മാഹിൻ കൊച്ചിൻ*
നമ്മുടെ ചെറിയ ജീവിതത്തിൽ നിർബന്ധമായും പരിചയപ്പെട്ടിരിക്കേണ്ട ചില വ്യക്തിത്വങ്ങൾ ഉണ്ട്. നെഗറ്റിവിറ്റിയിൽ നിന്നും പോസറ്റിവ് ചിന്തകളുടെ കൊടുമുടിയിലേക്ക് നമ്മെ കൈ പിടിച്ചു നടത്താൻ ശേഷിയുള്ള, ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ പുഞ്ചിരിയോടെ നേരിട്ട, എന്തിനും ഏതിനും അടിയുറച്ച പരിഹാര ചിന്തകളുള്ള ചില വ്യക്തികൾ.
ആ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന അപൂർവം ചില വ്യക്തികളിൽ ഒരാളാണ് പെരുമ്പാവൂർ കാരനും എന്റെ അനുജനായ നജീബ് സുലൈമാൻ…
തികച്ചും സാധാരണക്കാരായ മാതാപിതാക്കളുടെ മകനായി ജനിച്ച്, യാഥാസ്ഥിതിക കുടുംബത്തിൽ, ഏറെ ബുദ്ദിമുട്ടുകൾ സഹിച്ചു വളർന്ന നജീബ് ജീവിതത്തിൽ ഏറെ കയ്പുനീരുകൾ കുടിച്ചു വളർന്നവനാണ്. അഞ്ചു വയസുവരെ കുറുമ്പ് കാണിച്ചു വീട്ടു മുറ്റത്തു ഓടിപ്പാഞ്ഞു നടന്നിരുന്ന നജീബിന് ഒരു പനി വരികയും തുടർന്നു പെരുമ്പാവൂർ ഭാസ്കരൻ ഡോക്റ്ററുടെ അടുക്കൽ കൊണ്ടുപോവുകയും ചെയ്തതോടു കൂടിയാണ് അവന്റെയും ഞങ്ങളുടെയും ജീവിതം താറുമാറാകുന്നത്. പനിച്ചു വിറച്ചു കിടക്കുന്ന അഞ്ചു വയസുകാരൻ നജീബിന് ഡോക്റ്റർ നൽകിയ ഇഞ്ചക്ഷനും മെഡിസിനുകളും എല്ലാം മാറിയതിനാൽ നട്ടെല്ലിന് താഴേക്ക് അവൻ തളർന്നു പോവുകയായിരുന്നു. അന്നൊക്കെ ജീവിതത്തിനും മരണത്തിനും ഇടയിൽ ജീവച്ഛവമായി കിടന്ന അവസ്ഥയിൽ ആയിരുന്നു അവൻ….
അഞ്ചാം വയസിലാണ് നജീബിന് കനത്ത പനി വന്നത്, രണ്ടാഴ്ച്ചകളോളം ആശുപത്രികളിൽ കിടന്നു. പനി വിട്ട് മാറാതെ കുറേ നാളുകൾ വീണ്ടും ഹോസ്പിറ്റലിൽ തുടരേണ്ടി വന്നു. പിന്നെ തുടർന്നുള്ള ചിക്‌സയിൽ ഡോക്റ്ററുടെ കൈപ്പിഴമൂലം അവൻ തളർന്നു പോയി. രീരം തളർന്നിട്ടും വിധിയോട് പൊരുതി മുന്നേറുകയാണ് സ്വന്തം മകൾക്കു വേണ്ടി നജീബ്. ആത്മവിശ്വാസത്തിന്റെ ഉൾക്കരുത്തിൽ നജീബ് എന്ന ഫീനിക്സ് പക്ഷി പറന്നുയർന്നു. നിറമുള്ള ലോകം അവനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് അവൻ ലോകത്തിനു മുഴുവൻ പ്രചോദനമാകുകയാണ്. ഇന്ന് നജീബ് ദുൽഖർ , സയാൻ എന്ന രണ്ടു മുത്തുമണികളുടെ പിതാവാണ്. വയനാട്ടു കാരിയായ ഭാര്യ അവന്റെ എല്ലാം എല്ലാമായി കൂടെയുള്ളതാണ് അവന്റെ ശക്തി. ഒരു പക്ഷെ നജീബ് ജീവിതത്തിലേക്ക് ഇത്രമേൽ ഊർജസലത്തോടെ തിരിച്ചു വന്നത് അവന്റെ വിവാഹത്തിന് ശേഷമായിരിക്കും എന്ന് പറയുമ്പോൾ അറിയാം അവന്റെ ഭാര്യ അവന് ആരായിരിക്കുമെന്നു. നജീബിന് താങ്ങായും തണലായും അവന്റെ ഭാര്യ ഉണ്ട്.
നാം ആഗ്രഹിക്കുന്ന പലതും ജീവിതത്തിൽ സംഭവിക്കണമെന്നില്ല. എന്നാൽ ആഗ്രഹിക്കാത്ത പലതും ജീവിതത്തിൽ സംഭവിക്കുകയും ചെയ്യും. പക്ഷേ എന്തൊക്കെയാണെങ്കിലും ദൈവം അറിയാതെ ആരുടെയും ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. ഈ തിരിച്ചറിവാണ് അവനെ അനുദിനം നയിക്കുന്നത് എന്ന് എനിക്ക് തോന്നാറുണ്ട്. ഒരു പക്ഷെ അവനെ അവന്റെ എല്ലാ പ്രതികൂലങ്ങളിലും മുന്നോട്ട് നോക്കാൻ പ്രേരിപ്പിക്കുന്നത് ആ ഒരു ഉറച്ച വിശ്വാസമായിരിക്കും. അതുകൊണ്ടാണ് അരയ്ക്ക് കീഴ്‌പോട്ട് ഉള്ളംകാൽ വരെ ചലിപ്പിക്കാൻ കഴിയാതെ കഴിഞ്ഞിട്ടും ഇന്നും അവന് ഒരു കുടുംബത്തെ ഊട്ടാനും ആശ്വസിപ്പിപ്പിക്കാനും ദൈവം അവനെ അനുവദിക്കുന്നതും ഇതാകണം.
മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട കരുത്തും കാവലും മനസ്സാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധികളേയും പതറാത്ത മനസ്സുണ്ടെങ്കില്‍ അതിജയിക്കാൻ ആവുമെന്നതില്‍ തര്‍ക്കമില്ല. ശരീരം ആമൂലാഗ്രം തളര്‍ന്നിട്ടും മനസ്സുകൊണ്ട് ലോകം കീഴടക്കിയ അനേകം മനുഷ്യര്‍ ഇപ്പോഴും പ്രചോദിപിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശരീരം മുഴുവനും നിശ്ചലമായിട്ട് ചലനാന്മകമായ ഒരു വിരള്‍ തുമ്പ് കൊണ്ട് മാത്രം കണ്ടുപിടുത്തങ്ങളുടെ മഹാ പ്രപഞ്ചം കീഴടക്കി സ്റ്റീഫന്‍ ഹോക്കിങ്‌സ് എന്ന ശാസ്ത്രജ്ഞന്റെ വിജയ രഹസ്യം നിശ്ചലമാവാത്ത തലച്ചോറും പരാജയപ്പെടാത്ത മനസ്സുമായിരുന്നു.
എന്തായാലും നിനക്ക് മേലെയുള്ള നീലാകാശം നിറയെ നിനക്ക് നന്മകളും അഭിനന്ദങ്ങളും നേരുന്നു…
നീ എന്നും നീണാൾ വാഴുക…
നീ എന്നും നിറഞ്ഞു വാഴുക…
നീ എന്നും സന്തോഷമായി ഇരിക്കുക…
നീ എന്നും സമാധാനമായി ഇരിക്കുക…
നിനക്ക് സ്വാസ്ഥ്യം നേരുന്നു….
സകല ഭിന്നശേഷിക്കാർക്കും നന്മകൾ…