രാജേഷ് കൃഷ്ണ*
രാവിലെ എട്ടുമണിക്ക് സൗത്ത് റയിൽവേ സ്റ്റേഷനിൽ സുഹൃത്ത് എത്തുമെന്ന് വിളിച്ചു പറഞ്ഞതുകൊണ്ടാണ് അവൻ്റെ ബൈക്കുമെടുത്ത് യാത്ര തിരിച്ചത്…
മുന്നോട്ട് പോകുന്നതിനിടയിൽ ഇടതുവശത്തുകണ്ട പെട്രോൾ പമ്പിലേക്ക് വണ്ടി കയറ്റി…
മുന്നിൽക്കണ്ട ബോക്സിനടുത്തുതന്നെ നല്ലതിരക്കായതുകൊണ്ട് അതിന് കുറച്ചകലെയുള്ള മറ്റൊരു ബോക്സിനടുത്തേക്ക് വണ്ടി വിട്ടു….
ഒരു അൾട്ടോ കാറിന് പെട്രോളടിച്ച് പൈസ വാങ്ങിയശേഷം എണ്ണക്കറുപ്പഴകി എന്നെ നോക്കി..
ഞാൻ വണ്ടി ഓഫ് ചെയ്ത് ചാവി ഊരിയെടുത്ത് ബൈക്കിൻ്റെ ടാങ്കിൻ്റെ മൂടി തുറന്നു വെച്ചു…
“എത്ര വേണം”…
“നൂറ് രൂപക്ക് “…
അവൾ ബോക്സിലെ നമ്പറിൽ നൂറെന്ന് ടൈപ്പ് ചെയ്ത് പൈപ്പെടുത്ത് ടാങ്കിൻ്റെ മുകളിലെ ഹോളിന് സമീപത്തേക്ക് വെച്ചു …
“തുമ്പേ കയറിയിട്ടുള്ളൂ”…
“എന്ത് “…
“മുഴുവനും കയറിയിട്ടില്ല”…
ഞാൻ പൈപ്പ് തൊട്ടു കാണിച്ചു…
“നൂറ് രൂപക്കല്ലേ, അത്രയൊക്കെ കയറിയാൽ മതി”…
“പുറത്ത് പോകും”…
“അകത്തേക്കും കൂടുതലൊന്നും പോകാനില്ല, പിന്നല്ലേ പുറത്തേക്ക് “…
പറഞ്ഞു നിർത്തിയതും അവൾ പൈപ്പെടുത്തു, രണ്ടു തുള്ളി ടാങ്കിന് മുകളിൽ വീണു…
“ഞാനപ്പോഴെ പറഞ്ഞില്ലേ പുറത്തു പോകുമെന്ന്, രണ്ടു തുള്ളി ടാങ്കിന് മുകളിലാ വീണത് “…
“സാരമില്ല തുടച്ചുകളഞ്ഞാൽ മതി”…
“മൈലേജ് കുറയും”…
“പ്രായമിത്രയുമായില്ലേ ഇനി അത്രയൊക്കെയെ മൈലേജ് കാണൂ”…
ബൈക്കിൻ്റെ പ്രായമാണോ എൻ്റെ പ്രായത്തെക്കുറിച്ചാണോ അവൾ സൂചിപ്പിച്ചത്…
സംശയത്തോടെ ഞാനവളെ നോക്കി, താണുപോയ മാസ്ക് കുറച്ചുകൂടി മുകളിലേക്ക് കയറ്റിയിട്ടു…
മീശയുടെ നാലഞ്ചിഴകൾ നരച്ചത് കറുപ്പിക്കാൻ തിരക്കിനിടയിൽ മറന്നുപോയിരുന്നു…
“പെട്രോളിനൊക്കെ ഇപ്പം എന്താ വില”…
ഞാൻ ടാങ്ക് ലോക്ക് ചെയ്ത് ചാവിയെടുത്ത് ബൈക്ക് ഓൺ ചെയ്യുന്നതിനിടയിൽ മെല്ലെ പിറുപിറുത്തു….
“സാറിൻ്റെ വീടെവിടെയാ”…
“കോഴിക്കോട് “…
“തോന്നി”…
” എന്ത് “…
“ഈ നാട്ടുകാരനല്ലെന്ന് “…
ഞാൻ ഒന്നും മിണ്ടാതെ ബൈക്ക് സ്റ്റാർട്ട്ചെയ്ത് റയിൽവേ സ്റ്റേഷനിലേക്ക് വിട്ടു…
സുഹൃത്ത് എന്നെകാണാഞ്ഞ് മുഷിയുന്നുണ്ടാകും…