പഴയ വീട് പൊളിച്ച് മാറ്റാൻ വേണ്ടി മറ്റൊരു വീട്ടിലേക്ക് താമസം മാറിയപ്പോൾ അവിടത്തെ പൊറുതിയെപ്പറ്റി ചോദിച്ചു.
“രാത്രി കിടക്കുന്നതിന് മുമ്പ് ജനലിലൂടെ ഒന്ന് നോക്കും. അവൾക്ക് വെളിച്ചം കിട്ടുന്നുണ്ടോ..?”
അതിലപ്പുറം വൈകാരികതയൊന്നും ആ വീടിനോടില്ല.
അസ്ഥികളുറങ്ങുന്ന മണ്ണ് തനിക്ക് പ്രിയപ്പെട്ടതാണ്.
സംസ്കാരത്തെപ്പോലുംശവങ്ങളോട് ബന്ധപ്പെടുത്തിയല്ലാതെ ചിന്തിക്കാൻ വയ്യ. ദഹിപ്പിക്കുന്നതിനേക്കാൾ മണ്ണിൽ മറവ് ചെയ്യാനായിരുന്നിരിക്കും കോവിലൻ ആഗ്രഹിച്ചിട്ടുണ്ടാവുക. മൂലക സഞ്ചയം പൂർവ്വികരുറങ്ങുന്ന മണ്ണിൽ ലയിച്ച് ചേരണം.

ചില നിർബ്ബദ്ധങ്ങളുണ്ടായിരുന്നു. അകലെ നിന്ന് വരുന്നവർ അറിയിച്ചിട്ടേ ചെല്ലാവൂ .അതൊരു കരുതലാണ്.ആരും വിശന്നിരിക്കരുത്.
ചെന്നാൽ ആദ്യമന്വേഷ്ടിക്കുക എവിടുന്ന് വരുന്നു എന്നാണ്.
നടന്നോ വാഹനത്തിലോ?
വന്നയാളിന്റെ പാരവശ്യമറിയാനാണ്. വിശപ്പിന്റെ കാഠിന്യം താൻ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. വയസ്സായ സ്ത്രീകൾ പരാതി പറയാറുണ്ട്.അയ്യപ്പേട്ടൻ വയറ്റത്തേയ്ക്കേ നോക്കൂ.
പാവം കഞ്ഞികുടിച്ചിട്ടുണ്ടോ എന്നറിയില്ലല്ലോ.എന്നാൽ, വരുന്നവരെയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പതിവും ഇല്ല.

അരിയന്നൂരിൽ ‘മുനിമട’യുടെ സമീപത്താണ് വീട് എന്ന് കേട്ടിട്ടുണ്ട്. അന്വേഷിച്ച് കണ്ടെത്താം എന്ന ധൈര്യത്തിലാണ് പുറപ്പെട്ടത്. പലരോടും ചോദിച്ച്, പലരുടേയും അഭിപ്രായങ്ങൾ കേട്ട് നടന്നു.
അങ്ങനെ ഒരാളെ ആർക്കും അറിഞ്ഞുകൂടാ.(നാട്ടുകാർക്ക് അയ്യപ്പേട്ടനെയേ പരിചയമുള്ളു !) അന്ന് കോവിലൻ ഞങ്ങളോട് പ്രസാദിച്ചില്ല. അതേപ്പറ്റി പിന്നീട് എഴുതി:

“അന്ന് അങ്ങനെ സംഭവിച്ചതിൽ ഖേദമുണ്ട്.പൊറുക്കുക. നമ്മൾ തമ്മിൽ അന്ന് അത്ര അടുപ്പമല്ലേയുള്ളൂ. പ്രസംഗം ക്ഷണിക്കാൻ വരുന്ന ആരോടും – അപരിചിതരാണെങ്കിൽ വിശേഷിച്ചും – ആതിഥ്യമര്യാദ കലർത്തി ഞാൻ പെരുമാറുകയില്ല. ക്ഷണം സൗഹൃദത്തിന്റെ പരസ്യ പ്രകടനമാണെന്ന് കരുതുന്നവരാണ് പൊതുവെ പൊതു ജനം. ഏകാന്തത ഇഷ്ടപ്പെടുന്ന എനിയ്ക്ക് അത്യാവശ്യമല്ലെങ്കിൽ എന്നും പ്രസംഗ പര്യടനം മഹാശല്യമാകുന്നു. പ്രസംഗത്തിന്റെ പേരിൽ വരുന്ന സുഹൃത്തുക്കളെ സ്വന്തം വീട്ടിൽ നിന്ന് വേദനിപ്പിച്ച് വിടാൻ മനസ്സ് അനുവദിക്കുകയുമില്ല. ഇവരെ ഞാൻ ഉമ്മറത്ത് സ്വീകരിച്ചിരുത്തുന്നു. ഏത് വെയിലിലും ഉമ്മറത്ത് മാത്രം. അഞ്ച് മിനിട്ടിലധികം ആരും അവിടെ ഇരിയ്ക്കുകയില്ല എന്ന് എനിക്കറിയാം. ചൂടും പുകച്ചിലുമില്ലാത്ത സ്ഥലം ഈ കൊച്ചുവട്ടിൽ വേറെയെങ്ങാലനും ഉണ്ടാവുമെന്ന് ഇവർ അറിയുകയും ഇല്ലല്ലോ.സാഹിത്യത്തെക്കുറിച്ച് – എന്നെക്കുറിച്ചല്ല, സ്വന്തം സിംഹാസനവും എനിക്കില്ല – സീരിയസ്സായി വർത്തമാനം പറയാൻ വരുന്നവരാണെങ്കിൽ എന്റെ എത്ര സമയവും അവർക്കുള്ളതായിരിക്കും..”

1948 ജൂലായ് – അന്നാണ് മദ്രാസിലേക്ക് വണ്ടികയറിയത്. പട്ടാളത്തിൽച്ചേരാൻ. എഴുത്ത് നേരത്തെയുണ്ട്. പതിനെട്ട് പത്തൊമ്പത് വയസ്സുള്ളപ്പോൾ നോവലെഴുതി .
‘സഹോദരൻ’ ‘പ്രേമം’.
വടക്കാഞ്ചേരി അരുണോദയം പ്രസ്സിലാണ് ‘തകർന്ന ഹൃദയങ്ങൾ’ അച്ചടിപ്പിച്ചത്. ചുറ്റുംകണ്ട മനുഷ്യരെക്കുറിച്ചായിരുന്നു.
തന്നെ പിടിച്ചു കുലുക്കിയ മലയാള നോവലുകളിലൊന്ന് ഇതാണെന്ന് മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ള അഭിനന്ദിച്ചു.
അന്ന് കോവിലനായിട്ടില്ല. രചയിതാവിന്റെ പേര് വിനീതൻ വി.അയ്യപ്പൻ. കണ്ടാണശ്ശേരി വട്ടപ്പറമ്പിൽ വേലപ്പൻ അയ്യപ്പനിൽനിന്ന് കോവിലൻ ഉരുത്തിരിയുന്നത് പിന്നീടാണ്. വാരികക്ക് അയച്ച് കൊടുത്ത കഥ പ്രസിദ്ധീകരിക്കാൻ ഉടൻ തൂലികാനാമം കണ്ടെത്തണമെന്ന് പത്രാധിപർ
( എൻ.വി.കൃഷ്ണവാരിയർ) ആവശ്യപ്പെടുകയായിരുന്നു.

” തരാൻ വൈകി എന്നറിയാം.. “
അരിയന്നൂരിലെ വീട്ടിലെത്തി എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ മന്ത്രി എം.ഏ.ബേബി പതുക്കെ പറഞ്ഞു.
അപ്പോൾ കരുത്തനായ കഥാകൃത്തിന്റെ കണ്ണ് നിറഞ്ഞു.
പട്ടാളത്തിലായാലും നാട്ടിലായാലും താൻ നിസ്വരുടെ കൂടെയാണ്. തന്റെ സാമൂഹികവും ദാർശനികവുമായ അടിത്തറ അതാണ്. എഴുത്തുകാരനായ താൻ അധഃസ്ഥിതരുടെ നൊമ്പരങ്ങളാണ് അക്ഷരങ്ങളിലൂടെ പ്രകടിപ്പിക്കുന്നത്.ഈ കാഴ്ചപ്പാടോടെ തന്റെ രചനകൾ വിലയിരുത്തപ്പെട്ടിട്ടില്ല. തനിക്ക് എഴുതാനേ അറിയൂ.

പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും മൗനം പാലിക്കുന്നതെന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോൾ തന്ന മറുപടി ഇന്നും പ്രസക്തമാണ് .
” നവോഥാന കാലഘട്ടം ആർജ്ജിച്ചു എന്ന് പറയപ്പെടുന്ന സ്വാധീനം മുഴുവൻ നഷ്ടപ്പെട്ട് പോയി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
അനീതിയെ എതിക്കുക എന്ന മനുഷ്യ സ്വഭാവം നഷ്ടപ്പെടുകയും വിധി വിശ്വാസം പ്രബലമാവുകയുമാണെങ്കിൽ കാടും തടിയും നാടും നഗരവും വാറ്റ് ചാരായവും വിറ്റ് വിരാജിക്കുന്ന ക്രിമിനലുകൾ സിംഹാസനങ്ങളിൽ വാഴുകയയുള്ളൂ. ക്രിമിനലുകളെ സേവിയ്ക്കുന്ന വേലയാണ് ഇവിടെ കവിയും സിനിമാ ഗാന രചയിതാവും നോവലിസ്റ്റും നിരൂപകനും ഒക്കെ ചെയ്ത് പോരുന്നത്…”

By ivayana