രാജശേഖരൻ*

ഇരുളകലാനൊരു കതിരവൻ വേണം
ഉരുകും മനസ്സുകൾക്കാശ്വാസമേകണം.
ഹൃദയത്തിൽ പ്രേമചെമ്പനീർപ്പൂ വിരിയാൻ
കൗതുകമാർന്നൊരു കനവിൻ മുഖം വേണം.

ആകാശമാറിലെ താരകളെ തഴുകി
ആകാരമോഹിനി പൗർണ്ണമി മയങ്ങുന്നു.
നിശയൊരു നീല കാർവർണ്ണനെന്ന പോലെ
അവളുടെ പുഞ്ചിരിപ്പൂക്കളണിയുന്നു.

കളമുരളീസ്വരശൃംഗാരപ്പാൽധാര
കരകവിഞ്ഞകാശഗംഗയൊഴുകുന്നു.
പ്രേമോഷ്മളജാത നവഗ്രഹദീപ്തമാം
പ്രോജ്വലമംബരകംബളമണിയിച്ചു.

സുസ്ഥിരപ്രേമമെന്നോർത്തവൾ മറന്നെല്ലാം
സുസ്മിതം തൂകി ല്യാസമാടിത്തിമിർക്കവെ,
നിശയോ ദ്രുതപാദരഥമേറി മാഞ്ഞു!
നിശാകാമുകിയോ നിർജ്ജീവകലയായി!!

വിധിയെങ്ങുമൊരുപോലെ പ്രണയിക്കുവോർക്ക്,
നിധിയാംമവിച്ഛിന്നപ്രണയമസാദ്ധ്യം!
സ്വപ്നാനുരാഗവസന്തങ്ങൾ പൂവിടാത്ത
ഗ്രീഷ്മാഗ്നിസ്മൃതിസൂന,മൃതഹൃദയങ്ങൾ!!

പരിത്യക്തയാം നിശാസുന്ദരിയെ കണ്ടു
പരിക്ഷീണയെ,യർക്കൻ സമാശ്വസിപ്പിച്ചാൻ.
പ്രാണനിൽ വിരിഞ്ഞ തൻ പ്രിയമകൾക്കെങ്ങാ –
നൊരു വീഴ്ച വന്നാലുമച്ഛൻ പൊറുക്കില്ലെ?

By ivayana