സുദർശൻ കാർത്തികപ്പറമ്പിൽ*

കണ്ണന്റെ പ്രിയ തോഴി രാധേ,നിനക്കു ഞാൻ;
വിണ്ണോളമേകുന്നു സ്നേഹം
കാമമല്ല,പ്രേമ ഭാവനയോലുന്നൊ-
രോമൽ സ്മരണതൻ പിന്നിൽ
മുൻ ജൻമ ബന്ധങ്ങൾ കൊണ്ടുയിർ പൂകിയോ –
രുൺമയാണായതിൻ പിന്നിൽ!
ഇപ്രപഞ്ചത്തിൻ പ്രണവസ്വരൂപമാ –
യുൾപ്രഭ തൂകി നിന്നുള്ളിൽ,
നൃത്തമാടി,യന്നനന്തമായങ്ങനെ;
അദ്വൈതമൂർത്തിയാം കൃഷ്ണൻ!
ആത്മാവുമാത്മാവുമായുള്ളൊരാ,ബന്ധ-
മാർക്കേ,മറന്നിടാനാവൂ!
കണ്ടവർ കണ്ടവരൊക്കെപ്പഴിച്ചാലു-
മുണ്ടാകയില്ലൊട്ടു ദു:ഖം!
അത്രയുണ്ട,പ്രേമ സാഗരത്തിന്നാഴ –
മത്രമാത്രം നാമറിവൂ
കണ്ണനൊരു വെറുമിടയബാലൻ,ശ്യാമ –
വർണ്ണൻ,ഗോപീജന പ്രേമലോലൻ
എല്ലാ മിഴികളു,മാമുഖപത്മത്തി –
ലല്ലോ,പതിക്കുന്നിതെങ്കിലും ഹാ!
ആവുമോ,രാധയ്ക്കു കൃഷ്ണനില്ലാത്തൊരു,
ജീവിതമൊട്ടു നിനയ്ക്കാൻ!
ആവുമോ,കൃഷ്ണനക്കൈകളിലേകിയോ-
രാവനവേണു മറക്കാൻ!
വാഴ് വിൻ മഹാകാശ സീമകൾക്കപ്പുറം,
മേവുകയല്ലോ,മുകുന്ദൻ!
ആ മിഴിക്കോണിൽ നിന്നൂർന്നെത്തിയ ജീവ-
കോടിയല്ലിക്കാണ്മതെല്ലാം!
ഒരു ഞെട്ടിലെ രണ്ടു പൂക്കൾ പോലെൻ മുന്നി-
ലിരു മെയ്യുമൊന്നായി നിൽക്കയല്ലീ!
അരിയൊരുഷസ്സന്ധ്യപോൽ ഞാനുണർന്നെത്തിയ –
ച്ചരിതങ്ങളൊന്നായുതിർക്കയല്ലീ!
യുഗപരിണാമങ്ങളെത്ര പിന്നിട്ടാലു-
മഗണിത ഭാവമാർന്നേവം;
നിഗമാഗമസാരമായ,പ്രണയാർദ്ര-
സാഗരമാർത്തലച്ചുയരും!
കണ്ണന്റെ പ്രിയതോഴി രാധേ,നിനക്കു ഞാൻ;
വിണ്ണോളമേകുന്നു സ്നേഹം
കണ്ണിമചിമ്മാതെ കാത്തിരിപ്പൂ,നിത്യം;
കണ്ണന്റെ ലീലകൾ പാടി.

By ivayana