രേഷ്മ ജഗൻ🌿
അത്രമേൽ ലോലമായ
വാക്കുകൾക്കൊണ്ട് ആർക്കാണ്
നമ്മുടെ ഹൃദയം തൊടാനാവുക?
ഉള്ളുപൊള്ളിക്കുന്ന
നമ്മുടെ വേനലുകളി ലേക്ക്
ആർക്കാണ്
അത്രമേൽ ആർദ്രമായൊന്ന് പെയ്തൊഴിയാനാവുക.
ചില്ലയിൽ നിന്നടരുന്ന ഇലയുടെ നിർവികാരിത പോലെ
ആർക്കാണ് നമ്മിൽ
നിന്നൊന്നടർന്നുമാറാനാവുക..
തനിച്ചാണെന്ന
തിരിച്ചറിവുകളിൽ
പൊള്ളിയടരുമ്പോഴെല്ലാം.
ഒരിക്കലും പെയ്തു
തോരത്തൊരു മഴക്കാലം
കടം തന്നു പോവുന്നരിലേക്ക്
എന്തിനാണ് നാമിങ്ങനെ ചോർന്നൊലിക്കുന്നത്.
അവഗണനയുടെ ഒരോ
മുറിപ്പാടുകൾക്കും മേൽ
വീണ്ടുമെന്തിനാണ് നാം
ഓർമ്മകളുടെ
മുൾക്കാടുപേറുന്നത്.
ഇനിയെങ്കിലും നമുക്കൊന്ന്
പെയ്തൊഴിയാം..
ഒരു ഇലയടരും പോലെ
അത്രമേൽ ശാന്തമായൊരു
മൗനത്തെ പുണർന്ന്
ഈ തീരങ്ങളിൽ തനിച്ചിരിക്കാം..
കനലായി മാറിയ
ഓർമ്മകളോരൊന്നും
ഈ കടലെടുക്കട്ടെ….