ശിവരാജൻ കോവിലഴികം*
അവധിക്കാലം വന്നാലപ്പുവി-
നുത്സവകാലം പോലാണെ
കൂട്ടരുമൊത്തു ചാടിമറഞ്ഞു
കളിക്കാനവനും കൊതിയാണേ
മഴപെയ്താലവനെത്തും മഴയിൽ
നനഞ്ഞുകുളിച്ചു രസിച്ചീടാൻ
കാറ്റത്തടരും മാങ്ങപെറുക്കാൻ
മാവിൻ ചോട്ടിലുമെത്തീടും
പ്ലാവിലെയെത്താകൊമ്പിൽ കാക്കകൾ
പഴുത്തചക്കയിൽ കൊത്തുമ്പോൾ
കല്ലുമെടുത്തവനെത്തും കൊതിയാൽ
വെള്ളം വായിൽ നിറഞ്ഞുകവിയും
കിഴങ്ങും കാച്ചിലും ചേമ്പും ചേനയും
കപ്പയുമങ്ങനെ പലവിഭവങ്ങൾ
ചക്കരക്കാപ്പിയും പുഴുക്കും കണ്ടാൽ
വയറുനിറച്ചു കഴിക്കും ശീഘ്രം .
പട്ടണനടുവിലെ സ്കൂളും വീടും
വേണ്ടവനിഷ്‌ടം ഗ്രാമം തന്നെ
വയലും കുളവും ചുറ്റും കൂട്ടരും
മതിലുകളില്ലാ ലോകം ഗ്രാമം
അവധിക്കാലം വന്നെത്താനവൻ
അക്ഷമയോടെ ദിനമെണ്ണും
മാവും പൂവും കായും തൊടിയും
സ്വപ്നംകണ്ടു കൊതിച്ചുമയങ്ങും .
ഗ്രാമം നമ്മുടെ ആത്മാവ് ,അവിടെ
വിരുന്നിനു ദിനവും പക്ഷിക്കൂട്ടം
താരും തരുവും തളിരും കാണാൻ
ഗ്രാമമതങ്ങിനെ നിലനിൽക്കേണം .