കഥ : സുനു വിജയൻ*

പത്തു വർഷങ്ങൾക്കു മുൻപ് ആയിരുന്നു ജോർജ്ജുകുട്ടിയുടെ കല്യാണംനടന്നത് . പാലായിലെ പുരാതന കത്തോലിക്കാ കുടുംബത്തിലെ അംഗമായ പെണ്ണിന് ജോർജ്ജിനെക്കാൾ രണ്ടു വയസ്സിനു മൂപ്പ് കൂടുതലുണ്ട് എന്ന് പെണ്ണിനെ കണ്ടാൽ ആരും പറയില്ലായിരുന്നു . കാണാൻ സുന്ദരി സ്വത്തിന് സ്വത്ത്, പേരുകേട്ട തറവാട്, ഇഷ്ടം പോലെ ബന്ധു ബലം. പിന്നെ മറ്റെന്ത് വേണം. ജോർജ്ജിന് കിട്ടിയ ലോട്ടറിയായി ഈ കല്യാണത്തെ മിക്കവരും കണ്ടു. ഈ ഞാനടക്കം.

കല്യാണവും, വിരുന്നും കെങ്കേമം ആയിരുന്നു. കെട്ടുകഴിഞ്ഞ് ചെറുക്കനും പെണ്ണും, ചുവന്ന പനിനീർ പൂവുകൾ കൊണ്ട് അലങ്കരിച്ച വെളുത്ത ഓടി കാറിൽ ജോർജ്ജിന്റെ വീട്ടിൽ വന്നിറങ്ങിയപ്പോൾ മണവാട്ടിയെ കണ്ട് അയൽക്കാർ കേമത്തരം പറഞ്ഞു.
“ഒക്കെ ജോർജ്ജിന്റെ ഭാഗ്യം അല്ലാതെന്തു പറയാൻ. ഇട്ടുമൂടാൻ സ്വത്തുള്ള പെണ്ണിനെയല്ലേ കെട്ടിയത്.”

ജോർജ്ജും പെണ്ണും കാറിൽ നിന്നിറങ്ങുന്നത് കണ്ട് ഞങ്ങളുടെ വീടിന്റെ തിണ്ണയിൽ ഇരുന്ന് എന്റെ അച്ഛൻ ആത്മഗതം നടത്തി.
“ആ പെങ്കൊച്ചിന് എന്തെങ്കിലും കുഴപ്പം കാണും. അല്ലങ്കിൽ വെറുതെ ഒരു സ്റ്റേഷനറി കടയും കൊണ്ടിരിക്കുന്ന ജോർജ്ജിന് ഇത്രയും പൊന്നും പണവും ആരെങ്കിലും കൊടുക്കുവോ. പെണ്ണിനെ കാണാനും സുന്ദരി. അപ്പോൾ എന്തോ തട്ടുകേട് പറ്റിയ പെണ്ണായിരിക്കും. പൂമുഖത്തുവന്നു എത്തിനോക്കി അമ്മയും അഭിപ്രായം പറഞ്ഞു.

“എന്തായാലും ജോർജ്ജ് ചേട്ടൻ അഞ്ചു വർഷം എൽസി ചേച്ചിയെ പ്രേമിച്ചു നടന്നിട്ട് ഇപ്പോൾ കാശുള്ള ഒരു സുന്ദരി പെണ്ണിനെ കിട്ടിയപ്പോൾ തന്നെക്കാൾ പ്രായം കൂടുതലുള്ള പെണ്ണാണ് എന്നറിഞ്ഞിട്ടും തന്റെ പ്രേമം ഒറ്റയടിക്ക് മറന്ന് ഇങ്ങനെ കാശിനു വേണ്ടി എന്തും ചെയ്യുമെന്ന് ഞാൻ കരുതിയില്ല ” എന്റെ പെങ്ങൾ അരിശത്തോടെ പറഞ്ഞു.
ജോർജ്ജ് എന്റെ അയൽവാസിയും അതിലുപരി എന്റെ ചങ്ങാതിയും ആയിരുന്നു.. കല്യാണം ഉറച്ചു കഴിഞ്ഞപ്പോൾ ഞാൻ വെറും അയൽവാസി മാത്രമായി . അവന്റെ oകല്യാണം ഉറച്ചപ്പോൾ മുതൽ ജോർജ്ജ് എല്ലാ ചങ്ങാത്തവും ഉപേക്ഷിച്ചു. പിന്നെ ഒരു പരിചയക്കാരന്റെ മട്ടും ഭാവവും. അതിനപ്പുറത്തേക്ക് ഒന്നുമില്ല. പണക്കാരിയെ കെട്ടിയതിന്റെ ഹുങ്ക്.. അൽപ്പൻ കുടപിടിക്കുന്ന ആ പഴഞ്ചൊല്ല് ഞാൻ അപ്പോൾ വെറുതെ ഓർത്തിരുന്നു
എന്നാലും അവൻ എൽസിയോട് ഈ ചതി ചെയ്യും എന്ന് ഞാനും കരുതിയിരുന്നില്ല. പാവം ആ കുട്ടിക്ക് എത്രമാത്രം വിഷമം ആയിക്കാണും. അഞ്ചു വർഷം പൊന്നേ കരളേ എന്നൊക്കെപറഞ്ഞു ആശകളും, സ്വപ്നങ്ങളും നൽകി പ്രേമിച്ചു നടന്നിട്ടിപ്പോൾ അവളെ അവഗണിച്ചു. അവൻ ഈ ചെയ്തത് പണം മോഹിച്ചു തന്നെ.

ഒരു പാവപ്പെട്ട റബ്ബറു വെട്ടുകാരന്റെ മകളായ, ഒരു ചെരുപ്പുകടയിലെ സെയിൽസ് ഗേളായ എൽസി കാണാൻ അതി സുന്ദരിയൊന്നും അല്ലങ്കിലും ജോർജിനു നന്നായി ചേരുന്ന പെണ്ണായിരുന്നു. എന്നാലും പണത്തിനു വേണ്ടി മനുഷ്യർ പ്രാണനെപോലെ കരുതുന്ന സ്നേഹം വേണ്ടന്നു വക്കുമല്ലോ എന്നോർത്തപ്പോൾ എനിക്ക് സങ്കടം വന്നു. ജോർജ്ജിനോട് അതിയായ ദേഷ്യവും തോന്നി
ജോർജ്ജിന്റെ മണവാട്ടി സ്ത്രീധനമായി കൊണ്ടുവന്ന ഓടി കാറിൽ മാത്രം യാത്ര ചുരുക്കിയ ജോർജ്ജിനെ പിന്നെ വഴിയിലെങ്ങും നടന്നു പോകുന്നത് കണ്ടിട്ടില്ല.. പള്ളിയിൽ ജോർജ്ജും പുതുപ്പെണ്ണും കാറിൽ വന്നിറങ്ങി, കാറിൽ കയറി പോകുന്നത് കണ്ടിട്ടുണ്ട്.

ഇടവകയിൽ ഒന്നുരണ്ടാഴ്ച ഏവരുടെയും സംസാരം ജോർജ്ജിന്റെ കല്യാണവും, പാലാക്കാരി സുന്ദരിയും പണക്കാരിയുമായ ജോർജ്ജിന്റെ മണവാട്ടിയെയും കുറിച്ചായിരുന്നു.
ജോർജ്ജിന്റെ വീട്ടിൽ എല്ലാവർക്കും പണമുള്ള പെണ്ണ് മരുമോളായി വന്നപ്പോൾ പൊങ്ങച്ചം കൂടി.
പക്ഷേ ജോർജ്ജിന്റെ അമ്മ അന്നമ്മചേടത്തിയുടെ പൊങ്ങച്ചം രണ്ടാഴ്ച കഴിഞ്ഞപ്പോൾ തീരെ ഇല്ലാതെയായി.. ആ വിവരം അമ്മയാണ് അത്താഴം വിളമ്പുന്നതിനിടയിൽ വീട്ടിൽ വിളമ്പിയത്.
പുതുപ്പെണ്ണ് അന്നമ്മ ചേടത്തിയോട് ഒന്നും മിണ്ടാറില്ലത്രേ. നഖത്തിന്റെ ഇടയിൽ ചെളിയും, അടുക്കളയിൽ മുഷിഞ്ഞ ചട്ടയും ഇട്ടു നിൽക്കുന്ന അന്നമ്മ ചേടത്തിയെ കാണുന്നത് പോലും ആ പെണ്ണിന് അറപ്പാണത്രെ. അത്‌ ആപെണ്ണ് അന്നമ്മ ചേടത്തിയുടെ മുഖത്തുനോക്കി പറഞ്ഞെന്ന് അന്നമ്മ ചേടത്തിതന്നെ അമ്മയോട് പറഞ്ഞത്രേ.

ജോർജ്ജ് ആ പഴയ സ്റ്റേഷനറികട പുതുക്കി പണിതു. ജോലിക്ക് രണ്ടു പേരെ നിയമിച്ചു. അവൻ പുറത്തേക്കൊന്നും അധികം ഇറങ്ങികാണാതെയായി. ഇടവകയിൽ എല്ലാവരോടുമുള്ള സഹവാസവും അവൻ കുറച്ചു.
കാഞ്ഞിരപ്പള്ളിയിൽ പലതവണ മഴക്കാലവും, വേനൽക്കാലവും, മഞ്ഞുകാലവും കടന്നു പോയി. എനിക്ക് പട്ടണത്തിൽ ജോലി ലഭിച്ചു. ഞാൻ വിവാഹം കഴിഞ്ഞ് പട്ടണത്തിലേക്ക് താമസം മാറ്റി. വീട്ടിൽ എല്ലാമാസവും പോകുമ്പോൾ അമ്മ വള്ളി പുള്ളി വിടാതെ ഇടവകയിലെ എല്ലാ വിശേഷങ്ങളും മുറക്ക് എന്നോടു പറഞ്ഞുകൊണ്ടിരുന്നു.

ജോർജ്ജിന്റെ പഴയ കാമുകി എൽസിക്ക്‌ പി എസ് സി വഴി വില്ലേജിൽ ജോലി കിട്ടി. എൽസിയെ അധ്യാപകനായ സേവ്യർ വിവാഹം കഴിച്ചു. അവർക്ക് മിടുക്കന്മാരായ രണ്ട് ആൺകുട്ടികളും ജനിച്ചു
വിവാഹം കഴിഞ്ഞ് പത്തു വർഷം കഴിഞ്ഞിട്ടും ജോർജ്ജിന് കുട്ടികൾ ഉണ്ടായില്ല. ജോർജ്ജിന്റെ ഭാര്യ മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങി ഓടി കാറിൽ പാലായിൽ നിന്നും കാഞ്ഞിരപ്പള്ളിക്കും, കാഞ്ഞിരപ്പള്ളിയിൽ നിന്നും പാലായിലേക്കും യാത്ര ചെയ്തു. അവർ അറപ്പുമൂലം ജോർജ്ജിന്റെ അമ്മ അന്നമ്മചേടത്തി പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതെ, പട്ടണത്തിലെ ഹോട്ടലിൽ നിന്നും പാർസൽ വാങ്ങുകയും, പാലായിൽ നിന്നും ഇറക്കുമതി ചെയ്ത ചുരിദാറിട്ട കുക്ക് ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുകയും ചെയ്തു.
ജോർജ്ജിന്റെ പഴയ വീടിനോട് ചേർന്ന് പുതിയതായി പണിത വീട്ടിലേക്ക് ജോർജ്ജും, ഭാര്യയും, ചുരിദാറിട്ട കുക്കും താമസം മാറി. അവിടെ രണ്ടു മുറികളിൽ എ സി ഉള്ളതും അന്ന് ഇടവകയിൽ ഒരു വാർത്തയായിരുന്നു.

വീണ്ടും പലതവണ കാഞ്ഞിരപ്പള്ളിയിൽ ചിറ്റാറിലെ വെള്ളം താഴുകയും, പൊങ്ങുകയും, വരണ്ടണങ്ങുകയും ചെയ്തു. മക്കളില്ലാത്ത ജോർജ്ജ് ഒരു സ്ഥിരം മദ്യപാനിയായി മാറി.ഇടവകയിൽ ചിലരെങ്കിലും ജോർജ്ജിനെ എൽസമ്മ ശപിച്ചതിന്റെ ഫലമായാണ് അയാൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് എന്നു പറഞ്ഞു.
കല്യാണം കഴിഞ്ഞ് പത്തു വർഷങ്ങൾ കഴിഞ്ഞിട്ടും ജോർജ്ജിന്റെ ഭാര്യ ഒരു മണവാട്ടിയായിത്തന്നെ അണിഞ്ഞൊരുങ്ങി നടന്നു.ആഭരണങ്ങളും, വിലകൂടിയ ചുരിദാറുകളും അണിഞ്ഞല്ലാതെ അവരെ ആരും കണ്ടിരുന്നില്ല. വീടിനകത്തും, പുറത്തും, പകലും, രാത്രിയുമെല്ലാം അവർ കല്യാണം കഴിഞ്ഞു വന്ന അതേ രൂപത്തിലും ഭാവത്തിലും കാണപ്പെട്ടു. ക്രിസ്സ്മസ് കാരോളുകാർ പാതിരാത്രി ജോർജ്ജിന്റെ വീട്ടിൽ ചെന്നപ്പോഴൊക്കെ അവർ അണിഞ്ഞൊരുങ്ങിയാണ് കാണപ്പെട്ടത്. അതുകൊണ്ടാണ് പകലും രാത്രിയും എന്ന് ഞാൻ എടുത്തു പറഞ്ഞത്.

വിവാഹം കഴിഞ്ഞു പത്തുവർഷം കഴിഞ്ഞതിന്റെ ആഘോഷം കഴിഞ്ഞ് കഴിഞ്ഞമാസം ജോർജ്ജ് ആത്മഹത്യ ചെയ്തു. ഒരു മരണക്കുറിപ്പുപോലും എഴുതാതെയാണ് ജോർജ്ജ് ആത്മഹത്യ ചെയ്തത്.അയാൾ എന്തിനതു ചെയ്തു എന്നാർക്കും അറിയില്ലായിരുന്നു. ജോർജ്ജിന്റെ ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ ഞാൻ അയാളുടെ ഭാര്യയെ കണ്ടിരുന്നു. ഒരു മാറ്റവുമില്ലാതെ അന്നും അവർ ഒരു മണവാട്ടിയെപ്പോലെ കാണപ്പെട്ടു. ആഭരണങ്ങൾ അൽപ്പം കുറവായിരുന്നു എന്നു മാത്രം. ജോർജ്ജ് മരിച്ചിട്ടും അവരുടെ മുഖത്ത് ഒരു ഭാവ വത്യാസവും ഞാൻ കണ്ടില്ല.

ജോർജ്ജ് മരിച്ചു മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവർ ആ വെളുത്ത ഓടി കാറിൽ കയറി പാലായിലേക്ക് മടങ്ങി. പിന്നെ ഇന്നു വരെ അവർ മടങ്ങി വന്നില്ല. അവർപോയപ്പോൾ അവർ നിയമിച്ച കുക്കും അവരോടൊപ്പം തിരിച്ചു പോയി.
ഇന്നലെ രാത്രി ഫോൺ വിളിച്ചപ്പോഴാണ് അമ്മ ആ വാർത്ത എന്നോടു പറഞ്ഞത്. ജോർജ്ജ് മരിക്കുന്നതിന്റെ തലേദിവസം അയാൾ എൽസിയെ കാണാൻ സ്കൂളിൽ ചെന്നിരുന്നത്രെ. എൽസിയോട് ജോർജ്ജ് ഏറെ നേരം സംസാരിച്ചുവത്രെ. എൽസിയാണ് ജോർജ്ജിന്റെ ഭാര്യയെക്കുറിച്ച് ജോർജ്ജ് പറഞ്ഞ ആ രഹസ്യം ഇടവകയിൽ പുറത്തു വിട്ടത്.
ജോർജ്ജിന്റെ മണവാട്ടിയുടെ ശരീരമാസകലം വെള്ളപ്പാണ്ടായിരുന്നത്രെ. അതും വളരെ കൂടിയ നിലയിൽ. അതുമറച്ചു വക്കാനായി അവർ എന്നും അണിഞ്ഞൊരുങ്ങി ഒരു മണവാട്ടിയെപ്പോലെ ജീവിച്ചു.

മരണം വരെ ജോർജ്ജ് അവരെ സ്പർശിക്കാൻ അവർ അനുവദിച്ചിരുന്നില്ലത്രേ.ആ വെള്ളപാണ്ടിന് വലിയ വിലയും ആയിട്ടാണ് ആ പെണ്ണ് ജോർജ്ജിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. അവസാനം ജോർജ്ജു തന്നെ എല്ലാം ഉപേക്ഷിച് ആരോടും ഒന്നും പറയാതെ മരണത്തെ പുൽകി
ജോർജ്ജിന്റെ പണക്കാരിയായ മണവാട്ടി ഇനി മാറ്റാരുടെയെങ്കിലും മണവാട്ടിയായി പോകുമോ ആവോ ആർക്കറിയാം.

By ivayana