ജോയ് പാലക്കമൂല*

നിങ്ങൾക്കെന്റെ
കണ്ണുകളെ മൂടിക്കെട്ടാം
ആ ഇരുട്ടിനെ
രാത്രിയെന്ന് പറയരുത്.
നീങ്ങളെന്റെ അധരങ്ങളെ
ചേർത്ത് തുന്നുമ്പോൾ
ചേക്കേറുന്ന മൗനത്തെ
സമ്മതമെന്ന് വിധിയെഴുതരുത് .
ചേർത്തടച്ച കാതുകളിൽനിന്ന്
ശബ്ദം വഴിമാറുമ്പോൾ
ബധിരാനായ് എന്നെ
വായിച്ചെടുക്കരുത്.
എന്റെ കൈകളിൽ
വിലങ്ങണിയുമ്പോൾ
സ്വതന്ത്ര്യത്തിന്റെ ഘോഷയാത്രകൾ
നിരത്തിൽ മുഴങ്ങരുത്.
എന്റെ ജീവനെ
പിഴുതെടുക്കുന്നവർ
അത് നീതിയുടെ
പത്രത്തിൽ അടയാളപ്പെടുത്തരുത്

By ivayana