അശോകൻ പുത്തൂർ*
സ്വപ്നങ്ങൾക്കും
ഓർമ്മകൾക്കുമിടയിലൂടുള്ള
കരിങ്കാല വരമ്പിലൂടെയാണ്
നിറയെ പത്തുമണിപ്പൂക്കൾ
കുടചൂടിനിൽക്കും
അവന്റെ വീട്ടിലേയ്ക്കുള്ള വഴി.
പാതയ്ക്കിരുപുറവും
കവിതകളും പാട്ടും
പൂചൂടി കതിരിട്ടുനിൽപ്പുണ്ട്
ഇന്നലെവരെ
കിനാക്കൾ തൊഴുതുവലംവച്ചെത്തും
തുമ്പികളുടെയും ശലഭങ്ങളുടെയും
കുളിക്കടവായിരുന്നു ഈ വീട്……….
നീരുതരേണ്ടവൻ മരണപ്പെട്ടെന്നറിഞ്ഞ്
തേങ്ങിക്കരഞ്ഞിരിപ്പുണ്ട് നാലുമണിപൂക്കൾ.
പോസ്റ്റുമോർട്ടം കഴിഞ്ഞെത്തിയ
ആംബുലൻസ്നോക്കി
ദെണ്ണിച്ചുനിൽപ്പുണ്ട് പടിക്കലെപ്ലാവ്.
മഞ്ചയും കോടിയുംകണ്ട്
കണ്ണിമയ്ക്കാതെ നോക്കുന്നുണ്ട്
നന്ത്യാർവട്ടങ്ങൾ……….
വിശപ്പ്സഹിക്കാതെ
അതിരിലെ മാങ്കൊമ്പിൽ
ബലികാത്തിരിപ്പുണ്ട്
വൈലോപ്പിള്ളിയുടെ കാക്കകൾ.
വാടിനിൽക്കും കരിംതെച്ചിയെ
കൃഷ്ണത്തുളസി തിരുമ്മി
മാമൂട്ടുന്നുണ്ടൊരശോകം
രാത്രി ഏറെയായിട്ടും
അവനെക്കാണാഞ്ഞ്
മുറ്റത്ത് മുട്ടുകുത്തിനടപ്പുണ്ടൊരു പിച്ചകത്തൈ
കരഞ്ഞു കണ്ണുകലങ്ങിയ
കണ്ണാന്തളികളെ
കണ്ണെഴുതിക്കുന്നു ചെണ്ടുമല്ലികൾ
മരണവീട്ടിൽ
ചെമ്പരത്തിയാണ് ഇന്നരിവെപ്പുകാരി.
ഒതുക്കലും തുടയ്ക്കലുമൊഴിയാതെ
വാടാമല്ലികൾ.
പാതയോരത്തെ
ചെടികളും പുൽനാമ്പുകളും
അടക്കംപറയണ കേട്ടില്ലേ
കവിതയും സങ്കടങ്ങളുമായി
ഇലഞ്ഞിച്ചോട്ടിൽ
എന്നുമവനെ കാത്തുനിൽക്കാറുള്ള
അവളോട് നാമെന്താണ് പറയുക
നിലാവുംമഞ്ഞും പാതിരാപുള്ളുകളും
അവളുടെ കരൾചില്ലയിൽ
ഇന്നെഴുതുന്ന കവിതയിൽ
അവനൊരു പനന്തത്തയായി പുനർജ്ജ്നിക്കുമായിരിയ്ക്കും………
ചിലപ്പോൾ ഇപ്പോളവൾ തത്തമ്മയ്ക്ക്
ഹൃദയത്തിൽ കൂടൊരുക്കുകയാവാം ……..😍