മോഹൻദാസ് എവർഷൈൻ*

രാവിലെയുള്ള നടത്തം കഴിയുന്നതും മുടങ്ങാതിരിക്കുവാൻ ഉണ്ണിത്താനെന്നും ശ്രദ്ധിച്ചിരുന്നു.
അത് വാഹനങ്ങളുടെ പുകയും വലിച്ചു കയറ്റികൊണ്ട് റോഡിലൂടെയുള്ള റിസ്ക് പിടിച്ച നടത്തമൊന്നുമല്ല,
ഈ നാട്ടിൻപ്പുറത്തിപ്പോഴും ബാക്കിനില്ക്കുന്ന വയൽ വരമ്പിലൂടെയുള്ള പ്രഭാതസവാരിയുടെ സുഖം ഒന്ന് വേറെയാ.
പട്ടാളത്തിൽ നിന്നും പെൻഷൻ പറ്റിയ മാധവനും എന്നും മുടങ്ങാതെ ഉണ്ണിത്താന് കൂട്ടിനുണ്ടാകും.
“ഉണ്ണിത്താനെ എന്താ നിങ്ങളും വാക്കും, പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തവുമില്ലാത്ത സ്വഭാവം എന്നാ തുടങ്ങിയത്?”.
മാധവന്റെ ചോദ്യം കേട്ട് ഉണ്ണിത്താൻ ഒന്നും പിടികിട്ടാതെ അയാളെ ഒന്ന് നോക്കി.
“താനെന്താ ഉദേശിച്ചത്‌? എനിക്കൊന്നും മനസ്സിലായില്ല?”.
“നിങ്ങളല്ലേ എപ്പോഴും ഈ സ്ത്രീധനം കൊടുക്കരുത്, കൊടുക്കുന്നവരെ ഒറ്റപ്പെടുത്തണം എന്നൊക്കെ തട്ടിവിടുന്നത്, എന്നിട്ട് നിങ്ങളുടെ മോൾക്ക്‌ വാരിക്കോരിയാണല്ലോ കൊടുത്തത് “.
“അതാണോ കാര്യം, എന്റെ മാധവ അത് സ്ത്രീധനം അല്ലെന്നേ, ഇതൊരു മത്സരം മാത്രം.അപ്പുറത്തെ രാഘവൻ മോൾക്ക്‌ നൂറ്റൊന്ന് പവൻ ഇട്ടു, ഞാൻ എന്റെ മോൾക്ക്‌ നൂറ്റി അമ്പത്തിഒന്നിട്ട് കൊടുത്തു. അവൻ ഇന്നോവ കാർ വാങ്ങികൊടുത്തു, ഞാൻ ഒരു ബി എം ഡബ്ലിയു, വാങ്ങി കൊടുത്തു, അങ്ങനെ എല്ലാം അവൻ കൊടുത്തതിൽ നിന്നും കൂടുതൽ കൊടുത്തു. നമുക്ക് അവന്റെ മുന്നിൽ തോല്ക്കാൻ പറ്റുമോ?. അതാ ഞാൻ പറഞ്ഞത് വെറുമൊരു മത്സരമാണെന്ന്, സ്ത്രീധനത്തിന് ഞാൻ ഇപ്പോഴും എതിരാണ് മാധവാ “.
ഉണ്ണിത്താന്റെ മറുപടി കേട്ട് മാധവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“നടക്കാതെ തന്നെ നന്നായി വിയർത്തു, ഉണ്ണിത്താനെ ഇനി തിരികെ പോകാം”.

By ivayana