രചന : സുമോദ് പരുമല*

പിന്നീടവൻ
കരിമേഘങ്ങളെയഴിച്ചുവിട്ടു .
മഴ ഭൂമിയെ സ്നാനപ്പെടുത്തിക്കൊണ്ടേയിരുന്നു .
മഴ .. പ്രളയമായി
മഴ … ഉരുൾപ്പൊട്ടലായി .
മഴ കടലായി .
മഴ … എന്തെല്ലാമോ ആയി .
മഴയിൽ … മനുഷ്യൻ ഒഴുകിനടന്നു .
മഴവെള്ളത്തിൽ
മരങ്ങൾ ചത്തുമലച്ചു .
മഴവെള്ളത്തിൽ
മൃഗങ്ങൾ
ചീഞ്ഞലിഞ്ഞു .
അനന്തരമവൻ
വെയിലുകളഴിച്ചുവിട്ടു .
വെയിലുകൾ ,
വേരുകളെത്തിന്ന്
പഴുത്തുകിടന്നു .
ഉഷസ്സായി ,
സന്ധ്യയായി ..
കുലാസ്തമയം .
ആഗോളതാപനത്തെപ്പറ്റി
പഠനം നടത്തുന്നവൻ
ആധുനികകവിതയെഴുതി നിർത്തി .
അയാൾ മഷിയsച്ച്
കണ്ണടയൂരി
കണ്ണുകളടച്ച് കൺപോളകൾതഴുകി
കുനിഞ്ഞിരുന്നപ്പോഴാണ്
മുതുകിൽ കൊച്ചുമകൾ വിരല്തോണ്ടിവിളിച്ചത് .
അയാളെഴുന്നേറ്റ് പോയി
എയർബാഗ് തുറന്നു .
മഞ്ചുംകൊഞ്ചും
പേരറിയാപ്പലഹാരങ്ങളും
അസംഖ്യം കളിപ്പാട്ടങ്ങളും
ഉതിർന്നുവീണുരുണ്ടു .
അപ്പോൾ ,
അയാളുടെ മറുപാതി
കൂറ്റൻ ചൂലുകൊണ്ട്
പാറ്റകളെയും പല്ലികളെയും
വേട്ടയാടുകയായിരുന്നു .
ചത്തുമലച്ചവയെ
പ്ലാസ്റ്റിക് കോരിയിലാക്കി
തുറന്ന വാതിലിലൂടെ
പുറത്ത് കടന്നവൾ
നീട്ടിയെറിഞ്ഞു .
തിരികെയെത്തി ,
അലമാരയിൽ നിന്ന്
ഉറുമ്പുപൊടിയെടുത്ത്
നാലുപാടും തൂവി .
നിലത്തുപരന്ന ഉറുമ്പുപൊടി ചൂണ്ടുവിരലിൽത്തേച്ച്
കൊച്ചുമകൾ നാവിലേയ്ക്ക് നീട്ടി .
പാഞ്ഞുവന്ന മറുപാതിയവളെ വലിച്ചെടുത്ത്
കുളിമുറിയിലേക്ക് കടന്നുപോയി .
ആഗോളതപനത്തെപ്പറ്റി
ഗവേഷണം നടത്തുന്നവൻ
ശീതീകരിച്ച കിടപ്പുമുറിയിൽ
നീണ്ടുനിവർന്ന് കിടന്നു .
മറുപാതിയോടയാൾ
ഓഹരിവിപണിയിൽ
ഊറിക്കൂടിയ കനത്തലാഭത്തെക്കുറിച്ച് പറഞ്ഞു .
മലമടക്കിൽ വാങ്ങിയതോട്ടത്തെപ്പറ്റിയും
കാടുവെട്ടിത്തെളിച്ച്
കെട്ടിപ്പൊക്കേണ്ട
റിസോർട്ടിനെപ്പറ്റിയും സംസാരിച്ചു .
ബാങ്ക് ലോണുകളുടെ കാലതാമസത്തെപ്പറ്റി വേവലാതിപ്പെട്ടു.
പോർച്ച്
നിറഞ്ഞുകിടക്കുന്ന
പഴയ കാറിൻ്റെ ഗരിമയെപ്പറ്റിയും
ബുക്കുചെയ്ത്
കാത്തിരിയ്ക്കുന്ന
അത്യാഢoബരയാനത്തെപ്പറ്റിയും
ആവേശം പൂണ്ടു .
അന്തരമയാളെണീറ്റ്
സ്ഫടിക ചഷകത്തിലേയ്ക്ക്
ഒരു ഡബിൾലാർജ് പകർന്നു .
ലഹരിനുണഞ്ഞിരുന്ന്
മറുപാതിയോടൊരു
“Strip tease ” ആവശ്യപ്പെട്ടു .
ആഗോളതാപനത്തെപ്പറ്റി
ഗവേഷണം നടത്തുന്നയാൾ
സ്വന്തം കുപ്പായക്കുടുക്കുകൾ
നുള്ളിയഴിച്ചുകൊണ്ടിരുന്നു .
ഉഷസ്സായില്ല .

സുമോദ് പരുമല

By ivayana