സജി കണ്ണമംഗലം //
ഇവിടെ വന്നും പോയ്മറഞ്ഞും ജീവജാലങ്ങൾ
ചുവരെഴുത്തിൽപ്പോലുമില്ലാതുയിരൊടുങ്ങുന്നോർ
ശവമടക്കിനു ഭൂമിയില്ലാതഴുകിനാറുന്നോർ
അവശനെക്കൊന്നവനിയെല്ലാം സ്വന്തമാക്കുന്നോർ
സ്വന്തമാക്കിയതൊക്കെ വിട്ടൊരു പട്ടടയ്ക്കുള്ളിൽ
വെന്തുപോകണമെന്നതൊക്കെ മറന്നുപോകുന്നോർ
അന്ത്യനാളിലുടഞ്ഞുപോകും ഹൃത്തിലാവോളം
അന്തമില്ലാപ്പകയുമേറ്റിത്തെയ്യമാടുന്നോർ
പാപമാർഗ്ഗം സ്വീകരിച്ചും വിത്തമാളുമ്പോൾ
പാപനാശകമന്ത്രതന്ത്രമതിൽ രമിക്കുമ്പോൾ
പാപമെല്ലാം പുണ്യമാക്കാനീശനെക്കാണാൻ
പാരിലെല്ലാം തേടിയോടിത്താഴെവീഴുന്നോർ
ഊഴിയിൽ നിൻ വാഴ്വു തീരാൻ നാളടുക്കുമ്പോൾ
ഏഴകൾ തൻ രോദനത്താലാഴിയുണ്ടാകും
പാഴിലാകും വിത്തമെല്ലാം കടലെടുക്കുമ്പോൾ
ആഴി വീണ്ടും ഭൂതലത്തെ മൂടി ഗർജ്ജിക്കും