ജോയി ജോൺ
പണ്ടേ ഞാൻ പരാജിതനൊര് പര്യായമാണ് ,
ഏത് സദ്യയ്ക്കിരുന്നാലും നടുവ് പൊട്ടിയ
ഇല കിട്ടുന്നവൻ,
ചൂഴ്ന്നിറങ്ങുന്ന പുളിശേരീം സാമ്പാറും
ഉജാല വെളുപ്പിച്ച വേഷ്ടിയിൽ,
മഞ്ഞ ഏഷ്യാഭൂഖണ്ഡം വരയ്ക്കുമ്പോൾ,
നിസ്സഹായനായ് ഇരുന്നു കൊടുക്കുന്നവൻ
എൻ്റെ പപ്പടം മാത്രം പറപറന്ന് അങ്ങേ –
പ്പന്തിയിരിക്കുന്നവൻ്റെ എച്ചി,ലിലയിൽ
കുത്തി നിൽക്കും
ഞാൻ തിന്നുന്ന പഴത്തിൽ മാത്രമുള്ള
വെള്ളപ്പുഴുക്കൾ എന്നെ കണ്ണിറുക്കിക്കാട്ടും!
ചിക്കൻ ബിരിയാണിയിലൂടെ വിരൽ
പരതിയാൽ ഒടിഞ്ഞു തൂങ്ങിയ ഒരു കാല് മാത്രം
കണ്ടെത്തും!
മൂടുകിഴിഞ്ഞ പേപ്പർക്കപ്പിലൂടെ
തിളച്ച വെള്ളത്തിൻ്റെ കുത്തിപാച്ചിലാണ്
മീൻ കൂട്ടാനിലേക്ക്.
രണ്ടിനും ഒരേ നിറമാകയാൽ, ഇരുനൂറിൻ്റെ
നോട്ടിന് പകരം ,രണ്ടായിരം
കവറിൽ തിരുകി സദ്യയുടെ സന്തോഷം
പങ്കു വെക്കും
കൗമാരത്തിൻ്റെ കുളിക്കടവുകളിൽ
മേൽമുണ്ടുടുത്തു കുളിച്ച ഒരു നാരീമണി പോലും
എൻ്റെ കണ്ണിൽ പെട്ടിട്ടില്ല!
ഏത് കുളിമുറികളിൽ കുളിച്ചാലും,
മുഖത്ത് തേച്ച സോപ്പ് കണ്ണ് നീറ്റാനൊരുങ്ങവേ
പൈപ്പിലെ വെള്ളം തീരും!
മത്സ്യത്തൊഴിലാളിയിലൂടെ അയിലത്തലയിൽ
തിരുകി കൊടുത്ത പ്രേമ ലേഖനങ്ങളൊക്കെയും
അവളുടെ അമ്മ കത്തിച്ച് അയിലക്കറി വെക്കും!
എല്ലാം സഹിച്ചു മടുത്തപ്പോളൊര്
പങ്കുവെക്കലിലൂടെ രണ്ടടിക്കാൻ പോയാൽ,
കുപ്പിയുടെ മൂട്ടിലെങ്ങാനും ഒരു മുപ്പത്
കിട്ടിയാലായി!
മനം മടുത്ത് ഞാൻ മരത്തിൽ
കെട്ടിത്തൂങ്ങാനൊന്നും നിൽക്കുന്നുന്നില്ല,
ചത്തില്ലേലത് മറ്റൊരു പരാജയമാവും,
നിയമക്കുരുക്ക് വേറെയും !!