കവിത : സതി സുധാകരൻ പൊന്നുരുന്നി.*

കാശിത്തുമ്പകൾ മിഴികൾ തുറന്നു
ചിങ്ങപ്പുലരിയെ വരവേൽക്കാനായ്
ഓരോ ദിനവും ആഘോഷത്താൽ
പൊന്നിൻ ചിങ്ങം പൂവിളിയോടെ
കന്നിക്കൊയ്ത്തതു തീരും മുമ്പേ
തുലാവർഷ പെരുമ്പറ മുഴങ്ങി !
കരിമേഘങ്ങൾ ആർത്തു ചിരിച്ചു
തുള്ളിയ്ക്കൊരു കുടം നീളെ ചരിഞ്ഞു
ഭൂമിയിലേയ്ക്കവൾ പെയ്തു തിമിർത്തു .
തോടും , കുളമതു കാട്ടാറൊന്നായ് !
നെൽ വയലെല്ലാം പുഴയതുപോലെ
കതിരുകളെല്ലാം കാണാമറയേ …!
പള്ളവിശന്നു കൂകിവിളിയ്ക്കാൻ
പത്തായത്തിനു ശ്വാസമതില്ല !
ജലസംഭരി തികട്ടിയതെല്ലാം
അലകടലായിട്ടൊഴുകി നടന്നു !
കൂരകളെല്ലാം പൊങ്ങിൻതടി പോൽ
വെള്ളപ്പാച്ചിലിൽ നിരയായൊഴുകി !
പൊത്തിലൊളിച്ചൊരു നാഗത്താന്മാർ
മരച്ചില്ലത്തുമ്പതിൽ കയറിപ്പറ്റി
നെഞ്ചു വിരിച്ചു നടന്നവരെല്ലാം
അഗതികളേ പോൽ കുത്തിയിരുന്നു
കാടും,മലയും ഇടിച്ചു നിരത്തി
സ്വർല്ലോകങ്ങൾ തീർത്തു രമിച്ചു
പ്രകൃതിയ്ക്കതു കണ്ടരിശം പൂണ്ടു
പെരുമഴയായവൾ പെയ്തു തുടങ്ങി !
ഇരിയ്ക്കും കൊമ്പതു കണ്ടിയ്ക്കുമ്പോൾ
ചിന്തിയ്ക്കേണം തെല്ലതുനേരം !

സതി സുധാകരൻ

By ivayana