനവധി  കലാകാരന്മാർക്ക്   ജന്മം  നൽകിയ  കൊച്ചി  .
                          മലയാള  സിനിമയിലൂടെ  ഇന്ത്യയുടെ  മുന്നിൽ   അഭിമാനർഹമായ  നേട്ടം   നൽകിയ   കൊച്ചീക്കാരനാണ്   ടി.കെ.  പരീക്കുട്ടി . ഇന്ത്യയുടെ  ആദ്യ  പ്രസിഡന്റ്   ഡോ. ആർ.  രാജേന്ദ്രപ്രസാദ് , രണ്ടാമത്തെ  പ്രസിഡന്റ്  ഡോ. എസ്.  രാധാകൃഷ്ണൻ  , മൂന്നാമത്തെ  പ്രസിഡന്റ്   സക്കീർ  ഹുസൈൻ   എന്നിവരിൽ  നിന്ന്  യഥാക്രമം   പുരസ്ക്കാരങ്ങൾ  ഏറ്റു  വാങ്ങിയ  ഏക  ഇന്ത്യക്കാരനാണ്   കൊച്ചീക്കാരനായ   പരീക്കുട്ടി  . എല്ലാ  പുരസ്ക്കാരങ്ങളും   അദ്ദേഹം  നേരിട്ട്   ഏറ്റുവാങ്ങുകയായിരുന്നു . ഇന്ത്യയിൽ  ആദ്യമായി   ഇരട്ട  സംവിധായകരെ  വെച്ച്  സിനിമയെടുത്തു   എന്ന  ബഹുമതിയും  ഇദ്ദേഹത്തിനുണ്ട്  .
                        ജലഗതാഗത മാർഗ്ഗം   ചരക്ക്  നീക്കം  നടന്നിരുന്ന   കൊച്ചി  തുറമുഖം  , കപ്പലുകളിൽ   വരുന്ന  ചരക്കുകൾ   തോണികളിലേക്ക്     ഇറക്കും   പിന്നെ  നിരവധി   തോണികൾ   വഴി   വലിയ  തോടുകളിലൂടെയും  , കനാലുകളിലൂടെയും  

മട്ടാഞ്ചേരി – ഫോർട്ടു കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലേ പാണ്ഡികശാലകളിലേക്ക് …….
കുഞ്ഞു മരക്കാർ , ഫാത്തിമ ദമ്പതികളുടെ മകനാണ് ടി.കെ. പരീക്കുട്ടി . ഉമ്മ ഫാത്തിമ ഏലൂർ സ്വദേശിനിയായിരുന്നു . 1909 ജനുവരി 23 ന് തേൻ കുഴി പറമ്പിൽ തറവാട്ടിൽ ജനിച്ചു . ജനിച്ചതും , വളർന്നതും ഫോർട്ടു കൊച്ചിയിലെ തുരുത്തി ഉൾക്കൊള്ളുന്ന പ്രദേശത്ത് . പരീക്കുട്ടിക്ക് ആറാം ക്ലാസ് വരെ മാത്രമെ വിദ്യഭ്യാസ യോഗ്യത ഉണ്ടായിരുന്നുള്ളു . പരീക്കുട്ടിയുടെ ബാപ്പാക്ക് ആറ് വള്ളങ്ങൾ ഉണ്ടായിരുന്നു . പിന്നീട് പരീക്കുട്ടി ഇതൊരു വലിയ ട്രാൻസ്പോർട്ടിങ്ങ് കമ്പിനിയായി വളർത്തിയെടുത്തു .

1920 – 60 കാലം നിരവധി തോണികളുള്ള ഒരു വലിയ ട്രാൻസ്പോർട്ടിങ്ങ് കമ്പിനിയുടെ ഉടമയായി
ടി.കെ. പരീക്കുട്ടി . നൂറോളം തോണികളും , ഏഴോളം മോട്ടോർ ബോട്ടുകളും അന്ന് T.K.P.&CO എന്ന ട്രാൻസ്പോർട്ടിങ്ങ് കമ്പിനിക്ക് സ്വന്തമായി ഉണ്ടായിരുന്നു അതിലേറെ തൊഴിലാളികളും . ബിസിനസ്സുകാരനായ ടി.കെ. പരീക്കുട്ടിയിലെ കലാഹൃദയം അദ്ദേഹത്തെ സിനിമയിലേക്കെത്തിച്ചു .

എറണാകുളത്തുണ്ടായിരുന്ന ഒരു തയ്യൽക്കാരൻ കോയ എന്ന വ്യക്തി മുഖാന്തിരമാണ് പരീക്കുട്ടി ‘ ചന്ദ്രതാരാ പിക്ച്ചേർസ് ‘ എന്ന സിനിമാ നിർമ്മാണ കമ്പിനി തുടങ്ങാൻ നിമിത്തമായത് . പരീക്കുട്ടി നാല് വിവാഹം കഴിച്ചു . അതിൽ റഹീമ എന്ന ഭാര്യയുടെ വീട് ചേറ്റുവയിലായിരുന്നു . ഇവരുടെ വീടിന്റെ തൊട്ടടുത്തായിരുന്നു അന്ന് രാമു കാര്യാട്ട് താമസിച്ചിരുന്നത് . പരീക്കുട്ടിയുടെ ഭാര്യാ സഹോദരന്റെ സുഹൃത്ത് കൂടിയായിരുന്നു രാമു കാര്യാട്ട് . പരീക്കുട്ടിയുടെ ഭാര്യാസഹോദരൻ പരീക്കുട്ടിയെ രാമു കാര്യാട്ടിന് പരിചയപ്പെടുത്തി .

എറണാകുളം ജില്ലയിലെ ചെല്ലാനം കണ്ടക്കടവ് പ്രദേശത്തുകാരനായ ( പിന്നീട് ബോംബെയിൽ സ്ഥിര താമസമാക്കി ) തോമസ് അറയ്ക്കൽ എന്ന വിമൽ കുമാറിന്റെ സംവിധാനത്തിൽ ‘തിരമാല’ എന്ന ചിത്രത്തിൽ അന്ന് രാമു കാര്യാട്ട് സഹ സംവിധായകനായി വർക്ക് ചെയ്തിട്ടുണ്ട് . രാമു കാര്യാട്ടിന്റെ സഹായിക്കാനാണ് അന്ന് പി. ഭാസ്ക്കരൻ വന്നത് . പി. ഭാസ്ക്കരനാണ് കെ. രാഘവനെയും , ഉറൂബിനെയും കൊണ്ടുവരുന്നത് . അന്ന് ജെമിനിയിൽ വർക്ക് ചെയ്തിരുന്ന കോഴിക്കോട്ടുകാരനായ വിൻസന്റ് കാമറമാനായി . വിൻസന്റിനെ കൊണ്ടുവരുന്നതും പി.ഭാസ്ക്കരനാണ് . അങ്ങനെ ഇന്ത്യയിൽ ആദ്യ ഇരട്ട സംവിധായകരായി ഈ ചിത്രത്തിലൂടെ പി. ഭാസ്ക്കരനും , രാമു കാര്യാട്ടും ….

1952 മദ്രാസിലെ കോടമ്പക്കത്ത് റെയിവേ സ്റ്റേഷന് സമീപം മാസം 55 രൂപ വാടകയ്ക്ക് ഒരു ഓഫീസ് മുറിയെടുത്ത് . പാട്ടുകളും മറ്റും റെക്കോർഡ് ചെയ്തത് ഇവിടെ വെച്ചാണ് . 1954 ഒക്ടോബർ 10 ന്
‘ നീലക്കുയിൽ ‘ എന്ന സിനിമ റിലീസായി . എറണാകുളത്ത് ലക്ഷ്മൺ തിയറ്ററിലാണ് പടം വന്നത് . നവാഗതരായ ഒരു കൂട്ടം ആളുകളാൽ നിർമ്മിക്കപ്പെട്ട നീലക്കുയിലിന്റെ മൊത്തം ചിലവ് ഒരു ലക്ഷത്തി മുപ്പത്തി ആറായിരം രൂപയാണ് . ഈ ചിത്രത്തിന് ദേശീയ പുരസ്ക്കാരം ലഭിച്ചു . ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റായ ഡോ. ആർ. രാജേന്ദ്ര പ്രസാദിൽ നിന്ന് നീലക്കുയിലിനായി പരീക്കുട്ടി പുരസ്ക്കാരം ഏറ്റു വാങ്ങി .ഒരു പിടി നല്ല ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട് .
നീലക്കുയിൽ എന്ന ചിത്രത്തിൽ ഫോർട്ടു കൊച്ചിയിലെയും – മട്ടാഞ്ചേരിയിലെയും കുറച്ച് നാടക നടന്മാർ അഭിനയിച്ചിട്ടുണ്ട് . മണവാളനും , ജെ.എ.ആർ ആനന്ദ് എന്ന അബ്ദു
( ഇദ്ദേഹം പ്രശസ്ത നടി സബിതയുടെ പിതാവാണ് ) തുടങ്ങിയവർ ഇതിൽ അഭിനയിച്ചിട്ടുണ്ട് . കൊച്ചിയുടെ ഭായി എന്ന എച്ച് . മെഹ്ബൂബ് ഇതിൽ പാടിയിട്ടുണ്ട് . ഇതെല്ലാം പരീക്കുട്ടിയുടെ താൽപ്പര്യപ്രകാരമായിരുന്നു .

വളച്ചൊടിക്കാതെ കുഞ്ഞാലി മരയ്ക്കാർ ചരിത്രം സത്യസന്ധമായി പറഞ്ഞ ആദ്യ കുഞ്ഞാലി മരയ്ക്കാർ ചിത്രം ….. അന്ന് ദേശീയ പുരസ്ക്കാരമടക്കം നിരവധി പുരസ്ക്കാരങ്ങൾ വാരിക്കൂട്ടി ഈ ചിത്രം

പിന്നീട് ‘മുടിയനായ പുത്രൻ’ ( 1961) , ‘ തച്ചോളി ഒതേനൻ ‘ ( 1964 ) , ‘കുഞ്ഞാലി മരയ്ക്കാർ’ ( 1967 ) എന്നീ ചിത്രങ്ങൾക്കാണ് ദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചത് .
രാരീച്ചൻ എന്ന പൗരൻ, നാടോടികൾ , മൂടുപടം , ഭാർഗവീ നിലയം ആൽമരം എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന അവാർഡും ലഭിച്ചു .
വൈക്കം മുഹമ്മദ് ബഷീർ , തോപ്പിൽ ഭാസി , ഉറൂബ് , എസ്.കെ. പൊറ്റക്കാട് തുടങ്ങിയ പ്രശസ്ത സാഹിത്യകാരന്മാരെല്ലാം പരീക്കുട്ടിയുടെ സിനിമകൾക്കായി തൂലിക ചലിപ്പിച്ചു .
നിലാവിൽ മേഘ പാളികൾക്കിടയിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്ത് ചന്ദ്രക്കലയിലിരുന്ന് വീണ വായിക്കുന്ന ഒരു സുന്ദരി … ഇതായിരുന്നു ടി.കെ. പരീക്കുട്ടിയുടെ ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ എംബ്ലം .

ആദ്യ ഭാര്യ സൈനയുടെ പേരിൽ ഫോർട്ടു കൊച്ചിയിൽ ‘ സൈന ‘ എന്ന പേരിൽ ഒരു തിയറ്റർ തുടങ്ങി . പിന്നീടത് സിയാദ് കോക്കർ സ്വന്തമാക്കി അത് ‘കോക്കേഴ്സ് തിയറ്ററായി ‘ കേരളത്തിലെ ആദ്യ 70 MM തിയറ്ററായിരുന്നു ഇത് . മാത്രവുമല്ല B.0.T കരാറടിസ്ഥാനത്തിൽ ഉണ്ടാക്കിയ ഇന്ത്യയിലെ ഏക തിയറ്ററും ഇതു തന്നെ . ഇത്ര വർഷ കാലാവധിക്ക് ശേഷം തിരികെ ഏൽപ്പിക്കാം എന്ന കരാറടിസ്ഥാനത്തിലാണ് പരീക്കുട്ടി ‘ സൈന ‘ തിയറ്റർ പണിതത് .
തികഞ്ഞ മതേതര ചിന്തയുണ്ടായിരുന്ന ആളായിരുന്നു പരീക്കുട്ടി . ജാതി – മത ചിന്തകളില്ലാതെ തന്നെ തന്റെ സിനിമയിലേക്ക് തന്റെ നാട്ടിലെ കലാകാരന്മാർക്കെല്ലാം അവസരം നൽകി.
ജമാഅത്തുൽ ഇസ്ലാം സംഘം , മുസ്ലിം അനാഥ സംരക്ഷണ സംഘം ( M.A.S.S.) , ഫിലിം ചേംബർ ഓഫ് കൊമേഴ്സ് എന്നിവയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു . കൊച്ചി മുൻസിപ്പാലിറ്റിയുടെ കൗൺസിലറായിരുന്നിട്ടുണ്ട് . ഉദ്യോഗമണ്ഡൽ തിയറ്ററും , തോപ്പുംപടിയിലെ പട്ടേൽ തിയറ്ററും കുറച്ചു നാൾ വാടകയ്ക്ക് എടുത്ത് നടത്തിയിരുന്നു . M.A.S.S. പ്രസിഡന്റായിരിക്കെ ധനശേഖരണാർത്ഥം കൊച്ചി പട്ടേൽ തിയറ്ററിൽ വെച്ച് ഇന്ത്യയുടെ പ്രശസ്ത ഗായകൻ മുഹമ്മദ് റഫി സാഹിബിന്റെ ഒരു ഗാനമേള സംഘടിപ്പിച്ചു . ഇതിന് പരീക്കുട്ടിയായിരുന്നു മുൻ കൈയ്യെടുത്തത് .
നാല് ഭാര്യമാർ ഉണ്ടായിരുന്നെങ്കിലും ആരിലും കുട്ടികളില്ലായിരുന്നു അത് കൊണ്ട് തന്നെ പരീക്കുട്ടിയുടെ സഹോദരന്റെ മകനെ സ്വന്തം മകനേ പോലെ സ്നേഹം ഏറെ നൽകി വളർത്തി . പരീക്കുട്ടിയുടെ സഹോദര പുത്രൻ ടി.പി. മുഹമ്മദാലി കൊച്ചങ്ങാടിയിൽ എന്റെ അയൽവാസിയായിരുന്നു . ഇപ്പോൾ വെല്ലിങ്ങ്ടൺ ഐലന്റിൽ ബിസിനസ് ചെയ്യുന്നു .
1969 ജൂലായ് 21 പെട്ടെന്നൊരു നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു . വളരെ പെട്ടെന്ന് തന്നെ കൊച്ചിയിലെ കരുവേലിപ്പടി ഹോസ്പിറ്റലിലേക്ക് എത്തിച്ചു .

പക്ഷെ…….
മലയാള സിനിമയ്ക്ക് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അഭിമാനർഹമായ മുഹൂർത്തങ്ങൾ നൽകിയ കൊച്ചിയുടെ സ്വന്തം പരീക്കുട്ടി എന്നന്നേയ്ക്കുമായി യാത്രയായി .
” മലയാള സിനിമയുടെ മുഖത്ത് മരണം നൽകിയ ക്രൂരമായ പ്രഹരം ” എന്നാണ് അന്ന് പത്രങ്ങൾ ടി.കെ. പരീക്കുട്ടിയുടെ വേർപാടിനെ വിശേഷിപ്പിച്ചത് .
ഫോർട്ടു കൊച്ചിയിൽ ഇന്നുള്ള കോക്കേഴ്സ് തിയറ്റർ കെട്ടിടത്തിന് ശാപമോക്ഷം നൽകുകയും പകരം അധികാരികൾ എന്താണൊ അവിടെ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നത് അതിന് പരീക്കുട്ടിയെന്നൊ , ചന്ദ്രതാരാ എന്നൊ പേര് നൽകി അദ്ദേഹത്തെ ആദരിക്കുകയാണ് വേണ്ടത് ….

By ivayana