പള്ളിയിൽ മണികണ്ഠൻ*
ശിലപോലെയുള്ളൊരെൻ ഹൃദയത്തിൽനിന്നിത്ര
മൃദുവായ നീർക്കണമിറ്റുവീഴാൻ
എന്തായിരിക്കണം,അത്രമേലെൻമനം
ചഞ്ചലമാകാൻ കുതിർന്നുപോകാൻ.
മിഴികൂമ്പിനിൽക്കുന്ന ചെമ്പനീർചുണ്ടത്ത്
ഹിമകാമദേവന്റെ സ്പർശമേൽക്കേ
തരളയാമവളുടെ വിറപൂണ്ട ചുണ്ടിണ
വീണ്ടും തുടുത്തതിനാലെയാകാം.
ഉലയുന്ന പാവാട കൂട്ടിപ്പിടിച്ചുകാ-
റ്റൊരുകന്യപോലെവന്നുമ്മവയ്ക്കേ
കിലുകിലെ പൊട്ടിച്ചിരിച്ചുകൊണ്ടാൽമര-
ച്ചില്ലയുലയവേയായിരിക്കാം.
ആകാശനീലിമച്ചേലിൽതെളിഞ്ഞുവ-
ന്നൂഴിയെ ശശിലേഖ നോക്കിനിൽക്കേ
പൊൻമിഴിക്കോണമ്പുകൊണ്ടൊരാമ്പൽപൂവിനുള്ളം തുടിയ്ക്കവേയായിരിക്കാം.
വഴിയിൽ തനിച്ചാക്കിയകലുന്നൊരരുണനെ
കരയുന്ന മനസ്സുമായ് നോക്കിനിൽക്കും
ഒരുസൂര്യകാന്തിതന്നുള്ളിൽനിന്നുതിരുന്ന
തപ്‌തനിശ്വാസമേറ്റായിരിക്കാം.
മഴമേഘമൊരുകാറ്റിലകലേക്ക് മറയവേ
വേനൽക്കരുത്തേറ്റ ചെമ്പകത്തിൻ
പിടയുന്ന വേരിലെ മോഹങ്ങളൊക്കെയും
കരിയുന്ന കാഴ്ചകണ്ടായിരിക്കാം.