കവിത : മായ അനൂപ്*

അന്നൊരു രാവതിൽ പൂനിലാപ്രഭയതിൽ
നിദ്ര വന്നവനെ തഴുകിയപ്പോൾ
പുലരാനായ് ഏഴര രാവുള്ള നേരത്താ
പൂങ്കുയിൽ പണ്ടൊരു കനവ് കണ്ടു
കനവിലന്നവൻ കണ്ട സ്വർണ്ണപ്രഭയതിൽ
കാണായി വന്നൊരു പാരിജാതം
സ്വർല്ലോകനദിയായ ഗംഗയിലൂടന്ന്‌
ഒഴുകി വന്നീടുന്നാ ദേവപുഷ്പം
ആ ദിവ്യപുഷ്പത്തിൻ പ്രഭയന്നാ നദിയിലെ
ഓളങ്ങളെ വെള്ളി പൂശിടുമ്പോൾ
അവനറിയാതങ്ങുണർന്നു പോയെങ്കിലും
ആ ദൃശ്യം മാഞ്ഞില്ല ഹൃത്തിൽ നിന്നും
അന്ന് മുതൽക്കവൻ മോഹിച്ചു പോയിയാ
പാരിജാതത്തിനെ സ്വന്തമാക്കാൻ
ആ മോഹം സാക്ഷാത്ക്കരിക്കുവാനായവൻ
യുഗങ്ങളോളം അന്ന് തപസ്സ് ചെയ്തു
വേനലറിയാതെ വർഷമറിയാതെ
കലി തുള്ളും സാഗര തിരകളറിയാതെ
പുഞ്ചിരി തൂകുന്ന പുലരികളറിയാതെ
തപസ്സ് ചെയ്തവനന്ന് ഏകനായി
പകലിരവോളമന്നവൻ തന്റെയുള്ളിലാ
സ്വർഗ്ഗീയ പുഷ്പം നിറഞ്ഞു നിന്നു
രാപ്പാടി വന്നിട്ടാ കാതിലായ്‌ മന്ത്രിച്ചു
കിട്ടില്ല കിട്ടില്ലൊരു നാളിലും
അരികിലെ നദിയിലെ ഓളങ്ങൾ കളിയാക്കി
കിട്ടില്ല കിട്ടില്ലൊരു നാളിലും
തഴുകി തലോടിയ കാറ്റും പറഞ്ഞന്ന്
കിട്ടില്ല വ്യാമോഹിച്ചീടേണ്ടെന്ന്
അവനെന്നാൽ നിശ്ചയിച്ചവസാനശ്വാസം
വരേയ്ക്കുമവൻ തപം ചെയ്യുമെന്ന്
മേഘങ്ങൾ അവനായി കണ്ണുനീർ വാർത്തു
ആ താരകൾ മിഴി ചിമ്മി നോക്കി നിന്നു
അങ്ങനെയങ്ങനെ അന്നൊരു രാവതിൽ
മഴയൊന്ന് വന്നവനെ തൊട്ടുണർത്തി
അവൻ മെല്ലെ കണ്ണ് തുറന്നപ്പോൾ
കണ്ടൊരു വെള്ളിവെളിച്ചത്തിൻ പ്രഭാപൂരം
മിന്നാമിനുങ്ങുകൾ തോരണങ്ങൾ ചാർത്തി
താരകൾ പുഷ്പങ്ങൾ വാരിച്ചൊരിഞ്ഞു
അവനരികിൽ വന്നാ പാരിജാതം ചൊല്ലി
ഞാനിതാ വന്നു നിന്നരികിലായി
ശോഷിച്ച വിരലുകളാലന്നവൻ മെല്ലെ
മൃദുവായി സ്പർശിച്ചാ പൂവിതളിൽ
അങ്ങനെയങ്ങനെ അവനുമവളുമാ
വെള്ളി വെളിച്ചത്തിലലിഞ്ഞു ചേർന്നു.

മായ അനൂപ്

By ivayana