കഥ : ഓ കെ ഷൈലജ ടീച്ചർ*
ആദ്യദർശനത്തിൽ തന്നെ നിന്നോട് എന്തോ ഒരു അടുപ്പം തോന്നിയിരുന്നു.
എന്തായിരുന്നു അതിനു കാരണം?
അറിയില്ല…
ഏതോ പൂർവ്വജന്മബന്ധമാണോ?
പിന്നീട് എന്നും നിന്നെ കാണണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.
നീ അറിയാതെ… ഞാൻ എന്നും നിന്നെ കാണാനായി വഴിയരികിൽ നിൽകുമായിരുന്നു.
തലയുയർത്തിപിടിച്ചു ആരെയും കൂസാതെ നീ അതിവേഗം നടന്നു പോകുമ്പോഴും നിന്റെ ശാലീന വദനം പനിനീർപ്പൂവ് പോലെ തുടുത്തിരുന്നു. പൂർണ്ണേന്ദു പോൽ തിളങ്ങുന്ന ആ മുഖത്തെ വശ്യമായ പുഞ്ചിരി, ആ നടത്തം, വാർകൂന്തൽ…. എല്ലാം തന്നെ ആകർഷണീയാമായിരുന്നു.
ആരോടും പറയാതെ മൗനമായി ഞാനെന്റെ മനസ്സിൻ ചെപ്പിനുള്ളിൽ വെച്ചു എന്നും താലോലിച്ചു കൊണ്ടിരുന്നു നിന്നോടുള്ള എന്റെ പ്രണയം..
ഒരിയ്ക്കലെങ്കിലും നിന്റെ മുൻപിൽ വന്നു നിന്ന് നിന്റെ നീല മിഴികളിൽ നോക്കി “വരുന്നോ എന്റെ കൂടെ?”
“എന്റെ കൊട്ടാരത്തിലെ രാജകുമാരിയായി “എന്ന് ചോദിക്കാൻ ഏറെ കൊതിച്ചെങ്കിലും പറയാനായില്ല.
ഓരോ ദിവസവും നിന്നെ കാണാനുള്ള വെമ്പലോടെ വന്നു നില്കും. നീ എന്റെ കണ്മുന്നിൽ നിന്ന് മറയുവോളം നിന്നെ തന്നെ നോക്കിനിൽക്കും. വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയത് പോലെ, തുറന്നു പറയാനാവാതെ..
ഒരിയ്ക്കലെങ്കിലും നിന്റെ മിഴികൾ എന്നിൽ പതിഞ്ഞിരുന്നുവെങ്കിൽ എന്ന് ആശിച്ചു കൊണ്ട് നീയറിയാത്ത എന്റെ പ്രണയപാത്രം നിന്റെ മുൻപിൽ തുറക്കാൻ കഴിയുന്ന നിമിഷങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിന്നിലേക്കെത്താൻ കൊതിക്കുന്ന മനസ്സുമായി ദിനരാത്രങ്ങൾ തള്ളിനീക്കുമ്പോഴാണ് എന്നും കാണാറുള്ള വഴിയിൽ നിന്നെ കാണാതാവുന്നത്..
“എന്തു പറ്റി?”
നിന്നെയും കാത്തു കുറേ നേരം നിന്നിട്ട് വളരെ പ്രയാസത്തോടെ ഞാൻ വീട്ടിലേക്കു തന്നെ തിരിച്ചു നടക്കും..
“ആരോടാണ് ചോദിക്കുക?”
അവളുടെ പേരെന്താണ്, എവിടെയാണ് എന്നൊന്നും അറിയില്ല… പിന്നെ എന്താണ് ഒരു വഴി?
എന്തോ ഒരു വല്ലായ്ക തോന്നി അടുത്തുള്ള ചായക്കടയിൽ കയറി ഒരു ചായ കുടിക്കാം എന്ന് കരുതി. അവിടെ ഇരുന്നു ചായ കുടിക്കുന്നതിനിടയിൽ അവിടെ ഇരുന്നവരുടെ സംസാരം കേട്ട് ഞാൻ ഞെട്ടിപ്പോയി!!
“എന്ത്!!”
അവൾ ഈ ഭൂമി വിട്ടു, എന്നെ വിട്ടു പോയെന്നോ? “
“ഇല്ല… എനിക്കിതു വിശ്വസിക്കാൻ പറ്റുന്നില്ല!!”
ഒടുവിൽ ധൈര്യം സംഭരിച്ചു കടഉടമയോട് ചോദിച്ചു.
“എന്താണ് സംഭവിച്ചത്?”
അവളുടെ വീട് എവിടെയാ? “
‘ദാ… ആ വയലിന്റെ തൊട്ട് അപ്പുറത്താണ്. കുമാരന്റെ മോളാണ്, പാമ്പ് കടിയേറ്റതാ “
“രാത്രി ഫോൺ ചെയ്യാൻ മുറ്റത്തിറങ്ങിയതാണ്, പാമ്പ് കടിച്ചതാണെന്നറിയാതെ ഉറങ്ങി. എന്തോ കമ്പു കൊണ്ടു കോറിയതാണെന്നു കരുതി. നേരം വെളുത്തിട്ട് എഴുന്നേൽക്കാതെ വന്നപ്പോൾ നോക്കിയതാ “
ആകെ നിലിച്ചു കിടക്കുന്നു. എന്തുചെയ്യാം, നല്ല തങ്കക്കുടം പോലുള്ള മോളാ… പെട്ടന്ന് പോയി “
പിന്നീട് അവർ പറയുന്നതൊന്നും കേൾക്കാൻ ശക്തി ഉണ്ടായിരുന്നില്ല. കണ്ണിൽ ഇരുട്ട് കയറുന്നു, തല കറങ്ങുന്നു..
എന്നിൽ ആശയുടെ തിരിനാളം ജ്വലിപ്പിച്ചു നീ മാഞ്ഞു പോയല്ലോ.. ഒന്നുമൊന്നും ഉരിയാടാതെ…