റോയ് ആൾട്ടൻ*

വല്ലപ്പോഴും ഒരു ദിവസം അവധി എടുത്തു പിള്ളേര്‍ സ്കൂളില്‍ പോയതിനു ശേഷം പെമ്പളയേം കൊണ്ട് പുറത്ത് കറങ്ങാന്‍ പോകലും പിന്നെ ഒരു സിനിമ കാണലും പുറത്ത് നിന്നും രണ്ടാളും ആഹാരം കഴിക്കലും പിള്ളേര്‍ സ്കൂളില്‍ നിന്നും എത്തുന്നതിനു മുന്നേ ഓടിക്കിതച്ചെത്തി ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ ഇരിക്കുന്നതും ഒരു പതിവാക്കി മാറിയിരിക്കുകയാണ് കുറച്ചു നാളായിട്ട്
അങ്ങനെ കുറച്ചീസം മുന്‍പ് പെമ്പളെയും കൊണ്ട് പുറത്ത് പോയി ആനന്ദ ഭവനില്‍ നിന്നും മസാല ദോശയും കഴിച്ചു അവളുടെ കൈയും മുറുകെ ഇറുക്കി പിടിച്ചു റോഡ്‌ ക്രോസ് ചെയ്തു മുസ്തഫ സെന്‍ററിന്റെ മുന്നില്‍ എത്തി. പെമ്പളയോടുള്ള സ്നേഹവും കരുതലും കൊണ്ടാണ് കൈ പിടിച്ചു റോഡ്‌ ക്രോസ് ചെയ്തത് എന്നുള്ള കുനുഷ്ടു ചിന്ത മനസ്സില്‍ വരുന്ന നിഷ്കളങ്കത അരിച്ചു കലക്കി കുടിച്ച സാദാ വായനക്കാരോടൊന്നു പറയട്ടെ … സ്നേഹവും കരുതലും കൊണ്ടൊന്നും അല്ല .. ആനന്ദ ഭവന്‍റെ അടുത്ത് മലബാര്‍ ഗോള്‍ഡിന്റെ പുതിയ ഷോ റൂമാണ് … ഇനി അവളെങ്ങാനം ഓടി ആ കടയില്‍ കയറിയാല്‍ എന്‍റെ കാര്യം കട്ടപ്പൊക ആകുമല്ലോ എന്നും കീറിയ ട്രൌസറിന്റെ കീറിയ കീശ ഇനിയും കീറണ്ടി വരുമല്ലോ എന്ന് പേടിച്ചാ അവളുടെ കൈയും മുറുകെ ഇറുക്കി പിടിച്ചു റോഡ്‌ ക്രോസ് ചെയ്തത്
അവധി ദിവസം അല്ലാത്തതിനാൽ വലിയ തിരക്കൊന്നും ഇല്ല മുസ്തഫ സെന്ടറിന്റെ മുന്നില്‍ .. ശനിയും ഞായറും അത് വഴി പോകാന്‍ പറ്റൂല്ല .. അഞ്ചാറു തൃശൂര്‍പൂരം ഒരുമിച്ചു നടത്താനുള്ള ആള് കാണും.
മൂന്നാം നമ്പര്‍ ഗേറ്റിലൂടെ കയറാന്‍ തുടങ്ങുമ്പോള്‍ ഒരു ആരോഗ്യവാനായ ചെറുപ്പക്കാരന്‍ നില്‍ക്കുന്നു.. ഇന്ത്യന്‍ ആണ്… മുടി അലസമായി പാറിക്കിടക്കുന്നു … കുളിച്ചിട്ടില്ല നനച്ചിട്ടില്ല ….. ഫുള്‍ കൈ ഷര്‍ട്ട് ലൂസായി ഇട്ടിട്ടുണ്ട് … സാമാന്യം തരക്കേടില്ലാത്ത ചെരുപ്പ് ഇട്ടിട്ടുണ്ട്. ഭിക്ഷ തരണം എന്ന് ആംഗ്യ ഭാഷയില്‍ പറഞ്ഞു.
കുട്ടി മാമ്മാ ഞാന്‍ ഞെട്ടി മാമ്മാ എന്ന് പറഞ്ഞാല്‍ മതിയല്ലോ…. ഇവിടെ ഭിക്ഷ യാചിക്കുന്നവരെ കാണാറില്ല… അംഗ വൈകല്യമുള്ളവര്‍ മെട്രോ (എം ആര്‍ ടി ) സ്റ്റേഷനുകള്‍ക്ക് മുന്നിലോ അല്ലെങ്കില്‍ മാര്‍കെറ്റിനു മുന്നിലോ പോക്കറ്റ്‌ ടിഷ്യുവുമായി നില്‍ക്കും .. മിക്കവാറും ആളുകള്‍ ടിഷ്യു വാങ്ങി ഒന്നോ രണ്ടോ ഡോളര്‍ കൊടുത്തു ടിഷ്യുവും തിരിച്ചു കൊടുത്തിട്ടു പോകും .. വേറെ ചിലര്‍ കൂടുതലും അന്ധന്മാര്‍ പാട്ടുപാടി ഇരിക്കുന്നുണ്ടാകും .. അല്ലാതെ ഭിക്ഷ യാചിച്ചു നടക്കുന്നവരെ കണ്ടിട്ടില്ല … അപ്പോഴാണ്‌ ആരോഗ്യവാനായ ചെറുപ്പക്കാരന്‍ കൈയും നീട്ടി നില്‍ക്കുന്നത്
“എന്താ …” ഞാന്‍ അല്പം ഗൌരവത്തില്‍ ചോദിച്ചു ….
“ഒന്നു മയത്തില്‍ ചോയിക്ക്‌ മനുഷ്യാ … ” പെമ്പള ഇടപെട്ടു
അവന്‍ ഹിന്ദിയില്‍ മറുപടി പറഞ്ഞു … 2 ഡോളര്‍ കൊടുക്കാന്‍
ചില സമയത്ത് അതും അത്യാവശ്യം വരുമ്പോള്‍ എന്‍റെ ഹിന്ദി വര്‍ക്ക് ചെയ്യില്ല … പെമ്പളയാണ് തര്‍ജമ ചെയ്തു തന്നത്
“എന്നാത്തിനാ …….” ഞാന്‍
എന്‍റെ ചോദ്യം തര്‍ജമ ചെയ്തു പെമ്പള അവനോടു ചോദിച്ചു …
ഒന്നും മിണ്ടാതെ അവന്‍ അഴിച്ചിട്ടിരുന്ന ഫുള്‍ കൈ ഷര്‍ട്ട്ടിന്റെ ഇടതു കൈ അല്പം മടക്കി കൈ നീട്ടി കാണിച്ചു …
“എന്തുവാ …..” എനിക്ക് കുരു മാത്രമല്ല വേറെ പലതും പൊട്ടി
ഒന്നും മിണ്ടാതെ അവന്‍ കൈ ഒന്നൂടെ മടക്കി
നോക്കിയപ്പോള്‍ ഇരുപത്തി അഞ്ചു പൈസാ വട്ടത്തില്‍ പൊള്ളിയ പാട് …. അത് കൃത്രിമമം ആണെന്ന് ഏതു കൊച്ചു കുഞ്ഞിനും മന്‍സ്സില്‍ ആകും
പെമ്പള അവനോടു വിശദമായി ചോദിച്ചപ്പോള്‍ അവന്റെ ഉത്തരം … ജോലി ചെയ്യാന്‍ വയ്യ …
വേറെ അസുഖം വല്ലതും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ …. ഇല്ല … ഇതേയുള്ളൂ
അവള്‍ എല്ലാം തര്‍ജമ ചെയ്തു എനിക്ക് തന്നു ….
ഞാന്‍ അവളോട് പറഞ്ഞു ” അവനോടു അഞ്ചു ഡോളര്‍ എനിക്ക് തരാന്‍ …..പറ “
“എന്നാത്തിനാ മനുഷ്യാ …. വിവരക്കേട് പറയുന്നോ …..”
“നീ പൈസ ചോദിക്കുന്നോ അതോ ഞാന്‍ ഷര്‍ട്ട് പൊക്കണോ “
“ങേ …”
“ഇല്ലേല്‍ ഞാന്‍ ഇപ്പോള്‍ ഷര്‍ട്ട്‌ പൊക്കി അവനെ കാണിക്കും … അവന്‍ അഞ്ചല്ല പത്ത് ഡോളര്‍ തരും “
“എന്നതാ മനുഷ്യാ ഈ പറയുന്നത് ?”
“എടിയെ കഴിഞ്ഞ ഞായറാഴ്ച ഞാന്‍ മട്ടങ്കറി വച്ചതോര്‍മയുണ്ടോ …” ഞാന്‍ അവളോട്‌ ചോദിച്ചു
“ഉണ്ട് … അയിന് ..നല്ല ടേസ്റ്റ് ആയിരുന്നല്ലോ …. അതിപ്പോ ഇവിടെ പറയാന്‍ കാരണം “
“അന്ന് ആവേശം മൂത്ത് ചാരി നിന്ന് ഇളക്കി ചൂടായ പാത്രം എന്‍റെ വയറില്‍ തട്ടി നല്ല നീളത്തില്‍ പൊള്ളിയത്‌ ഓര്‍മ്മയുണ്ടോ “
“ഒണ്ടോന്നോ … എന്നാ കീറലാ നിങ്ങള് കീറിയത് …. പിള്ളാരെക്കാലും കഷ്ടമായിരുന്നു … മരുന്ന് ഞാന്‍ അല്ലെ പൊരട്ടി തന്നത് “
“ആ പൊള്ളല്‍ ആണോ വലുത് ഈ പൊള്ളല്‍ ആണോ വലുത് … ?”
വായും പൊളിച്ചു നിന്ന പെമ്പള തിരിഞ്ഞു നോക്കിയപ്പോള്‍ ലവനെ കാണാനില്ല ….
“ഇതിയാനെക്കാളും വലിയ ഉടായിപ്പോ …. അവള്‍ പിറുപിറുത്തുകൊണ്ട് മുസ്തഫ സെന്‍ററിലേക്ക് കയറി പോ!

By ivayana