ഷൈല കുമാരി*
അമ്മയെയോർക്കുന്ന നേരം
ചുണ്ടിലമ്മിഞ്ഞപ്പാലമൃതൂറും,
അപ്പയെയോർക്കുമ്പോഴെല്ലാം
നെഞ്ചിൽ താരാട്ടിനീണം തുടിക്കും.
അമ്മാമ്മ തൻരൂപം നിനയ്ക്കെ
സ്നേഹം കരളിന്റെയുള്ളിൽ നിറയും,
വാത്സല്യമോടെ കഥപറയുന്നൊരാ
ചേലുള്ള നാദം കാതിൽ മുഴങ്ങും.
അണ്ണനെയോർക്കുന്ന നേരം
കുട്ടിക്കാലം മനസ്സിൽ നിറയും,
കരം ചേർത്തു പിടിച്ചു സ്കൂളിലേക്കോടുന്ന
ചിത്രം മനസ്സിൽ വിരിയും.
കുഞ്ഞനിയത്തിമാർ മൂവരും
കുട്ടിയുടുപ്പിട്ട് കൊഞ്ചും
കണ്ണെഴുതും, പൊട്ടുതൊടീക്കും
കനകാംബരം മുടിയിലണിയിക്കും,
ചേച്ചിക്കു ചുറ്റിലും പുഞ്ചിരിച്ചങ്ങനെ
ഒാർമകൾ ആനന്ദനൃത്തം ചവിട്ടും.
തറവാട് വീടിനെയോർക്കുന്ന നേരം
കായലോളങ്ങൾ കിന്നാരം ചൊല്ലും,
മാമലത്താഴെ , മാവിന്റെ ചാരെ
മനം കണ്ണാരം പൊത്തിക്കളിക്കും.
കാറ്റിലിളകുമ്പോൾ പൊഴിയുന്ന മാമ്പഴം
പെറുക്കുവാൻ അറിയാതെ കൈകൾ തരിക്കും
ബാല്യം മതിയായിരുന്നെന്നോർക്കുമ്പോൾ
കണ്ണുകളീറനണിയും.