ദിൻഷ എസ്*
മകനേ നിന്റെ കണ്ണിലാണെന്റെ
കണ്ണെന്ന് നീ അറിയുക
കഴുകരാണെങ്ങും
ചെറുക്കുവാൻ നിൽക്ക വേണ്ട
കാലം കനിയാത്ത അറിവായ് വളരുക
കാലവർഷത്തെ പുഴപോൽ
ഒഴുകി പരക്കുക
എരിയുന്ന ചിന്തയിൽ മുറുകുന്ന
വേദനകൾ മറക്കുക
രാത്രിയുടെ തിരികെടുന്നേരം
പകലായ് പുനർജനിക്കുക
ഓരോ കിനാവിലും
നീ നിന്നോർമ്മ പുതുക്കുക
നിനക്ക് നീ മാത്രമെന്നോർക്കുക
വഴി പിഴച്ചൊഴുകുന്ന വിപ്ലവമില്ലാ ചിന്തകളെങ്ങുമെന്നോർക്കുക
കറകളഞ്ഞ ചിന്തകൾ
വിലയില്ലാ കാലമെന്നറിയുക.
വളർത്തുക വളർത്തുക
നിന്നുണർവിനെ വളർത്തുക
ഇനി ഈ രാവും
ഈ നേർത്ത ശബ്ദവും
ഒരു വേനലും മാത്രമെന്നറിയുക
കൊത്തിവച്ചീടുവാൻ
ആദർശം വിൽക്കാത്തൊരീ
അച്ഛന്റെ വാക്കുകൾ.