സുഭാഷ് എം കുഞ്ഞുകുഞ്ഞ് (കുവ)*
കിഴക്കേലെ മൂവാണ്ടന്റെ ചില്ലയിൽ
തട്ടിയൊരു വെയിൽക്കഷ്ണം
ഇലകളുടെ നിഴലിനെ
മായ്ക്കാൻ കളിക്കുന്നു..
തേയ്ക്കാത്ത ഇറയത്തെ
കൂട്ടങ്ങളിൽ നിന്ന് കണക്കുകൾ
വെയിലൊപ്പം ചൂട് പിടിക്കുന്നു.
കതകും കടന്നെത്തുന്ന
അളവുതൂക്ക ചർച്ചകളിൽ
താലി സ്വപ്നം കാണുന്നൊരു
മനം സ്വപന്ങ്ങളെ കണ്ണീർ
തളിച്ച് കഴുകിക്കളയുന്നു..
ചന്തനിലവാരത്തിലേക്കുയരുന്ന
വാക്കുകളിൽ തട്ടി
മെല്ലിച്ചയൊരു പ്രാരാബ്ധം
തലയിൽ പെരുത്ത
കണക്കിൽ നിശബ്‌ദമായ്
പണിതീരാത്ത വീട്ടിലെ
തുരുമ്പിച്ച തകരപ്പെട്ടിയിലെ
ആധാരത്തിലേക്ക് മനസ്സ്
കൂർപ്പിക്കുന്നു…
ഒഴിഞ്ഞചായക്കപ്പുമായി
ഒച്ചകളെ വകഞ്ഞ്
നിറംപോയ സാരി
മുഷിഞ്ഞ മഞ്ഞച്ചരടിലെ
ആലിലയിലേക്ക് ആധിയുടെ
നിശ്വാസം കൊഴിച്ചിടുന്നു
തുലാഭാരങ്ങളിൽ
വിശ്വസിക്കാത്ത കരളുറപ്പുള്ളൊരു
മനസ്സെത്തുമെന്നൊരുവൾ
കാത്തിരുപ്പിന്റെ
പുതിയ സ്വപ്നങ്ങൾ നെയ്യുന്നു..