വാസുദേവൻ കെ വി*
“അവൾ ഊറിച്ചിരിച്ചൂ. “പാച്ചൂ,,നിന്റെ പോസ്റ്റുകളെക്കാൾ ലൈക്കും കമന്റും കോവാലന്റെ വരികൾക്ക്.. അവിടെ നീ എന്നും രണ്ടാമൻ തന്നെ. എന്നിട്ടും എനിക്കിഷ്ടം നിന്നോട്.
പാച്ചൂ എന്താണങ്ങനെ!?”.
പെണ്ണെഴുതിയ തൂക്കുമര കൃതി ഉദാത്തമെന്ന് പർവ്വതീകരിച്ച് കോവാലൻ !! (കോവാലന്മാരോക്കെയും അങ്ങനെ… ) പിടലൈക്ക് കാംക്ഷിച്ച് പതിച്ച പോസ്റ്റ്.
പിടകൾ പാറിവന്ന് ലൈക്കും കമന്റും. പിടഗന്ധം മണത്ത് ചാന്ത്പൊട്ടുകളും കമന്റിടാനെത്തി . പാച്ചു അതിൽ കമന്റിട്ടു. പത്രവാറ്ത്ത. ബംഗാൾ ദൂരദർശൻ വിളമ്പിയ ജോഷി ജോസഫിന്റെ സ്ക്രിപ്റ്റാണല്ലോ ഈ “ഉദാത്തം.”.
പിന്നെ ചരിത്രവസ്തുതകൾ “ഉദാത്ത”ത്തിൽ പകർത്തിയിട്ടത് Pavel Kohout ന്റെ “The Hangman” എന്ന ഗ്രന്ഥത്തിലെ വരികളും. അല്പജ്ഞരുടെ ലോകത്ത് കോവാലന്റെ പോസ്റ്റ് ശ്രദ്ധേയമാവാതെങ്ങനെ???
പാച്ചു മൊഴിഞ്ഞൂ ..
“അതെ പെണ്ണേ അതാണ് ലോകം
ചിലരുടെ പിറവി തന്നെ രണ്ടാമനാവാൻ തന്നെ.. ഒന്നാമന്റെ നിഴലാവാനായി ജന്മം.
ഫാറുഖ് ഫത്തേഅലിഖാൻ .. ഖവാലി ഗായകൻ നുസ്രത് അലിഖാന്റെ സഹോദരൻ … നുസ്രത്തിനെ പറയുമ്പോഴൊക്കെയും എടുത്തു പറയേണ്ടവൻ.. നുസ്രത്തിനെ പൂർണനാക്കുന്നവൻ.. ഇരുപതു വർഷവും നുസ്രത് അലിഖാന്റെ കൂടെ ഉണ്ടായിരുന്നത് രണ്ടേ രണ്ടു പേരാണ്… ഒന്ന് തബല മാസ്റ്റർ ദിൽദാർ ഹുസൈനും പിന്നൊന്ന് അദ്ദേഹത്തിന്റെ നിഴൽ പോലെ കൂടെ നടന്ന സഹോദരൻ ഫാറൂഖ് ഫത്തേ അലി ഖാനും.
അതെ…ഉസ്താദ് ഫാറൂഖ് ഫത്തേ അലി ഖാൻ… ഹാർമോണിയം വാദനത്തിൽ ലോകം കണ്ടതിൽ വെച്ചേറ്റവും മികച്ചവൻ… ഹാർമോണിയം രാജ സാഹിബ് എന്നോ ഷാഹിൻഷാ ഓഫ് ഹാർമോണിയം എന്നോ അറിയപ്പെടേണ്ടവൻ… നിമിഷാർദ്ധ നേരം കൊണ്ട് അസാധ്യമായ മ്യൂസിക് നോട്ടുകൾ വായിക്കാനും, ഹാർമോണിയത്തിലെ എല്ലാ സ്കെയിലുകളും അനായാസം കൈകാര്യം ചെയ്യാനും നിപുണൻ …അതിലുപരി നുസ്രത്തിനോട് കിട പിടിക്കത്തക്ക വണ്ണം ശബ്ദസൗകുമാര്യം കൊണ്ട് അനുഗ്രഹീതനും … നുസ്രത് പാടിയ പല പാട്ടുകളും ചിട്ടപ്പെടുത്തിയത് ഇതേ ഫാറൂഖായിരുന്നു.. എന്നാൽ എന്നും നുസ്രത്തിന്റെ നിഴലിൽ നടക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.. അതാവട്ടെ അദ്ദേഹം സന്തോഷത്തോടെ , അഭിമാനത്തോടെ ചെയ്തു… നുസ്രത്ത്ഭായ് അകാലത്ത് വിട്ടു പിരിഞ്ഞപ്പോഴാകട്ടെ, തന്റെ മകന്റെ പിന്നിൽ സന്തോഷത്തോടെ പിന്നണി പാടുന്ന ഫാറുഖിനെയും നാം കണ്ടു…ഫാറൂഖ് “ഫാറൂഖ്” ആയതേയില്ല…അയാൾ എന്നും ഫത്തേ അലിഖാന്റെ മകനായിരുന്നു, മഹാനായ നുസ്രത്തിന്റെ അനുജൻ മാത്രമായിരുന്നു… മുജാഹിദ് മുബാറകിന്റെ മച്ചുനനായിരുന്നു…റാഹത് അലി ഖാന്റെ അച്ഛനായിരുന്നു…ഒരു പക്ഷെ നുസ്രത്തിനെ നുസ്രത്താക്കുവാൻ മാത്രമായിരുന്നിരിക്കാം ഫാറൂഖ് ജനിച്ചിട്ടുണ്ടാവുക…
അല്ലെങ്കിലും ചിലരുണ്ട്… എന്നും രണ്ടാമനാവാൻ ജനിക്കുന്നവർ…മറ്റുള്ളവർക്ക് വേണ്ടി ജനിച്ചവർ…തിരശീലയ്ക്കു പിന്നിൽ മാത്രം നിൽക്കുന്നവർ…… അടയാളപ്പെടുത്തലുകൾ ഒന്നുമേയില്ലാതെ ജീവിച്ചവർ, … വാഴത്തപ്പെടാതെ പോകുന്ന മാന്ത്രികർ… പാണന്മാർ പാടാത്ത പാട്ടിലെ നായകന്മാർ. നീയീ പാച്ചുവിനെ രണ്ടാമനായി മാത്രം കാണുക,”
“No one remembers
who came in second.”