രമണി ചന്ദ്രശേഖരൻ*

കാലത്ത് പൂവൻകോഴിയുടെ കൂവൽ കേട്ടാണ് ഉണർന്നത്.അഞ്ചുമണിക്കത്തെ അലാറമാണ് വെച്ചത്.ഇന്നലെ താമസിച്ചാണ് കിടന്നതെന്ന് ഈ കോഴിക്കറിയാതെ പോയല്ലോ..
പതിവുപോലെ അടുക്കളയെന്ന തൻ്റെ സാമ്രാജ്യത്തിൽ അല്പം ഗൗരവത്തൊടുതന്നെ കടന്നു.ഒരുമൂളിപ്പാട്ടോടു കൂടിത്തന്നെ ജോലികൾ ആരംഭിച്ചു.

കഞ്ഞിക്ക് അരിയിട്ടു.പച്ചക്കറികൾ അരിഞ്ഞു ഒരു ഭാഗത്തു വെച്ചു.ഇന്നേതായാലും കാലത്തു ദോശതന്നെ മതി.പച്ചമുളകരച്ചുള്ള തേങ്ങാച്ചമ്മന്തിയാണ് മോന്ഏറെയിഷ്ടം.
അയ്യോ,,,അവനിതുവരെഎഴുനേറ്റില്ലല്ലോ
“എടാ..മോനേ…. “
വിളിച്ചുകൊണ്ട് അവൻ്റെ മുറിയിലേക്കു പോകും നേരം പയ്യെ തെക്കേ മുറിയിലേക്കൊന്ന് എത്തിനോക്കി. ചേട്ടൻ നല്ല ഉറക്കത്തിലാണ്.എന്നാലും എന്നെ ഒന്നു സഹായിക്കാമല്ലോ..സർക്കാർജോലിയാണ് ചേട്ടന്.അവിടെച്ചെന്ന് ഉറങ്ങാമല്ലോ.സ്വയമേ ഒരു തമാശ പൊട്ടിച്ചിട്ട് ചിരിച്ചു പോയി.

മോനും നല്ല ഉറക്കം.പയ്യെ അവൻ്റെ കട്ടിലിലിരുന്ന.പതുക്കെ അവൻ്റെ തലയിൽ തലോടി.
“മോനേ..എടാ..എഴുന്നേൽക്കടാ.അഞ്ചുമണിയായി.ട്യൂഷനു പോകണ്ടെ…”
ചെറുക്കന് ഒരുത്തരവാദിത്വവുമില്ല. അതെങ്ങനാ ഈ തന്തയുടെ സ്വഭാവമല്ലേ കാണിക്കുകയുള്ളൂ..
കുറച്ച് ഉറക്കെത്തന്നെയാണ് പറഞ്ഞത്.
“എടിയേ…നീയെന്താ ഈ വീട് ഇളക്കുകയാണോ.. “പതിവുപോലെ തന്നെ, ചേട്ടൻ്റെ ഉറക്കം പോയതിൻ്റെ ദേഷ്യം.

വേഗം മോനെ വിളിച്ചുണർത്തിയിട്ട് അടുക്കളയിലേക്കു കടന്നു.മോൻ തയ്യാറായി വന്നപ്പോഴേക്കും ദോശയും ചമ്മന്തിയും റെഡി.കഴിക്കാനിരുന്ന മോൻ്റെ അടുത്തു തന്നെയിരുന്നു.
“മോനേ…. “അവൻ അലസതയോടെയൊന്നു മൂളി.മോനേ ട്യുഷനു പോകുമ്പോൾ സൂക്ഷിക്കണേടാ…നീ ഒരഞ്ചാറു കല്ലു കൂടി എടുത്തോണം.”
“ഈ അമ്മക്കെന്താ ബുക്കും പുസ്തകവും മറക്കാതെ എടുക്കാൻ പറയാതെ കല്ലെടുത്തോളാൻ..”
“മക്കളേ റോഡുമുഴുവൻ കാലത്ത് പട്ടികളാണെടാ…ആ പഞ്ചായത്തിൻ്റെയടുത്ത് ചപ്പുചവറുകൾ കൂടിക്കിടക്കുന്നിടത്ത് എപ്പോഴും ഒരഞ്ചാറു പട്ടികളുണ്ട്.അതിലാ കറുമ്പി പട്ടി ഈയിടേയും ആരാണ്ടെയൊക്കെ കടിച്ചെന്ന്.”
അവൻ അനുസരണയോടെ കേട്ടിരുന്നു.

“മക്കളെ ഗട്ടറിൽ വീഴാതെ റോഡിനരികു ചേർന്നു നടക്കണേടാ… “
എടിയേ…ഒന്നു പയ്യെപ്പറയെടീ..”
ങും..അങ്ങേർക്ക് ഉറക്കം പോയതിൻ്റെ ദേഷ്യം.ഈ ചെറുക്കനെ ആ സ്കൂട്ടറിലൊന്നു കൊണ്ടുവിട്ടാലെന്താ…
“മോനേ ഒരു ദോശകൂടി കഴിക്കെടാ… പിന്നെ മക്കളേ..ആ ട്രാൻസ്ഫോർമറിൻ്റെയടുത്ത് താമസമില്ലാത്ത ഒരു വീടുണ്ടല്ലോ അവിടെയും സഥിരം പട്ടികളുള്ളതാ…കറവക്കാരൻ രാമുവിനേയും പത്രക്കാരൻ പയ്യനേയുംഅതുങ്ങളു കടിച്ചെന്ന് തെക്കേലെ ശ്യാമള പറയുന്നതു കേട്ടു.എന്തായാലും എൻ്റെ മക്കള് ഒരു കമ്പുകൂടെ കരുതിക്കോ.അതിലൊന്ന് പെറ്റു കിടക്കുകയാ.പെറ്റപട്ടിക്ക് ശൗര്യം കൂടുമെന്നാ പറയുന്നത്..”

അവൻമുഖമുയർത്തി.. “അമ്മേ..സഹിക്കുന്നതിനൊരതിരുണ്ട്.എന്നും നേരം വെളുത്താ പിന്നെ പട്ടി..പട്ടി. “
“മോനെ പൊക്കളിനു ചുറ്റും കുത്തിവെയ്പ് എടുക്കണമെടാ..അതുകൊണ്ടാ അമ്മ പറയുന്നത്.നിങ്ങളു കുട്ടികളെല്ലാവരും ചേർന്ന് ഒരു പരാതിയെുതി കോർപ്പറേഷനിൽ കൊടുക്ക്.പിന്നെ ഇവിടുത്തെ പട്ടിപ്രേമികളറിയരുത്. “
ശബ്ദം താഴ്ത്തിയാണ് പറഞ്ഞത് എന്നിട്ടും അങ്ങേ മുറിയിൽ നിന്നും ചേട്ടൻ്റെ അലർച്ച.”ഇന്നിവളേ… “
ചേട്ടനങ്ങനെയാണ്. ഉറക്കം നഷ്ടപ്പെടുത്തുന്നതിന്റെ ദേഷ്യം.
“മോനെ നീയൊരു കാര്യം ചെയ്യ്.ട്യൂഷൻ കഴിയുമ്പോൾ സാറിനോടു പറ ഒരു മിസ്ഡ്കോൾ ചെയ്യാൻ. അഛൻ നിന്നെ വന്നു കൊണ്ടുപോരും.”

എതിരൊന്നും പറയാതെ അവൻ പോകുന്നതു കണ്ടപ്പോൾ ഏറെ വാത്സല്യം തോന്നി.പാവം…തിരിഞ്ഞതും ചേട്ടൻ പുറകിൽ.വഴക്കു പറയുമെന്ന് പേടിച്ചു.പക്ഷേ ഒന്നുമുണ്ടായില്ല.നേരെ തൻ്റെകൂടെ അടുക്കളയിൽ കയറി ഒരു ഗ്ളാസ് കട്ടനുമെടുത്തു പത്രം വായിക്കാൻ തുടങ്ങി.
“അതേ ചേട്ടാ…കാലത്തു മഴപെയ്യുമെന്ന് തോന്നുന്നു.മോൻ കുടയെടുത്തിട്ടില്ല.”
ഇതു പതിവു പല്ലവിയെന്ന മട്ടിൽ പത്രത്തിൽ നോക്കിയിരിക്കുന്ന ചേട്ടനെ കണ്ടപ്പോൾ ദേഷ്യം തോന്നി.

ഇനിയൊന്നും പറയില്ലായെന്നു മനസ്സിൽ വിചാരിച്ച് പിന്തിരിയാൻ തുടങ്ങുമ്പോൾ മുൻവശത്ത് കതകിൽ ആരോമുട്ടുന്നു.
കുറച്ച് ആൾക്കാരുടെ വർത്തമാനവും കേൾക്കുന്നു.
കതകു തുറക്കുമ്പോൾ തെക്കേലെ ശ്യാമളയും അവളുടെ പന്ത്രണ്ട് വയസ്സുകാരൻ മകനും.അവൻ്റെ കാലിലും മറ്റും ചോരയൊഴുകുന്നു.കൂടെ വന്നവർ ചെറുക്കനെ തിരിച്ചുനിർത്തി ചോദിച്ചു.
“ഇതു കണ്ടോ..”

നിക്കറിൻ്റെ പകുതിയില്ലാത്ത ,ചന്തിയിൽ മുറിവ് .തുടയിലും.ഒന്നും മിണ്ടാതെ പുറകോട്ടു വലിഞ്ഞ് ചേട്ടൻ്റെ പുറകിൽ നിന്നു…
അപ്പോൾ തുടലും പൊട്ടിച്ചോടിയ ടോമി ഒന്നുമറിയാത്തവനെ പ്പോലെ അടുക്കള വാതുക്കൽ കിടക്കുന്നുണ്ടായിരുന്നു.

By ivayana