അജിത്ത് ആനാരി*

പനിയാണ് ആദ്യം
പിന്നെ ദുർബ്ബലത
പ്രായാധിക്യത്തിൽ ദന്തക്ഷയം,
പിന്നെ ഭക്ഷണം ചവച്ചരയ്ക്കാനാകാഴിക
കാഴ്ചാഭ്രംശം, ശ്രവണഭംഗം
രുചിയറിയായ്ക,
കണ്ണെത്തുന്നിടത്തു കൈയെത്തായ്ക
നടപ്പിൽ പാദങ്ങൾ ഉറയ്ക്കായ്ക
ആദ്യം കിഡ്നി പണിമുടക്കും
പിന്നെ കരൾ, ശേഷം പാൻക്രിയാസ്, ഒടുവിൽ ഹൃദയം
ഇഷ്ടഭക്ഷണങ്ങൾ ഉപേക്ഷിച്ച് നാം കരളിനും കിഡ്ണിക്കും ഐകദാർഢ്യം പ്രഖ്യാപിക്കും, പക്ഷേ അവർ പിണക്കം മാറ്റില്ല…

എല്ല് ക്ഷയിക്കും, പല്ല് കൊഴിയും, മുടി നരയ്ക്കും, മണങ്ങൾ ഓർമ്മയാകുന്നു!
ദഹനേന്ദ്രിയവ്യൂഹവും, ‘കേന്ദ്ര നാഡീവ്യൂഹവും, നെർവ് സിസ്റ്റവും, വഴി മുടക്കാൻ ആരംഭിക്കും, പതിയെ തലച്ചോറിന് ക്ഷയം സംഭവിക്കുന്നു…
ഒരുനാളിൽ ശ്വാസം പിണങ്ങിയകത്തു കയറാതെ പോകും, അന്നാളിൽ ഹൃദയം നിലയ്ക്കും, കണ്ണുകൾ കുഴിയിലേക്ക് മറിഞ്ഞുതാഴും, ത്വക്ക് അയഞ്ഞ് മാംസം ചീർക്കും, ഉടൽ ഉറച്ചുലഞ്ഞഴിഞ്ഞ് പഞ്ചഭൂതങ്ങൾ നാനാവഴിയിലേക്ക് യാത്ര തുടരും….
അങ്ങനെ മരണം , ശരീരത്തിൻ്റെവിവിധ രസക്കൂട്ടുകളെ വിഘടിപ്പിച്ച് ശരീരത്തെ കീഴ്പ്പെടുത്തി, ഭൂമിയിൽനിന്നും ഒരു ജീവനെ അടർത്തിമാറ്റുന്നു.

മരണം വിഘടനത്തിൻ്റെ ദൂതനാണ്. മാതാപിതാക്കളെ, പ്രിയതമയെ, പ്രിയതമനെ, പ്രിയസൂനങ്ങളെ, സൗഹൃദളെ, ഇവയിൽ നിന്നൊക്കെ ഒരു ജീവനെ അടർത്തി നീക്കുന്ന ജീവ വൈരി.
അവൻ്റെ ആയുധങ്ങളിൽ രോഗമുണ്ട്, അപകടമുണ്ട്, ആക്രമണമുണ്ട്, വേട്ടയാടലുണ്ട്, പ്രകൃതിക്ഷോഭങ്ങളുണ്ട്, ദുരന്തങ്ങളുണ്ട്. പ്രകൃതിനിർദ്ധാരണ പ്രക്രിയയിൽ നിയുക്തനായ അനാദിമധ്യാന്തരഹിതനായ നിത്യനാണ് മരണം. പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ട ശരീരങ്ങളെത്തകർക്കാൻ പഞ്ചഭൂതങ്ങളെ ആയുധമാക്കുന്ന മിടുക്കനാണ് മരണം. വെള്ളത്തിൽ മുങ്ങിയും, തീപ്പിടിച്ചും, ശ്വാസം മുട്ടിയും, അന്നമില്ലാതെയും, വെള്ളമില്ലാതെയും, തണുത്തു വിറങ്ങലിച്ചും, സൂര്യാഘാതത്തിലും, ജീവിതങ്ങളെ ഇല്ലായ്മ ചെയ്യുന്ന സർവ്വായുധവർഗ്ഗം ധരിച്ച കാലസമകാലീനാണ് മരണം.

ഉത്പത്തി ആരാണോ നിർവ്വഹിക്കുന്നത്, ആ ശക്തി കല്പിച്ചാക്കിയ നിഷ്ടയുള്ള കാർമ്മികനാണ് മരണം. ജനനം മുതൽ ,ജനിച്ചവയുടെ അന്ത്യസമയം കാത്ത്, കൃത്യമായ സമയത്ത് അത് സംഭവിപ്പിക്കുന്ന എതിർക്കപ്പെടാത്ത ശക്തി അതാണ് മരണം. കാലത്തിൻ്റെ തുടക്കം മുതൽ കാലം എന്നു തീരുന്നുവോ അന്നോളം നിലനില്ക്കുന്ന പ്രതിഭാസമായതിനാലാണ് നാമവനെ കാലനെന്നു വിളിക്കുന്നത്. കാലദേശങ്ങൾക്കപ്പുറമുള്ളൊരു നിത്യതയാണ് മരണം.
ജീവിതം രണമാണ്. ജീവനെ മരണംവരെ മരണത്തിൽ നിന്നും ദൂരെ നിർത്താനുള്ള രണം. സുദീർഘമായ ജീവിതങ്ങളും, ഹ്രസ്വമായ ജീവിതങ്ങളും മരണത്തിൻ്റെ പരിധിക്കുള്ളിൽത്തന്നെയാണ്.

ജനിച്ചവയുടെ അന്ത്യം മരണത്താൽ സംഭവിക്കുന്നതിനാലാണ് ജനിക്കാനുള്ളവർക്ക് ഈ മണ്ണിലിടമുണ്ടാകുന്നത്. ഇരയുടെ മരണം സംഭവിക്കുന്നില്ലായെങ്കിൽ വേട്ടക്കാരൻ ആഹരിക്കുന്നതെങ്ങനെ? അങ്ങനെ നോക്കുമ്പോൾ ജീവിക്കുന്നവയ്ക്ക് ഭോജ്യമൊരുക്കാൻ മരണമില്ലാതെ പറ്റുമോ? സസ്യഭുക്കിനും, മാംസഭുക്കിനും മരണം സംഭവിക്കാത്ത ഇരയെ ആഹരിക്കാനാകുകയില്ലെല്ലോ? അങ്ങനെ നോക്കുമ്പോൾ ജീവിച്ചിരിക്കുന്നവയുടെ നിലനില്പിനാധാരംതന്നെ മരണമാണ്.

മതങ്ങൾ ഉളവാകാൻ യഥാർത്ഥ കാരണക്കാരൻ മരണമാണ്. മരണത്തിനപ്പുറംകാണാത്ത മനുഷ്യൻ്റെ മരണാനന്തര ജീവിതവ്യഗ്രതയാണ് മതവിശ്വാസത്തിൻ്റെ അടിത്തറ. മതങ്ങളുടെ മൂലധനം മനുഷ്യൻ്റെ ഈ അറിവില്ലായ്മയാണ്. അതിനെ ചൂഷണം ചെയ്ത് മതങ്ങൾ വളരുന്നു. അതിൻ്റെ നിലനില്പിനായി മതങ്ങൾ വധം നടപ്പിൽ വരുത്തുന്നു. മരണാനന്തര ജീവിതമോക്ഷം നേടാൻ സംഹിതകൾ പിൻതുടരുന്ന വിശ്വാസികൾ ഇന്ന് ലോകത്ത് മരണത്തിൻ്റെ മൊത്തക്കച്ചവടക്കാരായി, മരണത്തിൻ്റെ കൈയിലെ ഏറ്റവും മൂർച്ചയുള്ള ആയുധങ്ങളായി മാറിയിരിക്കുന്നു. സമൂഹങ്ങളെ കൂട്ടക്കൊല ചെയ്ത് മരണത്തെ സഹായിക്കാൻ ഈ മരണാനന്തര ജീവിത വാഗ്ദാനക്കാൻ പാത്രീഭവിച്ചിരിക്കുന്നൂവെന്ന സത്യം നാം തിരിച്ചറിയാതെ പോകരുത്.
കർമ്മകുശലനായി കാലത്തിനു കൂട്ടുനില്ക്കുന്ന മരണത്തെ വെറുക്കാൻ ആർക്കാണ് കഴിയുക? വെറുത്താലോ, അറച്ചാലോ, ഒളിച്ചാലോ രക്ഷപ്പെടാനാവാത്ത വിധം മരണത്തിനായി ഏല്പിക്കപ്പെട്ട പ്രാണൻ്റെ ഉടമകളായവരേ, തുച്ഛമായ സമയത്ത് ഭൂമിയിൽ ആയിരിക്കുമ്പോൾ മെച്ചമായ ജീവിതം പടുത്തുയർത്താൻ മറക്കരുത്!

By ivayana