ആനന്ദ്‌ അമരത്വ**

ഒരു കുപ്പി കഷായമെന്ന്
വൈദ്യൻ വിധിച്ചു
രണ്ട്‌ സ്ട്രിപ്‌ കഷായം ടാബ്ലറ്റെന്ന്
മരുന്നു കടക്കാരൻ വിധിച്ചു.
കയ്പ്പ്‌ അറിയുകയേ വേണ്ട
കുലുക്കേണ്ട പതുങ്ങേണ്ട
കയ്പ്പെന്ന് മുഖം കോട്ടേണ്ട
ഏതു തിരക്കിലും
എടുക്കുക വിഴുങ്ങുക
ഒരു കവിൾ വെള്ളം കുടിക്കുക.
മെനക്കേടും സമയവും
ഏറെ ബാക്കിയുണ്ട്‌.
വിഴുങ്ങീട്ടും വിഴുങ്ങീട്ടും
രോഗം മാത്രം ബാക്കിയുണ്ട്‌.
അടുപ്പത്ത്‌ കവിതയുണ്ട്‌
വെന്ത്‌ കുറുകി വാങ്ങി വച്ച്‌
തണുക്കുമ്പോൾ നാലു വരിയിൽ
ഉരുട്ടി വക്കണം
കാച്ചിക്കുറുക്കിയ കവിതയെന്ന
തലക്കെട്ടോടിറക്കണം.
തിരക്കെത്ര കൂടിയാലും
വിഴുങ്ങാനിതെന്തെളുപ്പം.

ആനന്ദ്‌ അമരത്വ

By ivayana